Breaking

Saturday, June 27, 2020

‘കാരുണ്യ’യിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് പിന്മാറുന്നതായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ. ജൂലായ് ഒന്നുമുതൽ ആരോഗ്യ ഇൻഷുറസ് പദ്ധതിപ്രകാരം സൗജന്യചികിത്സ നൽകാനാവില്ലെന്ന് അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച മാനേജ്‌മെന്റ് പ്രതിനിധികൾ പ്രത്യേക യോഗംചേർന്നാണ് പിന്മാറാൻ തീരുമാനിച്ചത്.200 കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് മാനേജ്‌മെന്റുകൾ അറിയിച്ചത്. 188 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ഇൻഷുറൻസ് കമ്പനിയായ റിലയൻസിന് സർക്കാർ യഥാസമയം പണം കൈമാറാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്ന് മാനേജ്മെന്റുകൾ പറയുന്നു. 300 കോടിയോളം രൂപ പ്രീമിയം കുടിശ്ശിക സർക്കാർ നൽകാനുണ്ടെന്നും അതു ലഭിക്കാതെ പണം നൽകാനാവില്ലെന്നുമാണ് കമ്പനി ആശുപത്രി മാനേജ്‌മെന്റുകളെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ പദ്ധതി ജൂൺ 30-ന് അവസാനിക്കും. ജൂലായ് ഒന്നുമുതൽ സംസ്ഥാന ആരോഗ്യ ഏജൻസിക്കു കീഴിൽ പദ്ധതി സർക്കാർ നേരിട്ട് നടത്താനാണ് ആലോചന. കാരുണ്യ ബെനവലന്റ് പദ്ധതിയും ഇതിനു കീഴിലേക്കു മാറ്റും. അതേസമയം, അടുത്തകൊല്ലത്തേക്ക് നിശ്ചയിച്ചിട്ടുള്ള പുതിയ ചികിത്സാ നിരക്കുകൾ സ്വീകാര്യമല്ലെന്ന് നേരത്തേ തന്നെ മാനേജ്‌മെന്റുകൾ അറിയിച്ചിരുന്നു. നിരക്ക് പുതുക്കണമെന്ന് പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി ചേർന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. 45 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2YCJ87X
via IFTTT