Breaking

Saturday, May 18, 2019

അക്കൗണ്ട് തുറന്നില്ലെങ്കിൽ ബി.ജെ.പി.യിൽ പൊട്ടിത്തെറി...?

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ ബി.ജെ.പി.യിൽ പൊട്ടിത്തെറിക്കുള്ള സാധ്യതയേറി. പാർട്ടിയിൽ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഒരു സീറ്റെങ്കിലും കിട്ടിയാൽ വലിയ നേട്ടമെന്ന നിലയിൽ മറ്റുകാര്യങ്ങൾ അതിൽ മുങ്ങിപ്പോകും. അതുണ്ടായില്ലെങ്കിൽ ഇപ്പോൾ ഉരുണ്ടുകൂടിയിട്ടുള്ള എതിർപ്പുകൾ പലരൂപത്തിൽ പുറത്തുവരും. തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൂടി വരാനിരിക്കേ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാൻ പാർട്ടിനേതൃത്വത്തിന് വിഷമിക്കേണ്ടിവരും. പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാർഥികളടക്കം അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള മുറുമുറുപ്പ് പല മണ്ഡലങ്ങളിലും ശക്തമാണ്. ആർ.എസ്.എസ്. നിയോഗിച്ചവരുടെ പ്രവർത്തനത്തിലും നേതാക്കൾക്കിടയിൽ എതിരഭിപ്രായമുണ്ട്. സംഘടനാ സെക്രട്ടറിയെയും സഹസംഘടനാ സെക്രട്ടറിയെയും മാറ്റണമെന്ന ആവശ്യംതന്നെ കേന്ദ്ര നേതൃത്വത്തിനുമുന്നിൽ എത്തിയേക്കും. അക്കൗണ്ട് തുറന്നില്ലെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവാൻ പോകുന്നത് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കായിരിക്കും. ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ കുറ്റാരോപണങ്ങളിലും ഗ്രൂപ്പ് ആക്രമണത്തിലും പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനാവുമോ എന്ന് കണ്ടറിയേണ്ടിവരും. തിരഞ്ഞെടുപ്പുഫണ്ട് കൂടുതൽവന്ന ചില മണ്ഡലങ്ങളിൽ അതിന്റെ വിനിയോഗത്തിലും തർക്കങ്ങളുണ്ട്. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളിൽ മതിയായ പണം ലഭിച്ചില്ലെന്നതാണ് പരാതി. എ ഗ്രേഡ് അല്ലാത്ത എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിലേക്ക് കൂടുതൽ പണം വന്നെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കടത്തിലായെന്ന പരാതിയും ചില മണ്ഡലങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. പ്രചാരണത്തിനുള്ള അച്ചടി, വാഹനം തുടങ്ങിയ കാര്യങ്ങൾക്ക് ചെലവഴിച്ച പണം കിട്ടിയില്ലെന്ന വിളികൾ നേതാക്കളുടെ സ്വസ്ഥത കെടുത്തുന്നു. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ മുപ്പതുലക്ഷം രൂപ കടം വന്നെന്നാണ് കണക്ക്. പണം മണ്ഡലത്തിൽനിന്നുതന്നെ കണ്ടെത്തി പ്രശ്നം പരിഹരിക്കാനാണ് നിർദേശം. content highlightS: lok sabha election, BJP,Kerala


from mathrubhumi.latestnews.rssfeed http://bit.ly/2VwGz2K
via IFTTT