കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ കസ്റ്റംസ് അനുമതി തേടി. കസ്റ്റഡിയിൽ ലഭിച്ച സ്വപ്നയെയും സന്ദീപിനെയും ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യംചെയ്യണമെന്ന തീരുമാനത്തിൽ കസ്റ്റംസ് എത്തിയത്. ഇതിന് അനുമതിതേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും. അറ്റാഷെയോട് ചോദിക്കേണ്ട ഇരുപതോളം ചോദ്യങ്ങൾ കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. ഓരോതവണ സ്വർണം കടത്തുമ്പോഴും അറ്റാഷെയ്ക്ക് കമ്മിഷനായി കിലോയ്ക്ക് ആയിരം ഡോളർ നൽകുമായിരുന്നെന്ന മൊഴി സ്വപ്നയും സന്ദീപും ആവർത്തിച്ചു. ഇതിൽനിന്ന്, അറ്റാഷെയുടെ പങ്ക് കൂടുതൽ വ്യക്തമായിട്ടുണ്ട്. തുടരന്വേഷണത്തിന് അറ്റാഷെയെ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് കസ്റ്റംസ്. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റാഷെ ഇപ്പോഴുള്ള സ്ഥലത്ത് ചോദ്യംചെയ്യണമെന്നാവും കസ്റ്റംസ് അഭ്യർഥിക്കുക. കേസന്വേഷണം മുറുകുന്നതിനിടയിൽ അറ്റാഷെ യു.എ.ഇ.യിലേക്ക് മടങ്ങിയിരുന്നു. അതിനാൽ ഇന്റർപോളിന്റെ സഹായം തേടും. സ്വാഭാവികമായും സി.ബി.ഐ.യും അന്വേഷണത്തിന്റെ ഭാഗമാകും. ഇതോടൊപ്പം, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഔദ്യോഗികപദവി ദുരുപയോഗംചെയ്തോ എന്നനിലയിൽ സി.ബി.ഐ.യുടെ അന്വേഷണ സാധ്യതകളെപ്പറ്റിയും നിയമോപദേശം തേടുന്നുണ്ട്. സ്വർണം വിറ്റുകിട്ടിയ പണം അറ്റാഷെയ്ക്ക് കൈമാറിയത് ഡോളറിലാണെന്ന് ബുധനാഴ്ചത്തെ ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ രൂപ ഡോളറിലേക്കുമാറ്റി സന്ദീപിന്റെയും സംഘത്തിന്റെയും കൈയിലേക്കും തുടർന്ന് അറ്റാഷെയിലേക്കും എത്തിച്ചിരുന്നത് തിരുവനന്തപുരത്തെ ഒരു അനധികൃത ഡോളർ ഇടപാടുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നയതന്ത്ര പരിരക്ഷയുള്ളതിനാൽ അറ്റാഷെയ്ക്ക് ഈ പണം വിദേശത്തേക്കുകടത്താൻ ബുദ്ധിമുട്ടില്ല. ഇതോടെ സ്വർണക്കടത്തിന്റെ ഒരുവഴി കസ്റ്റംസിനുമുന്നിൽ കൃത്യമായി തെളിഞ്ഞുകഴിഞ്ഞു. content highlights: customes seeks permission to question attache
from mathrubhumi.latestnews.rssfeed https://ift.tt/30Xg8I4
via
IFTTT