Breaking

Thursday, July 9, 2020

കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍; രണ്ട് കൂട്ടാളികളെ പോലീസ് വെടിവെച്ച് കൊന്നു

ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നിൽ അറസ്റ്റിൽ. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശിൽ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവിൽപോവുകയായിരുന്നു. ഉത്തർപ്രദേശിലും പുറത്തുമായി വികാസ് ദുബെക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ കൂട്ടാളികളായ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലരെ ഏറ്റുമുട്ടലിൽ വധിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമർ ദുബെയും കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ദുബെയുടെ സംഘത്തിൽപ്പെട്ട രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഇട്ടാവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രൺബീർ എന്നയാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് സംഘത്തിന് നേരേ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് രൺബീറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കാറും ഡബിൾ ബാരൽ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഫരീദാബാദിൽ പിടിയിലായ പ്രഭാത് മിശ്ര പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. ഇയാളെ ഫരീദാബാദിൽനിന്ന് കാൺപുരിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു. ഇതിനിടെ, പ്രഭാത് മിശ്ര ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ച് വീഴ്ത്തിയെന്നാണ് പോലീസ് ഭാഷ്യം. Content Highlights:most wanted criminal vikas dubey arrested in madhya pradesh


from mathrubhumi.latestnews.rssfeed https://ift.tt/31ZRKHS
via IFTTT