Breaking

Wednesday, July 29, 2020

കുപ്പി തുറന്നാൽ ‘ജിന്ന്’ പറയും, നങ്ങേലിക്കഥ

ഭാഗ്യയും ഭർത്താവ് റോബർട്ടും തങ്ങളുടെ ഡിസ്റ്റിലറിയിൽ. നങ്ങേലിയെ അനുസ്മരിച്ചുള്ള വാൾ ചിഹ്നം കുപ്പിയിൽ. തിരുവനന്തപുരം: അയർലൻഡിലെ പബ്ബുകളിലൊരു 'ജിന്ന്' ഇറങ്ങി; കുപ്പി തുറന്നാൽ നമ്മുടെ നങ്ങേലിക്കഥ പറയുന്ന ജിന്ന്. കേരളത്തിലെ സ്ത്രീകൾക്കു സമർപ്പിച്ചുകൊണ്ട് അയർലൻഡിൽ പുറത്തിറങ്ങിയ 'മഹാറാണി' ജിന്നാണ് യൂറോപ്പിലെ മലയാളവീര്യമാകുന്നത്. മലയാളത്തിന്റെ നവോത്ഥാനചരിതം മാത്രമല്ല, വയനാടൻ രുചിക്കൂട്ടും ചേർത്ത് അയർലൻഡിൽ ഒരു ഡിസ്റ്റിലറിതന്നെ തുറന്നിരിക്കുകയാണ് മലയാളിയായ ഭാഗ്യാ ബാരെറ്റും ഭർത്താവ് റോബർട്ട് ബാരെറ്റും. കോർക്ക് നഗരത്തിലെ ഈ ഡിസ്റ്റിലറിയിൽനിന്ന് 'മഹാറാണി' എന്നപേരിൽ കേരളരുചിയുള്ള ജിൻ കഴിഞ്ഞദിവസം പുറത്തിറങ്ങി. 'വിപ്ലവ സ്പിരിറ്റ്' എന്ന മലയാളം ലേബലിൽ റിബൽ സിറ്റി ഡിസ്റ്റിലറി പുറത്തിറക്കിയ മദ്യത്തിന്റെ അടപ്പിൽത്തന്നെയുണ്ട് 'മോക്ഷം' എന്ന മലയാളവചനം. തുറന്നാൽ ഉള്ളിൽ കമ്പിളിനാരങ്ങ രുചിയോടൊപ്പം ഏലക്കയും ജാതിപത്രിയും കറുവപ്പട്ടയുമൊക്കെ ചേർന്ന സുഗന്ധലോകം. വയനാട്ടിലെ പ്രാദേശിക സ്ത്രീകൂട്ടായ്മയായ 'വനമൂലിക'യാണ് ഇവയൊക്കെ നൽകുന്നത്. 'സാമൂഹികരംഗത്ത് ശക്തമായ സാന്നിധ്യമായ കേരളത്തിലെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു' എന്ന് കുപ്പിയിൽ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. മുലക്കരത്തിനെതിരേ സ്വന്തംമാറിടം അരിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയുടെ വീര്യത്തെ അനുസ്മരിക്കാനാണ് കുപ്പിയിലെ ഊരിപ്പിടിച്ച വാളിന്റെ ചിത്രം. ലോക്ഡൗണിന് അയവുവന്ന് പബ്ബുകൾ തുറക്കാൻ തുടങ്ങിയ അയർലൻഡിൽ 'മഹാറാണി'ക്ക് ആവശ്യക്കാരേറെ. കുപ്പിയിലെ മലയാളം എഴുത്തും ചിത്രങ്ങളുംകണ്ട് കൗതുകമുണരുന്നവർ നങ്ങേലിക്കഥയും കേരളത്തിന്റെ ചരിത്രവുമൊക്കെ തേടാറുണ്ടെന്ന് ഭാഗ്യ പറയുന്നു. കൊല്ലം കിളികൊല്ലൂർ സ്വദേശിനിയായ ഭാഗ്യ ഐ.ടി. മേഖലയിൽ പ്രോഗ്രാം എൻജിനിയറാണ്. 2011-ൽ അയർലൻഡിലെത്തി. 2017-ലാണ് അയർലൻഡുകാരനായ റോബർട്ട് ബാരെറ്റിനെ വിവാഹം കഴിക്കുന്നത്. ഡിസ്റ്റിലറി മേഖലയിൽ കൺസൽട്ടന്റായിരുന്ന റോബർട്ടിന്റെ ദീർഘനാളത്തെ സ്വപ്നമായിരുന്നു ഡിസ്റ്റിലറി തുടങ്ങുകയെന്നത്. ഭാഗ്യയിൽനിന്നുള്ള കേട്ടറിവുകളിലൂടെ കേരളത്തിന്റെ സംസ്കാരവും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ഇദ്ദേഹത്തിന് വിസ്മയമായി. വയനാട്ടിലെത്തിയ ഇദ്ദേഹം ഇവിടത്തെ ഏലയ്ക്കാഗന്ധം ഉള്ളിൽ കോടകെട്ടിവെച്ചാണ് മടങ്ങിയത്. ഒടുവിലത് 'വിപ്ലവ സ്പിരിറ്റാ'യി മാറി. കേരളത്തിലെ സ്ത്രീകളുടെ സാമൂഹികബോധമാണ് ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയായ തനിക്ക് പ്രചോദനമായതെന്ന് ഭാഗ്യ 'മാതൃഭൂമി'യോടു പറഞ്ഞു. ബ്രിട്ടീഷുകാരെ തുരത്തിയ പോരാട്ടവീര്യംകൊണ്ട് 'റിബൽ സിറ്റി' എന്നുകൂടി പേരുള്ള കോർക്ക് നഗരത്തിൽ അങ്ങനെ മലയാളത്തിന്റെ വിപ്ലവസ്പിരിറ്റ് കൂടി ചേർന്നു. അയർലൻഡ് സർക്കാരിന്റെ ഫുഡ് ബോർഡിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ സംരംഭം. ഓൺലൈനിലൂടെ കേരളത്തിലും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണിവർ. നിയമപരമായ മുന്നറിയിപ്പ്- 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം'


from mathrubhumi.latestnews.rssfeed https://ift.tt/3g9OcXN
via IFTTT