Breaking

Thursday, July 30, 2020

വീഡിയോ കോളിലൂടെ നിർദേശംനൽകി ഡോക്ടർ; വീട്ടിൽ കുഞ്ഞിന് ജന്മംനൽകി യുവതി

ബെംഗളൂരു: ഡോക്ടർ വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകിയപ്പോൾ അയൽക്കാരുടെ സഹായത്തോടെ യുവതിക്ക് വീട്ടിൽ സുഖപ്രസവം. കർണാടകത്തിലെ ഹാവേരി ജില്ലയിലെ ഹനഗലിലാണ് യുവതി വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(കെ.ഐ.എം.എസ്.) ഡോക്ടർ പ്രിയങ്കയാണ് വീഡിയോകോളിലൂടെ നിർദേശങ്ങൾ നൽകിയത്. കിട്ടൂർ ചെന്നമ്മ സ്ട്രീറ്റിൽ താമസിക്കുന്ന വാസവിക്ക് ജൂലായ് 31-നാണ് പ്രസവസമയം പറഞ്ഞിരുന്നത്. എന്നാൽ, ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, ലോക്ഡൗണായതിനാൽ ആംബുലൻസും മറ്റു വാഹനങ്ങളും കിട്ടിയില്ല. നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ സമീപത്തെ ഹനഗൽ താലൂക്ക് ആശുപത്രിയും അടച്ചിട്ടിരിക്കുകയായിരുന്നു. വേദനകാരണം യുവതി കരയുന്നതുകേട്ട് അയൽവാസിയായ സോഫ്റ്റ്വേർ എൻജിനിയർ ജ്യോതിയും മറ്റൊരു സ്ത്രീയും വീട്ടിലെത്തി. ഉടൻതന്നെ ജ്യോതി പരിചയത്തിലുള്ള ഡോ. പ്രിയങ്കയെ വിളിച്ച് വാസവിയുടെ അവസ്ഥ ബോധിപ്പിച്ചു. തുടർന്ന് ഡോക്ടർ വീഡിയോകോളിലൂടെ നിർദേശങ്ങൾ നൽകി. ഇതനുസരിച്ച് ജ്യോതിയും കൂടെയുള്ള സ്ത്രീയും സഹായിക്കുകയും വാസവി ആൺകുഞ്ഞിന് ജന്മംനൽകുകയുമായിരുന്നു. ഡോ. പ്രിയങ്കയുടെ സഹായത്തോടെ കൃത്യമായ സമയത്ത് ഇടപെടാൻ സാധിച്ചതിനാൽ രണ്ടുജീവനുകൾ രക്ഷിക്കാൻ സാധിച്ചെന്ന് ജ്യോതി പറഞ്ഞു. ഇതിനുമുമ്പ് പ്രസവമെടുത്തു പരിചയമില്ലെന്നും ഡോക്ടർ തന്ന ധൈര്യത്താലാണ് ഇതുസാധിച്ചതെന്നും ജ്യോതി പറഞ്ഞു. ആംബുലൻസ് കിട്ടാതെവന്നപ്പോൾ എല്ലാ പ്രതീക്ഷയും പോയിരുന്നതായും അയൽക്കാരുടെയും ഡോക്ടറുടെയും സഹായത്തിനു നന്ദിയറിയിക്കുന്നതായും വാസവി പറഞ്ഞു. content highlights: doctor gave instructions via video call, woman gave birth to baby at home


from mathrubhumi.latestnews.rssfeed https://ift.tt/2D0imOZ
via IFTTT