Breaking

Monday, July 27, 2020

ശീതീകരണസംഭരണി മുതല്‍ വിതരണ പ്രക്രിയ വരെ; വാക്‌സിനെത്തിയാലും കടമ്പകളേറെ

ന്യൂഡൽഹി: കോവിഡ്-19 വാക്സിന്റെ തടസമില്ലാത്ത വിതരണത്തിനും ഫലപ്രദമായ ഉപയോഗത്തിനുമുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. ഇതിനായി വാക്സിന്റെ വിതരണപ്രക്രിയ മുതൽ ധാർമികത വരെയുള്ള വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രാഥമിക ചർച്ചകൾ ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയുൾപ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളിൽ വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലുൾപ്പെടുന്ന വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത വർഷാദ്യത്തിന് മുമ്പ് വാക്സിൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരുദ്യോഗസ്ഥൻ അറിയിച്ചു. ആദ്യ വാക്സിൻ സംബന്ധിച്ച് രണ്ട് ചർച്ചകൾ നടന്നതായും വരുന്ന ആഴ്ചകളിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. വാക്സിൻ സംബന്ധിയായി സങ്കീർണമായ നിരവധി പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ചൈനീസ് വാക്സിനുകളുൾപ്പെടെ ഒമ്പതോളം വാക്സിനുകളുടെ വികസനത്തിലാണ് ഇപ്പോൾ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൽ ഓക്സ്ഫോഡിന്റെ ആസ്ട്രസെനകയിലാണ് കൂടുതൽ പ്രതീക്ഷ. പുണെ ആസ്ഥാനമായ സെറം ഇൻസ്റ്റിട്യൂട്ട് ഈ വാക്സിന്റെ ഇന്ത്യൻ നിർമാണത്തിനൊരുങ്ങുകയാണ്. ആസ്ട്രസെനകയുടെ പരീക്ഷണം ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലാരംഭിക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ട് വാക്സിനുകൾ വികസനത്തിന്റെ ആദ്യഘട്ടത്തിലാണ്. പരീക്ഷണം ആരംഭിക്കാനിരിക്കെ അവസാന ഘട്ടത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ ഒഴിവാക്കുന്നതിനാണ് അടിയന്തരചർച്ചകളുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദൂരഗ്രാമങ്ങളിലെ വാക്സിൻ വിതരണവും വൻ തോതിലുള്ള ശീതികരണസംവിധാനവും ഒരുക്കുന്ന കാര്യമാണ് പ്രതിസന്ധികളിലൊന്നെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും കൂടാതെ സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്ന വാക്സിൻ വിതരണത്തെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2ZZUUtW
via IFTTT