Breaking

Tuesday, July 28, 2020

''ഇന്റേത് റെഡ്യായി''; മില്‍മയുടെ പരസ്യവാചകം ഫായിസിന്റേത്

മലപ്പുറം: മൊബൈൽ ക്യാമറയിൽ ആരും കാണാതെ നടത്തിയ ഒരു ലൈവ് പരീക്ഷണം, തന്നെ ഇത്രവലിയ താരമാക്കുമെന്ന് നാലാം ക്ലാസുകാരൻ ഫായിസ് കരുതിയതേയില്ല. ഇപ്പോഴിതാ ഫായിസിന്റെ തരംഗമായ ആ ഡയലോഗ് മിൽമ പരസ്യവാചകമാക്കിയിരിക്കുന്നു. കടലാസ് പൂവുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഫായിസ് പറഞ്ഞ ‘ചെലോര്ത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡ്യായിട്ടില്ല. ന്നാലും ഞമ്മക്കൊരു കൊയപ്പൂല്യ’ എന്ന ഡയലോഗാണ് മലബാർ മിൽമ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ പരസ്യവാചകമാക്കിയിരിക്കുന്നത്. ‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലോൽതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ’ എന്നാണ് പരസ്യവാചകം. മിൽമയുടെ പോസ്റ്റിനുതാഴെ പലരും ഫായിസിന് അനുകൂലമായി കമന്റും ചെയ്തിട്ടുണ്ട്. നല്ല പരസ്യവാചകമായതിനാൽ ഫായിസിന് തക്ക പ്രതിഫലം കൊടുക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. കിഴിശ്ശേരി കുഴിഞ്ഞൊളം അക്കരമ്മൽ അബ്ദുൾ മുനീറിന്റെ മകനായ അബ്ദുൾ ഫായിസ് കുഴിമണ്ണ ഇസ്സത്ത് ഹയർസെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ആരും കാണാതെ മുറിക്കുള്ളിൽവെച്ചാണ് ഫായിസ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത്. സഹോദരിമാരാണ് പിന്നീട് ഇതു കണ്ടെത്തിയത്. അവർ ഗൾഫിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തപ്പോളാണ് വീഡിയോ തരംഗമായത്. കടലാസുകൊണ്ട് പൂവുണ്ടാക്കാൻ ശ്രമിക്കുകയും ‘ലൈവായി’ പരാജയപ്പെടുകയും ചെയ്തിട്ടും ഭംഗിയായി ആ രംഗം കൈകാര്യംചെയ്ത ഫായിസിന്റെ മനോധൈര്യത്തെ ലക്ഷക്കണക്കിനുപേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്. ജനം കൂടുതൽ ശ്രദ്ധിച്ച വാചകമായതുകൊണ്ടാണ് സംഭാഷണം പരസ്യമാക്കിയതെന്ന് മലബാർ മിൽമ എം.ഡി. കെ.എം. വിജയകുമാർ പറഞ്ഞു. ഫായിസിന് പ്രതിഫലം നൽകണമെന്ന സാമൂഹിക മാധ്യമങ്ങളിലെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം ‘മാതൃഭൂമി’യോടു പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2BG1xZ6
via IFTTT