Breaking

Monday, July 27, 2020

തള്ളിമാറ്റപ്പെട്ടവന് കൈത്താങ്ങ്: മൂന്നുകാലിൽ കുഞ്ഞന് സുഖജീവിതം

അന്തിക്കാട് : 'ലിജീ, ഈ വീട്ടില് ഒരു പട്ടി പ്രസവിച്ചുകിടക്കാ. പത്തു കുഞ്ഞുങ്ങളുണ്ട്. അതിലൊരു കാലില്ലാത്ത കുട്ടിയുണ്ട്. പാലുകുടിക്കാൻ ചെല്ലുമ്പൊ അതിനെ എല്ലാരും തട്ടിമാറ്റും. അതിന് ഒന്നും കിട്ടണില്ല', പെരുവല്ലൂരിൽ പണിക്കുപോയ വീട്ടിൽനിന്ന് ഒഴിവുസമയത്ത് അജീഷ് ഭാര്യ ലിജിയെ ഫോണിൽ വിളിച്ചതാണ്. വാട്സാപ്പിൽ ഫോട്ടോയും അയച്ചു. പാലുകിട്ടാതെ ഒട്ടിയ വയറോടെ അജീഷിന്റെ വീട്ടിലെത്തിയ അവൻ ഇപ്പോൾ അഞ്ചുമാസം പ്രായമുള്ള ഉശിരൻ നായക്കുട്ടിയാണ്. തള്ളിമാറ്റപ്പെട്ടവന്റെ ജീവിതം ഇവരുടെ കരുതലിൽ സുരക്ഷിതം. പെരിങ്ങോട്ടുകരയിലെ വാടകവീട്ടിലെ പ്രധാന സന്തോഷം മൂന്നുകാലുള്ള ഇവന്റെ കുട്ടിക്കളികളാണ്. പേര് കുഞ്ഞൻ. ഇവിടെ നേരത്തേയുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട ചാർളിക്കും പോമറേനിയൻ ചിക്കുവിനും മുന്നിലാണ് കുഞ്ഞന്റെ സ്ഥാനം ഇപ്പോൾ. അജീഷിനൊപ്പം ചെറിയ കാർഡ്ബോർഡ് പെട്ടിയിൽ വീട്ടിലേയ്ക്ക് വരുമ്പോൾ കുഞ്ഞന് ഒരുമാസമായിരുന്നു പ്രായം. പാലും ആരോറൂട്ട് ബിസ്കറ്റുമായിരുന്നു പ്രധാന ഭക്ഷണം. ഇപ്പോൾ പഴുത്തമാങ്ങവരെ തിന്നാൻ കുഞ്ഞൻ റെഡി. ചെറുതായിരിക്കുമ്പോൾ കുഞ്ഞുങ്ങളെപ്പോലെ തോളിലിട്ടാണ് നടന്നിരുന്നത്. കട്ടിലിൽ ഇവർക്കൊപ്പംതന്നെയാണ് കുഞ്ഞന്റെയും ഉറക്കം. ടൂവീലറിന്റെ ടയറിൽ തുണിനിറച്ച് കുഞ്ഞുമെത്തയും ഒരുക്കിയിട്ടുണ്ട്. കുഞ്ഞാപ്പീയെന്ന് കൊഞ്ചിച്ചുവിളിച്ചാൽ മൂന്നുകാലിൽ കുഞ്ഞൻ പാഞ്ഞെത്തും. അജീഷിന്റെയും ലിജിയുടെയും കൈയിലെ മിഠായിയിലേയ്ക്കാണ് കണ്ണ്. രാവിലെ അജീഷ് പണിക്കിറങ്ങുമ്പോൾ മിഠായി വായിൽ വെച്ചുകൊടുക്കും. പണി കഴിഞ്ഞ് വരുമ്പോൾ വാതിൽക്കൽ കുഞ്ഞൻ കാത്തിരിക്കും. അപ്പോഴും വേണം മിഠായി. ജന്മനാ വലത്തേ മുൻകാലാണ് ഇല്ലാത്തതെങ്കിലും വലിയ ഓട്ടക്കാരനാണ് കുഞ്ഞൻ. കെട്ടിടനിർമാണത്തൊഴിലാളിയാണ് അജീഷ്. അജീഷിന്റെ അച്ഛൻ അശോകനും ഇവർക്കൊപ്പമുണ്ട്. Content Highlights: Story of dog with three legs


from mathrubhumi.latestnews.rssfeed https://ift.tt/2D5CrDl
via IFTTT