തൊടുപുഴ: അതിരാവിലെയുള്ള റിപ്പോർട്ടിങ്, വീഡിയോ കോൺഫറൻസ്, കച്ചവടത്തിന്റെ കണക്കുകളുടെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തൽ, തിരക്കുകൾ അവസാനിക്കാത്ത ദിനരാത്രങ്ങൾ...നാലുമാസം മുൻപുവരെ അടിമാലി സ്വദേശി റോബിൻ ആന്റണിയുടെ മുംബൈയിലെ കോർപ്പറേറ്റ് ജീവിതം ഇങ്ങനെയായിരുന്നു. എന്നാൽ, ഇന്ന് ബൈസൺവാലിയിലെ പണിതീരാത്ത ഒരുകെട്ടിടത്തിൽ ചെന്നാൽ റോബിനെ കാണാം. മേലാകെ പൊടിപിടിച്ചിട്ടുണ്ട്. തലയിൽ ചുറ്റിക്കെട്ടിയ തോർത്തും കാലിൽ പണിച്ചെരുപ്പും കൈയിൽ സിമന്റ് ചട്ടിയും. ജീവിതത്തിന് കോവിഡ് പ്രതിസന്ധി തീർത്തപ്പോൾ അതിജീവനത്തിനായി മേസ്തിരിപ്പണിക്കാരുടെ സഹായിയായി കൂടിയതാണ് റോബിൻ. നാലുമാസംമുൻപ് ജീവിതത്തിന്റെ ഭാഗമായിരുന്ന ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂവും കൂളിങ് ഗ്ലാസും അതോടൊപ്പം തന്റെ അപകർഷ ബോധങ്ങളെയും അലമാരിയിൽ പൂട്ടിവെച്ച് സ്വന്തം നാട്ടിൽ അധ്വാനിക്കാനിറങ്ങിയതാണ്. മുന്തിയ ജോലിതന്നെവേണമെന്ന് വാശിപിടിക്കുന്ന തലമുറയ്ക്ക് കോവിഡ് കാലത്തെ അതിജീവനത്തിന്റെ പാഠംകൂടിയാണ് റോബിന്റെ ജീവിതം. കുടുംബത്തിലെ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളുമായാണ് എം.ബി.എ. ബിരുദധാരിയായ ബൈസൺവാലി മുട്ടുകാട് പുത്തൻപറമ്പിൽ റോബിൻ മുംബൈയിലെ ഡെന്റൽ കെയർ കമ്പനിയിൽ ജോലിക്കുചേർന്നത്. നാലുവർഷംകൊണ്ട് കമ്പനിയുടെ മുംബൈ റീജണൽ സെയിൽസ് മാനേജരായി. ഇതിനിടെ, മാതാപിതാക്കളുടെ ചികിത്സയ്ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടിവന്നതോടെ കടം പെരുകി. പിടിച്ചുനിൽക്കാനുള്ള ഓട്ടത്തിനിടെയാണ് കോവിഡെത്തിയത്. രാജ്യം നിശ്ചലമാകുന്നതിന് രണ്ടുമാസംമുൻപ് നാട്ടിലെത്തിയ റോബിന് പിന്നെ തിരിച്ചുപോകാനായില്ല. ഡെന്റൽമേഖല നിശ്ചലമായതോടെ കമ്പനിയും തിരികെ വിളിച്ചില്ല. കടക്കാരുടെ മുന്നിൽ ഒരുമാസം അവധിപറഞ്ഞ് പിടിച്ചുനിന്നു. ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെ പുതിയ ജോലികൾ തേടി. കോവിഡ് കാലത്ത് ആര് ജോലിനൽകാൻ? അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സ്ഥലംവിട്ടതിനാൽ നിർമാണമേഖലയിൽ ഹെൽപ്പറുടെ ഒഴിവുണ്ടെന്ന് സുഹൃത്താണ് അറിയിച്ചത്. എന്നാൽ, ഒരുകൈ നോക്കാമെന്ന് റോബിനും. ആദ്യഘട്ടം ദുർഘടമായിരുന്നെങ്കിലും ഇന്ന് എല്ലാ പ്രതിബന്ധങ്ങളും നീങ്ങിയിരിക്കുന്നു. ഇപ്പോൾ സ്വന്തം നാട്ടിലെ ജോലിയിൽ സന്തോഷവാനാണ് റോബിൻ.
from mathrubhumi.latestnews.rssfeed https://ift.tt/2X1RDIN
via
IFTTT