Breaking

Wednesday, July 29, 2020

ശിവശങ്കറിനുനേരെ ചോദ്യപരീക്ഷ; ഒറ്റവാക്ക് മുതൽ വിശദീകരണം വരെ

കൊച്ചി: ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ. ഒറ്റവാക്കിൽ ഉത്തരം പറയേണ്ടവ. വിശദമായി പറയാൻപറഞ്ഞ കാര്യങ്ങൾ... സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടോയെന്നു തെളിയിക്കാൻ ശിവശങ്കറിനെതിരേ എൻ.ഐ.എ. നടത്തിയ ചോദ്യംചെയ്യൽ ശാസ്ത്രീയമായിരുന്നു. ചോദ്യശരങ്ങൾ തന്നെയുണ്ടായെങ്കിലും അതൊക്കെ വേഗത്തിലായിരുന്നില്ലെന്നാണ് സൂചന. 'യെസ്' അല്ലെങ്കിൽ 'നോ' എന്ന് ഉത്തരം പറയേണ്ട ചോദ്യങ്ങളിൽ മറുപടി പറയാൻ എടുത്ത സമയംവരെ പരിശോധിച്ച് ശിവശങ്കറിന്റെ മാനസികഗതി കണ്ടെത്താൻ ശ്രമങ്ങൾ നടന്നതായാണു സൂചന. എൻ.ഐ.എ. ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ലൈവ് വെബ്കാസ്റ്റിലൂടെയുള്ള ചോദ്യംചെയ്യലിൽ ശിവശങ്കർ നൽകിയ ഉത്തരങ്ങൾ മറ്റൊരു അവസരത്തിൽ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ആവർത്തിച്ചിരുന്നു. രണ്ടുത്തരങ്ങൾ പറയാൻ ശിവശങ്കർ എടുത്ത സമയവും ആ സമയത്തെ ഭാവവ്യത്യാസങ്ങളുംവരെ പരിശോധിക്കാൻ മറ്റൊരു സംഘം ലൈവിലുണ്ടായിരുന്നതായാണു സൂചന. ചോദ്യംചെയ്യലിന്റെ തുടക്കത്തിൽ സ്വപ്നയും സരിത്തുമായുള്ള ബന്ധത്തെപ്പറ്റിയായിരുന്നു ചോദ്യങ്ങൾ. ഇവരെ അറിയാമെന്നും നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും തുടക്കംമുതലേ പറഞ്ഞ ശിവശങ്കർ ചോദ്യംചെയ്യൽ പുരോഗമിക്കുന്തോറും കുറ്റസമ്മതത്തിന്റെ തലത്തിലേക്കു മാറിയതായും സൂചനയുണ്ട്. സ്വപ്നയും സരിത്തുമായുള്ള ബന്ധം വേണ്ടത്ര പരിശോധിക്കാതെയെടുത്ത തീരുമാനമായിപ്പോയെന്നും ഇരിക്കുന്ന പദവിയുടെ വില നോക്കാതെയുള്ള സൗഹൃദം ജാഗ്രതക്കുറവുകൊണ്ടു സംഭവിച്ചതാണെന്നും സമ്മതിച്ചതായാണു സൂചന. ഇടവേളകളെടുത്തായിരുന്നു ശിവശങ്കറിനെ എൻ.ഐ.എ. ചോദ്യംചെയ്തത്. രണ്ടുദിവസത്തിലേറെ നീളുന്നതാകും ചോദ്യംചെയ്യലെന്ന സൂചന നൽകിയാണ് ശിവശങ്കറിനെ എൻ.ഐ.എ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. രണ്ടുദിവസം രാത്രി കൊച്ചിയിൽ തങ്ങാനുള്ള സാധനങ്ങളുമായാണ് ശിവശങ്കർ എത്തിയത്. Content Highlights:NIA questioned m sivasankar in gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/30XhpPu
via IFTTT