Breaking

Friday, July 31, 2020

റെജി നാടിന് ആവേശം: കുത്തൊഴുക്കില്‍ നിന്ന് 68കാരിയെ രക്ഷിച്ചയാളെ അഭിനന്ദിച്ച് കോടിയേരി

തിരുവനന്തപുരം:മണിമലയാറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകിയ ഓമന സുരേന്ദ്രനെന്ന അറുപത്തിയെട്ടുകാരിയെ സാഹസികമായി രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിന്റെ തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. റെജിയുടെ പ്രവൃത്തി നാടിനാകെ ആവേശം പകരുന്ന കാര്യമാണെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാമാരിയുടെ കാലത്ത് റെജിയെപ്പോലുളളവർ സംസ്ഥാനത്തിന് മാതൃകയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന മനുഷ്യത്വം തുടിക്കുന്ന വാർത്തകളിൽ സിപിഐ എം പ്രവർത്തകർ നായകരാവുമ്പോൾ ഏറെ അഭിമാനം തോന്നുന്നുണ്ട്. സിപിഐ എം ന്റെ തിരുവല്ല പ്ലാമ്പറമ്പിലെ ബ്രാഞ്ച് സെക്രട്ടറിയായ സഖാവ് റെജി, മണിമലയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ചത് നാടിനാകെ ആവേശം പകരുന്ന കാര്യമാണ്. നാടിനും നാട്ടുകാർക്കും വേണ്ടി സ്വജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന സഖാവ് റെജിയെ പോലുള്ളവർ മാനവീകതയുടെ പ്രകാശകിരണങ്ങളാണ്. വയോധികയായ ഓമന ആറ്റിലൂടെ ഒഴുകിയപ്പോൾ, മൃതശരീരമെന്ന് കരുതി പലരും കാഴ്ച്ചക്കാരായി നിന്നപ്പോഴാണ് ജീവന്റെ തുടിപ്പ് മനസിലാക്കിയ സഖാവ്, വളരെ ആഴമുള്ള ആറ്റിലെ കുത്തൊഴുക്കിനെ വകവെക്കാതെ ഓമനയെ രക്ഷിച്ചത്. അവശയായ ഓമനയെ കരയ്ക്കെത്തിച്ചയുടൻ കാഴ്ചക്കാരായി നിൽക്കാതെ, ജീവൻ രക്ഷിക്കാനായി തിരുവല്ല ഗവ. ആശുപത്രിയിലേക്ക് കുതിച്ച പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഓമനയ്ക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകി ജീവൻ രക്ഷിച്ച ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മഹാമാരിയുടെ ഈ കാലത്ത് കെട്ടമനസ്സുകൾ നാട്ടിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുമ്പോൾ റെജിയെ പോലുള്ള സഖാക്കൾ മാതൃകകളായി മാറുകയാണ്. - അഭിവാദ്യങ്ങൾ വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ തിരുവല്ലയിലെ കുറ്റൂരിന് സമീപം മണിമല നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് അടുത്തുവെച്ചാണ് ഓമന സുരേന്ദ്രൻ നദിയിലൂടെ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തീരത്തെ മത്സ്യത്തൊഴിലാളികളും മറ്റും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഫയർഫോഴ്സും പോലീസും എത്തി. 10.25-ന് തിരുമൂലപുരം വെളിയം കടവിന് സമീപത്തുവെച്ച് മത്സ്യത്തൊഴിലാളി തിരുമൂലപുരം തയ്യിൽ പള്ളത്ത് റെജിയും ബന്ധു ജോയ് വർഗീസും ചേർന്നാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. അബോധാവസ്ഥയിലായിരുന്ന ഓമനയെ ആദ്യം തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരച്ചിൽ മതിയാക്കി മടങ്ങാമെന്ന് കരുതിയപ്പോഴാണ് ഓളപ്പരപ്പിനിടയിൽ ഒരു കണ്ണ് ശ്രദ്ധയിൽപ്പെട്ടത്. അപ്പാപ്പൻ ജോയ് വർഗീസിനൊപ്പം വള്ളം അവിടേക്ക് നീക്കി. ഒഴുകിയെത്തുന്നത് ഒരു വയോധികയാണെന്ന് മനസ്സിലായി. ജീവനുണ്ടാകുമെന്ന് ഉള്ളിലൊരുറപ്പ്. വെള്ളത്തിൽനിന്ന് ആ അമ്മയുടെ തല ഉയർത്തിപ്പിടിച്ച് കരയിലേക്ക് വള്ളം അടുപ്പിച്ചു- ഓമനയെ രക്ഷിച്ച റെജി പറയുന്നു. ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ് തിരുമൂലപുരം തയ്യിൽ പള്ളത്ത് വർഗീസ് മത്തായി(റെജി-37). എം.സി.റോഡിന് പടിഞ്ഞാറ് വെളിയം കടവിന് സമീപത്തുവെച്ചാണ് ഓമനയെ രക്ഷപ്പെടുത്തുന്നത്. സി.പി.എം. തിരുമൂലപുരം പ്ലാമ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ് റെജി. കുറ്റൂർ വഞ്ചിമലയിൽ വി.ആർ.രാജേഷാണ് ഓമന ഒഴുകിപ്പോകുന്നത് ആദ്യം കണ്ടത്. രാവിലെ ഒൻപതരയോടെ മണിമല റെയിൽവേ പാലത്തിന് സമീപം നിൽക്കുകയായിരുന്ന രാജേഷും സുഹൃത്തുക്കളും വിവരം നദീതീരത്ത് വള്ളമുള്ളവരെയെല്ലാം അറിയിച്ചു.ഇരുവെള്ളിപ്പറ ചുങ്കത്തിൽ ടിറ്റോ തോമസ്, കല്ലിടുക്കിൽ എസ്.ആർ.ബിജു തുടങ്ങിയവർ വിവിധയിടങ്ങളിലേക്ക് സന്ദേശം കൈമാറി. ഫയർഫോഴ്സും പോലീസും തിരച്ചിലിനെത്തി. ബോധം തിരികെ കിട്ടിയപ്പോൾ ഓമനയാണ് ആശുപത്രി അധികൃതരെ സ്വന്തം വിലാസം അറിയിച്ചത്. വിവരം അറിഞ്ഞ് മകൻ രാജേഷ് കുമാർ എത്തി അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഓമന എവിടെ വെച്ചാണ് നദിയിൽ അകപ്പെട്ടതെന്ന് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മണിമലയിലെ വീടിന് തൊട്ടടുത്താണ് നദി. അവിടെ വെച്ചാണ് നദിയിൽ വീണതെങ്കിൽ 40 കിലോമീറ്ററോളം കുത്തൊഴുക്കിൽപ്പെട്ടാണ് തിരുവല്ലയിൽ എത്തിയത്. മകൻ രാജേഷ് കുമാറിനൊപ്പമാണ് ഓമന താമസം. ബുധനാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്ന ഓമനയെ വ്യാഴാഴ്ച രാവിലെ മുതൽ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം സംബന്ധിച്ച് വ്യക്തമായ വിവരം തരാനുള്ള ആരോഗ്യാവസ്ഥയിലല്ല ഓമനയെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. Content Highlights:CPM general secretary Kodiyeri Balakrishnan appreciates Reji, Who saved the life of Omana surendran


from mathrubhumi.latestnews.rssfeed https://ift.tt/2PdlkC6
via IFTTT