Breaking

Monday, July 27, 2020

കൂലിപ്പണിക്കാരന് നികുതി കുടിശ്ശിക 3.16 കോടി രൂപ

പെരുമ്പാവൂർ : കാഞ്ഞിരക്കാട് സ്വദേശിയായ സുനിൽ എന്ന കൂലിപ്പണിക്കാരന് മൂന്നുകോടി 16 ലക്ഷം രൂപ നികുതി കുടിശ്ശിക അടയ്ക്കാൻ ജി.എസ്.ടി. നോട്ടീസ്. മരം, പ്ലൈവുഡ് വ്യവസായവുമായി ബന്ധപ്പെട്ടാണ് കുടിശ്ശിക. ദിവസം 300 രൂപ പോലും വരുമാനമില്ലാത്ത കൂലിവേലക്കാരനാണ് സുനിൽ. 2017 മുതൽ സുനിലിന്റെ പേരിലുള്ള 'കമ്പനി' റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും ഇതിന്റെ പിഴ ഉടൻ അടച്ചില്ലെങ്കിൽ നിയമ നടപടികൾ നേരിടണം എന്നാണ് മുന്നറിയിപ്പ്. എന്നാൽ തനിക്ക് മദ്യം നൽകി, തന്റെ രേഖകളും ആധാർ കാർഡും മറ്റും സമ്പാദിച്ച് കബളിപ്പിച്ച് മറ്റൊരാൾ ബസിനസ് ചെയ്തതാണെന്നാണ് സുനിൽ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിൽ ഇത് പുതിയ സംഭവമല്ല. സ്വത്ത് ഇല്ലാത്തവരുടെ പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് പ്ലൈവുഡ് കയറ്റി മറ്റുസംസ്ഥാനങ്ങളിലേക്ക് അയയ്ക്കുമ്പോൾ സർക്കാരിന് നൽകേണ്ട നികുതിപ്പണമാണ് കുടിശ്ശിക വരുന്നത്. നിർധനനായ 'കമ്പനിയുടമ'യുടെ പേരിൽ സ്വത്തൊന്നും ഇല്ലാത്ത സാഹചര്യത്തിൽ കുടിശ്ശിക എഴുതിത്തള്ളാറാണ് പതിവ്. സഹായിക്കാൻ'കക്ഷത്തിൽ ടിമ്പേഴ്സ് ' വില്പന നികുതി ഓഫീസുകൾ കേന്ദ്രീകരിച്ച് ചിലർ ഇത്തരം തട്ടിപ്പുകൾക്ക് ഒത്താശ ചെയ്യുന്നതായും വിവരമുണ്ട്. ഒരു വാടകമുറിയെടുത്ത് അതിന്റെ കരാർ ഉപയോഗിച്ചാണ് കമ്പനി തുടങ്ങുക. രജിസ്ട്രേഷൻ ലഭിച്ചാൽ മുറി ഒഴിവാക്കും. സ്ഥാപനത്തിന്റെ ലെറ്റർപാഡ് കൈയിൽ കൊണ്ടുനടക്കും. ഒരു ഏജന്റിന്റെ പക്കൽ ഒന്നിലധികം കമ്പനികളുടെ രജിസ്ട്രേഷൻ ഉണ്ടാകും. വലിയ കച്ചവടക്കാർ ഇവരിൽനിന്ന് ബില്ല് വാങ്ങി ലോഡയക്കും. പറയുന്ന തുക കൊടുക്കും. പിന്നെ, നികുതിയെപ്പറ്റി അവർ വ്യാകുലപ്പെടേണ്ട. 'കക്ഷത്തിൽ ടിമ്പേഴ്സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഏജന്റുമാർ പെരുമ്പാവൂരിലെ മര വ്യവസായ ചരിത്രത്തിൽ പണ്ടേയുണ്ട്. മുൻപ് പെരുമ്പാവൂരിലെ വില്പന നികുതി ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നത്. ഇപ്പോൾ മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നാണ് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നത്. Content Highlights:gst notice, perumbavoor


from mathrubhumi.latestnews.rssfeed https://ift.tt/3f1Zdt4
via IFTTT