മൂന്നാർ: എം.എൽ.എ.യുടെ വാഹനത്തിൽ പോലീസ് വാഹനം ഇടിച്ചു. അതിലുണ്ടായിരുന്ന എസ്.ഐ. പുറത്തിറങ്ങാതെ ഔദ്യോഗിക വാഹനം ഓടിച്ചുപോയി. ഇതുസംബന്ധിച്ച് ദേവികുളം എം.എൽ.എ. എസ്.രാജേന്ദ്രനാണ് ദേവികുളം എസ്.ഐ. എൻ.എസ്.റോയിക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവമെന്ന് എം.എൽ.എ. പറയുന്നു. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എം.എൽ.എ.യുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ്.ഐ.യുടെ വാഹനം ഇടിക്കുകയായിരുന്നു. പോലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്.ഐ.യോ പുറത്തിറങ്ങിയില്ല. എം.എൽ.എ. ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്.ഐ. ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് ധിക്കാരത്തോടെ പറഞ്ഞ് വേഗത്തിൽ ഓടിച്ചുപോയെന്നും പരാതിയിലുണ്ട്. വിവരം മൂന്നാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എം.എൽ.എ. ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.സാധാരണക്കാരുടെ അവസ്ഥയെന്താകുംജനപ്രതിനിധിയായ തന്റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കും. ഇടിച്ചതിനെത്തുടർന്ന് തന്റെ വാഹനത്തിന് 15,000 രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാഹന പരിശോധനയ്ക്കിടയിലും സ്റ്റേഷനിലെത്തുന്നവരോടും വളരെ മോശമായാണ് എസ്.ഐ. പെരുമാറുന്നതെന്നും ആരോപണമുണ്ട്-എസ്.രാജേന്ദ്രൻ എം.എൽ.എ.
from mathrubhumi.latestnews.rssfeed https://ift.tt/3gBqJPc
via
IFTTT