കാഞ്ഞങ്ങാട്: ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വധുവിന്റെ പിതാവ് അബ്ദുൾ ഖാദറിന്റെ പേരിൽ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ച് കേസെടുത്തതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു അറിയിച്ചു. ഇയാളിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജൂലായ് 17-നാണ് വിവാഹം നടന്നത്. 150-ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വരന്റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു. അന്ന് ഈ വീട്ടിലെത്തിയവരും ഇവരുടെ സമ്പർക്കത്തിലുള്ളവരുമുൾപ്പെടെ 50-ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ മരണവീട്ടിലും കല്യാണവീട്ടിലും എത്തുകയാണെന്നും എത്ര ബോധവത്കരിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും കളക്ടറും ഡി.എം.ഒ.യും ആവർത്തിച്ചു. ഈ രണ്ട് വീടുകളും ഒരോ കണ്ടെയ്ൻമെന്റ് മേഖലകളാക്കിയിരിക്കുകയാണ്. എം.എൽ.എയും ഇടതുമുന്നണി കൺവീനറും നിരീക്ഷണത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട എം. രാജഗോപാലൻ എം.എൽ.എ.യും ഇടതുമുന്നണി കാസർകോട് ജില്ലാ കൺവീനർ കെ.പി. സതീഷ്ചന്ദ്രനുമുൾപ്പടെ നിരവധിപ്പേർ നിരീക്ഷണത്തിലായി. ബ്ലോക്ക് പഞ്ചായത്തംഗത്തിനൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയും ഇയാൾ പങ്കെടുത്ത യോഗത്തിൽ സംബന്ധിക്കുകയും ചെയ്തതിനാലാണ് സതീഷ്ചന്ദ്രൻ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇയാൾ പങ്കെടുത്ത മറ്റൊരു യോഗത്തിലാണ് എം.എൽ.എ. സംബന്ധിച്ചത്. Content Highlights: Epidemic Diseases Act
from mathrubhumi.latestnews.rssfeed https://ift.tt/3g22zxh
via
IFTTT