Breaking

Friday, July 31, 2020

കൈയിലുള്ള സ്വർണം വെളിപ്പെടുത്തേണ്ടി വരും: പദ്ധതി വീണ്ടും പരിഗണനയിൽ

കൊച്ചി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോൾഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നു. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നിൽ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണയിക്കുകയും ചെയ്യും. ഇതോടെ നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ നികുതി അടയ്ക്കേണ്ടതായി വരും. നിശ്ചിത അളവിൽ കൂടുതലുള്ള സ്വർണം കുറച്ചുകാലത്തേക്ക് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ടതായും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ വർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015-ലാണ് മോദി സർക്കാർ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്. എന്നാൽ, വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സർക്കാർ വൃത്തങ്ങൾതന്നെ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ച നിർദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരിക്കും പദ്ധതി നടപ്പിൽ വരുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/3hX90m1
via IFTTT