Breaking

Monday, May 20, 2019

രണ്ടാമത്തെ എൻജിൻരഹിത തീവണ്ടിയുടെ നിർമാണം പൂർത്തിയായി

ചെന്നൈ: രണ്ടാമത്തെ എൻജിൻരഹിത 'ട്രെയിൻ 18'-ന്റെ നിർമാണം ചെന്നൈയിലെ ഇൻഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ പൂർത്തിയായി. ഐ.സി.എഫിൽനിന്ന് തീവണ്ടി പരിശോധനയ്ക്ക് ഡൽഹിയിലേക്ക് കൊണ്ടുപോയി. ആദ്യംനിർമിച്ച ട്രെയിൻ 18 ഡൽഹിയിൽനിന്ന് വാരണസിയിലേക്കാണ് സർവീസ് നടത്തുന്നത്. അതേ പാതയിൽത്തന്നെയാണ് രണ്ടാമത്തെ തീവണ്ടിയും ഉപയോഗിക്കുക. ഡൽഹിയിലെ ഷക്കൂർ ബാസ്തി യാർഡിൽ തീവണ്ടിയുടെ യന്ത്രസാമഗ്രികൾ പരിശോധന നടത്തിയശേഷം സർവീസിന് യോഗ്യമാണെന്ന് കണ്ടെത്തിയാൽ രണ്ടാഴ്ചയോളം പരീക്ഷണയോട്ടം നടത്തും. ആദ്യമിറക്കിയ തീവണ്ടിയിലെ അപാകങ്ങൾ പരിഹരിച്ചാണ് രണ്ടാമത്തെ തീവണ്ടി നിർമിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങളുണ്ടാക്കുന്ന പാൻട്രി കാറിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദ്യ തീവണ്ടിയിൽ ഹോൺ അടിക്കുമ്പോഴുണ്ടാകുന്ന അധികശബ്ദം യാത്രക്കാരെ അലോസരപ്പെടുത്താറുണ്ട്. ഈ പ്രശ്നവും പരിഹരിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങളും പരിഹരിച്ചാണ് പുതിയ തീവണ്ടി നിർമിച്ചിരിക്കുന്നത്. അടുത്തവർഷം ഒരു 'ട്രെയിൻ-18' കൂടി പുറത്തിറക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ കഴിയുന്നതാണ് നിലവിലുള്ള ട്രെയിൻ-18. പുതുതായി ഇറക്കുന്ന വണ്ടി മണിക്കൂറിൽ 200 കിലോമീറ്റർവരെ വേഗത്തിൽ ഓടിക്കാൻ കഴിയും. 16 കോച്ചുകളുള്ള ട്രെയിൻ 18-ന്റെ ബോഗികളുടെ അടിഭാഗത്ത് ഇലക്ട്രോണിക് ട്രാക്ഷൻ മോട്ടോറുകൾ ഘടിപ്പിച്ചിരിക്കും. എട്ടെണ്ണെത്തിലാണ് മോട്ടോറുകൾ ഘടിപ്പിക്കുക. എല്ലാ മോട്ടോറുകളും ഒരുപോലെ പ്രവർത്തിക്കുന്നതിനാൽ തീവണ്ടിക്ക് അതിവേഗത്തിൽ സഞ്ചരിക്കാനാകും. ട്രെയിൻ 18 നിർമിക്കുന്നതിനായി ഉത്തർപ്രദേശിലെ റായ്ബറേലിയിലെ യാർഡ് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. Content highlights:Train 18 second unit is ready to operate


from mathrubhumi.latestnews.rssfeed http://bit.ly/2Ejdx0x
via IFTTT