Breaking

Wednesday, July 29, 2020

മുംബൈ ചേരികളില്‍ 57 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നതായി റിപ്പോർട്ട്

മുംബൈ: നഗരത്തിൽ ആറിൽ ഒരാൾക്ക്(16%)കൊറോണ വൈറസ് ബാധയുണ്ടായിട്ടുള്ളതായി സർവേ റിപ്പോർട്ട്. മുംബൈയിലെ ലക്ഷക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിൽ കോവിഡ് ബാധിതർ 57 ശതമാനമാണെന്നും സർവേ പറയുന്നു. മുംബൈയിലെ ഏഴായിരം പേരിൽ നടത്തിയ മെഡിക്കൽ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ മാസം ആദ്യം റാൻഡം സാമ്പിളുകൾ ശേഖരിച്ച് സീറോ പ്രിവലെൻസ് പഠനം നടത്തിയിരുന്നു. പഠനത്തിൽ പൊതുജനങ്ങളിൽ ഒരു വിഭാഗത്തിന്റെ രക്തത്തിൽ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം ഉണ്ടോയെന്നാണ് ഡോക്ടർമാർ പരിശോധിച്ചത്. മുൻപ് രോഗബാധയുണ്ടായവരിലാണ് ആന്റിബോഡികൾ വികസിക്കുക. ഇത് പൊതുജനങ്ങളിൽ എത്രപേർ രോഗബാധിതരായി എന്നുള്ളത് മാത്രമല്ല, ജനങ്ങൾ ഹെർഡ് ഇമ്മ്യൂണിറ്റി കൈവരിച്ചോ എന്നുമനസ്സിലാക്കുന്നതിനും സഹായിക്കും. ആന്റിബോഡികളുടെ ആധിക്യം സ്ത്രീകളിലാണ് കൂടുതൽ എന്ന് സർവേയിൽ കണ്ടെത്തി. പഠനത്തിൽ ഭൂരിഭാഗം കോവിഡ് 19 രോഗികളും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്. നിതി ആയോഗ്, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്. മൂന്ന് മുനിസിപ്പൽ വാർഡുകളിലെ സന്നദ്ധപ്രവർത്തകരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഒരുലക്ഷത്തിലേറെപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏഴുശതമാനം മുംബൈയിൽ നിന്നാണ്. ചൊവ്വാഴ്ച 717 പുതിയ കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തെ കണക്കുവെച്ചുനോക്കുമ്പോൾ ആദ്യമായാണ് ഇത്ര കുറവ് കേസുകൾ ഒരു ദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്നത്. 55 പേർ മരിച്ചു. ആകെ 6,184 പേരാണ് മുംബൈയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. 1.2 കോടിയോളം പേരാണ് മുംബൈയിൽ താമസിക്കുന്നത്. ഇവരിൽ 65 ശതമാനംപേരും ചേരിപ്രദേശത്ത് താമസിക്കുന്നവരാണ്. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടത്തിയ സീറോ പ്രിവലെൻസ് പഠനത്തിൽ നഗരത്തിലെ 23.48 ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. രോഗബാധിതരിൽ ഭൂരിഭാഗം പേരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. Content Highlights:57% Have Had COVID-19 In Slums: Mumbai Sero Survey


from mathrubhumi.latestnews.rssfeed https://ift.tt/3f5oC57
via IFTTT