Breaking

Tuesday, July 28, 2020

മദ്യം വീട്ടിലെത്തിക്കാം; അംഗത്വഫീസ് ചുമത്തണം, സാധാ അംഗത്വം 100, മുന്തിയത് 500

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരിന് വരുമാനമുണ്ടാക്കാൻ പെട്രോൾ, ഡീസൽ നികുതിഘടന മാറ്റണമെന്നും മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 50 ശതമാനം വർധിപ്പിക്കണമെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശ. മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാം. അംഗത്വഫീസ് നൽകുന്നവർക്കു മാത്രമേ ഈ സൗകര്യം പാടുള്ളൂ. പത്തുവർഷംകൊണ്ട് ഇതിലൂടെ സർക്കാരിന് പ്രതീക്ഷിക്കാവുന്നത് 3744 കോടി രൂപ. മദ്യം ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നത് (ഹോം ഡെലിവറി) സംസ്ഥാനസർക്കാരുകൾക്കു തീരുമാനിക്കാമെന്ന് സുപ്രീംകോടതി മേയിൽ വിധിച്ചിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് വിധി. ഇത് പുതിയൊരു വരുമാനമാർഗമായി സമിതി വിലയിരുത്തുന്നു. സാധാ അംഗത്വം 100, മുന്തിയത് 500 കേരളത്തിൽ 40 ലക്ഷം പേർ മദ്യപിക്കുന്നെന്നാണ് സമിതി വിലയിരുത്തൽ. ഇതിൽ 30 ശതമാനംപേർ വാതിൽപ്പടി വിതരണത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് അനുമാനം. ഇവർക്ക് അംഗത്വഫീസ് ചുമത്തണം. വാർഷികമോ അല്ലെങ്കിൽ പത്തുവർഷത്തേക്ക് ഒരുമിച്ചോ ഫീസ് നൽകാം. സാധാ അംഗങ്ങൾക്ക് ഫീസ് മാസം നൂറു രൂപ. കൂടുതൽ സൗകര്യങ്ങളുള്ള മുന്തിയ അംഗത്വത്തിന് 500 രൂപ. ഇതിന് 18 ശതമാനം ജി.എസ്.ടി.യും നൽകണം. ഏജൻസിക്ക് ഡെലിവറി ചാർജ് വേറെ നൽകണം. ബിവറേജസ് കോർപറേഷനെ നടത്തിപ്പുചുമതല ഏൽപ്പിക്കണം. ഇതിനുപുറമേ, എക്സൈസ് ഡ്യൂട്ടിയും വിൽപ്പനനികുതിയും 50 ശതമാനം കൂട്ടുകകൂടി ചെയ്താൽ വർഷംതോറും 6542 കോടി അധികം കിട്ടും. കോവിഡ് ഫണ്ട് വേണം കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനുമായി പണം കണ്ടെത്താൻ സർക്കാർ ജീനക്കാരുടെയും പെൻഷൻകാരുടെയും നിക്ഷേപത്തോടെ ഫണ്ട് രൂപവത്കരിക്കണമെന്ന് സമിതി ശുപാർശചെയ്തു. ഇതിലേക്ക് 20,000 രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവരുടെയും 37,000 രൂപയ്ക്കു മുകളിൽ പെൻഷൻ വാങ്ങുന്നവരുടെയും വിഹിതം അവരുടെ സമ്മതത്തോടെ സ്വീകരിക്കാം. പി.എഫ്. നിക്ഷേപത്തെക്കാൾ കാൽ ശതമാനം അധികം പലിശയോടെ പണം 2023 ജൂലായ് മുതൽ നാലുതവണകളായി തിരിച്ചുനൽകണം. 3675 കോടി രൂപ ഇത്തരത്തിൽ സമാഹരിക്കാം. എയ്ഡഡ്: പുനഃപരിശോധിക്കണം എയ്ഡഡ് വിദ്യാലയങ്ങളിൽ ശമ്പളം നൽകാൻ ഭാരിച്ച ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. എന്നാൽ, അതിനു തക്കവണ്ണം ഗുണം കിട്ടുന്നുണ്ടോയെന്നു പരിശോധിക്കണം. അതിനാണ് വിദ്യാഭ്യാസം, ധനകാര്യം, നിയമം എന്നീ രംഗങ്ങളിലെ വിദഗ്ധരുടെ സമിതിയെ നിയോഗിക്കേണ്ടത്. നിലവിലുള്ള ജീവനക്കാർ വിരമിക്കുന്നതനുസരിച്ച് എയ്ഡഡ് മേഖലയിൽ സർക്കാരിന്റെ ധനസഹായം പടിപടിയായി കുറച്ചുകൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമിതി പഠിക്കണം. നികുതി കൂട്ടണം; ഫീസും പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിയിൽ പൊതു നികുതിനിരക്ക് കുറയ്ക്കണം. അസംസ്കൃത എണ്ണയ്ക്ക് വിലകൂടിയാലും കുറഞ്ഞാലും ബാധിക്കാത്തവിധത്തിൽ ലിറ്ററിന് പ്രത്യേക നികുതി ചുമത്തണം. പെട്രോളിന് 11.80 രൂപയും ഡീസലിന് ഒമ്പതുരൂപയുമായിരിക്കണം പ്രത്യേക നികുതി. ഭൂമിയുടെ ന്യായവില വർഷംതോറും കൂട്ടണം. ആശുപത്രി, വിദ്യാഭ്യാസ ഫീസുകളും വർഷംതോറും അഞ്ചു ശതമാനം കൂട്ടണം. ഭാഗ്യക്കുറി വിൽപ്പന 20 ശതമാനം കൂട്ടണം. പ്രതീക്ഷിക്കുന്ന അധികവരുമാനം പെട്രോൾ, ഡീസൽ നികുതി 2086 കോടി കോവിഡ് ഫണ്ട് 3675 കോടി മദ്യം-നികുതി വർധന, ഹോം ഡെലിവറി 6542 കോടി ഭൂമിയുടെ ന്യായവില വർധന 700 കോടി ലോട്ടറി വിൽപ്പന കൂടുമ്പോൾ 200 കോടി ആശുപത്രി, വിദ്യാഭ്യാസ ഫീസ് 300 കോടി Content Highlights: liquor home delivery in kerala


from mathrubhumi.latestnews.rssfeed https://ift.tt/2X4haki
via IFTTT