Breaking

Monday, May 20, 2019

20 വർഷം വീട്ടിൽ പൂട്ടിയിട്ട സ്ത്രീയെ മോചിപ്പിച്ചു

കൊല്ലം : സ്വന്തം വീട്ടിൽ ബന്ധുക്കളൊരുക്കിയ തടവറയിൽ രണ്ടുപതിറ്റാണ്ടോളം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന നാൽപ്പത്തെട്ടുകാരിക്ക് മോചനം. കൊല്ലം നഗരപരിധിയിലുള്ള വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കവിരിയന്റരികത്ത് ലതയെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെയും വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെയും നിർദേശമനുസരിച്ച് ഞായറാഴ്ച രാത്രി പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റി. മാനസികാസ്വാസ്ഥ്യമുള്ള ലതയ്ക്ക് ആവശ്യമായ എല്ലാ ചികിൽസയും സർക്കാർ ഏർപ്പാടാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സിമന്റ് കട്ടകൊണ്ട് നിർമിച്ച ഒറ്റമുറിവീട്ടിലാണ് ലതയെ ഇരുപതുവർഷത്തോളം അടച്ചിട്ടിരുന്നത്. കല്ലും മണ്ണും അഴുക്കും വിസർജ്യവും കുമിഞ്ഞുകൂടിയ മുറിയിലേക്ക് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി മഹേശ്വരി ജനാലവഴി ദിവസം ഒരുതവണ ഇട്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. വ്യാഴാഴ്ച സന്ധ്യക്ക് വനിതാ കമ്മിഷൻ അംഗത്തിന്റെ സാന്നിധ്യത്തിൽ ഇരവിപുരം പോലീസ് എത്തി കതകു തകർത്താണ് ലതയെ മോചിപ്പിച്ചത്. മുഷിഞ്ഞു കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, തലമുടി ജടകെട്ടി, അസ്ഥികൂടം പോലെയായ അവസ്ഥയിലായിരുന്നു ഇവർ. പരേതരായ ചിന്നയ്യൻ ചെട്ടിയാരുടെയും രാജമ്മയുടെയും ഏഴുമക്കളിൽ ഒരാളായ ലത കൊല്ലം എസ്.എൻ.കോളേജിൽ പ്രീഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. ഭർത്താവ് നേരത്തേ ഉപേക്ഷിച്ചു. പതിനേഴുകാരനായ ഏക മകൻ പോളയത്തോട്ടിലെ ചെരിപ്പുകടയിൽ ജീവനക്കാരനാണ്. നേരത്തേ മനോരോഗത്തിന് ചികിൽസ നടത്തിയിരുന്ന ലത വീട്ടിൽനിന്ന് ചാടിപ്പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്ന് സഹോദരി പറഞ്ഞു. സഹോദരിയുടെ വീട്ടിലാണ് ലതയുടെ മകൻ താമസിക്കുന്നത്. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. content highlights:A woman locked up in house for 20 years was rescued


from mathrubhumi.latestnews.rssfeed http://bit.ly/2WTRsNs
via IFTTT