Breaking

Friday, July 31, 2020

പ്രതീക്ഷയോടെ..പ്രാര്‍ഥനയോടെ.. കോവിഡ് ജാഗ്രതയില്‍ ഇന്ന് ബലിപെരുന്നാള്‍

കരുതൽ കൈവിടാത്ത ആഘോഷം...മഹാമാരിയുടെ കഷ്ടതകളിൽ നിന്ന് എത്രയും വേഗം മോചിതരാകാൻ ഏവർക്കും കഴിയട്ടെ. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപം കുന്നത്ത് കരുതലോടെ ബലിപെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന കുടുംബം: ചിത്രത്തിന് കടപ്പാട് : അജേഷ് ഇടവെട്ടി കോഴിക്കോട്: കോവിഡ് 19 ജാഗ്രതയിൽ ഇന്ന് ബലി പെരുന്നാൾ. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ പരമാവധി കുറച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ആഘോഷം. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ ഈദുഗാഹുകൾക്ക് അനുമതിയില്ല. വലിയ പള്ളികളിൽ നൂറുപേർക്കും ചെറിയ പള്ളികളിൽ സ്ഥലസൗകര്യമനുസരിച്ചും പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇത്തരത്തിൽ പള്ളികളിൽ ബലിപെരുന്നാൾ നമസ്കാരം നടത്തുന്നതിന് അനുമതിയില്ല. ബലി കൊടുക്കൽ ചടങ്ങിനും ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ടാണ് പരമാവധി അഞ്ചുപേരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ബലി ചടങ്ങുകൾ. കോവിഡ് ഭീഷണിയിൽ നിൽക്കുന്ന ഈ സമയത്തെ ബലിപെരുന്നാളിന് ജാഗ്രതയും സമർപ്പണ മനസ്സും വിശ്വാസികൾക്ക് ഉണ്ടാവണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ പറഞ്ഞു. ത്യാഗത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ. ജീവിതത്തിൽ വലിയ ത്യാഗങ്ങൾ അനുഷ്ഠിച്ച് ദൈവികകല്പന മുറുകെപ്പിടിച്ച ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും സേവനങ്ങളെ നിതാന്തമാക്കി നിലനിർത്തുകയാണ് ബലിപെരുന്നാളിലൂടെ. അതിനാൽ വിട്ടുവീഴ്ചകളിലൂടെയും ത്യാഗങ്ങളിലൂടയും ഈ പ്രയാസ കാലത്തെ നാം അതിജീവിക്കണം. കോവിഡ് കാരണം വിഷമത്തിലായ കുടുംബങ്ങൾക്ക് സഹായങ്ങൾ ചെയ്യാൻ ഈ ബലിപെരുന്നാൾ ഉപയോഗപ്പെടുത്തണം. സർക്കാർ മാനദണ്ഡം പൂർണമായും അനുസരിച്ചാവണം ഉദ്ഹിയ്യതും പെരുന്നാൾ നിസ്കാരവുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പെരുന്നാളാഘോഷം മുതിർന്ന തലമുറയുടെ ഓർമകളിലില്ല, കോവിഡ് കാലത്തെ പരിമിതികളുണ്ടെങ്കിലും വീടുകൾക്കുള്ളിലും മനസ്സുകളിലും ആഘോഷം ഇല്ലാതാവുന്നില്ല. അകന്നുനിൽക്കാനാണ് ഈ കാലം ആവശ്യപ്പെടുന്നതെങ്കിലും മനസ്സുകൊണ്ട് എല്ലാവരും ഏറ്റവും അടുത്താവുന്നു, ഈ ബലിപെരുന്നാളിൽ കോഴിക്കോട്: പെരുന്നാൾ രാവിൽ കോഴിക്കോട് നഗരം ഉറങ്ങാറില്ലായിരുന്നു. രാത്രി ഏറെ വൈകുവോളം തുടരുന്ന ഷോപ്പിങ്, പലഭാഗത്തെ പള്ളികളിൽനിന്നുമുയരുന്ന തക്ബീർ ധ്വനികൾ. പെരുന്നാൾ വിഭവങ്ങളൊരുക്കുന്ന തിരക്കിൽ ഉറക്കമില്ലാത്ത അടുക്കളകൾ. ആഘോഷത്തിന്റെ എല്ലാനിറപ്പകിട്ടുകളെയും കോവിഡ് ഇല്ലാതാക്കി. നഗരത്തിൽ മുഖദാർ, പൊറ്റമ്മൽ, വലിയങ്ങാടി, കുറ്റിച്ചിറ, കല്ലായി, മൂന്നാലിങ്കൽ, വെള്ളയിൽ, പന്നിയങ്കര തുടങ്ങിയ ഇടങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണായതിനാൽ അവിടങ്ങളിൽ പ്രാർഥനയും ആഘോഷവും വീടുകളിൽ തന്നെയാണ്. പെരുന്നാൾ രാവിൽ കോഴിക്കോടിന്റെ വ്യപാരത്തെരുവായ മിഠായിത്തെരുവ് ആൾത്തിരക്കിൽ നിറഞ്ഞൊഴുകുമായിരുന്നു. കണ്ടെയ്ൻമെന്റ് സോണായതോടെ മിഠായിത്തെരുവും വ്യാഴാഴ്ച നിശ്ചലമായി. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത നഗരമേഖലകളിൽ മാത്രമാണ് അല്പമെങ്കിലും തിരക്കുണ്ടായിരുന്നത്. പുറത്തിറങ്ങുന്നതിനുതന്നെ ആളുകൾക്ക് പേടിയായതിനാൽ തുണിക്കടകളിലൊക്കെ കാര്യമായ കച്ചവടം നടന്നില്ല. ചെറിയ പെരുന്നാൾ ലോക്ഡൗൺ കാലത്തായിരുന്നെങ്കിലും ബന്ധുക്കളൊക്കെ വീടുകളിൽ ഒത്തുചേർന്നിരുന്നു. പക്ഷേ, ഇപ്പോൾ കോവിഡ് സമൂഹവ്യാപനത്തിലേക്ക് മാറിയതോടെ ഓരോരുത്തരും കുടുംബാംഗങ്ങളുമൊത്ത് ചെറിയ രീതിയിലുള്ള ആഘോഷത്തിലേക്ക് ഒതുങ്ങി. സഹജീവികളുടെ ദുരിതമകറ്റാൻ ത്യാഗ സജ്ജമാവണം കോഴിക്കോട്: ലോകം കോവിഡ് മഹാമാരിയിൽ അതിജീവനത്തിനായി പൊരുതുമ്പോൾ സഹജീവികളുടെ ദുരിതമകറ്റാൻ ത്യാഗ സജ്ജരായി രംഗത്തിറങ്ങണമെന്ന് കെ.എൻ.എം. (മർകസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമദ് കുട്ടി, ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാർ അലി, ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് എന്നിവർ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ജീവിതം വഴിമുട്ടിയവർക്ക് കൈത്താങ്ങാവാൻ ഈ ആഘോഷവേളയിൽ വിശ്വാസികൾ പ്രതിജ്ഞ ചെയ്യണം. മഹാമാരിയെ പ്രതിരോധിക്കുന്ന പശ്ചാത്തലത്തിൽ സഹജീവികളുമായി പങ്ക് വെക്കലിന്റെയും കരുതലിന്റെയും ജീവിതക്രമങ്ങളെ ശക്തിപ്പെടുത്താൻ ബലി പെരുന്നാൾ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്വീഫ് മദനി, ജന. സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു. പെരുന്നാളിന് പള്ളിയിൽ പോവാനോ എല്ലാവരും ഒത്തുചേർന്ന് ആഘോഷിക്കാനോ കഴിയാത്ത അനുഭവം ആദ്യമാണെന്ന് പഴമക്കാർ പറയുന്നു. കോഴിക്കോട്ട് പെരുന്നാൾ രാവുമുതൽ ആഘോഷങ്ങളുടെ തുടക്കമാണ്. രാത്രി ഒരുമണിവരെയൊക്കെ കടകൾ തുറന്നുവെക്കും. തലേദിവസം രാത്രിയിലും എന്തെങ്കിലുമൊക്കെ വാങ്ങാനുണ്ടാവും. കൊച്ചുകുട്ടികളുമൊത്താണ് പലരും ഷോപ്പിങ്ങിനിറങ്ങുക. തെക്കേപ്പുറത്ത് ഈത്തപ്പഴമുൾപ്പെടെയുള്ള ഡ്രൈഫ്രൂട്സ് വിൽക്കുന്ന സ്ഥാപനങ്ങളാണ് ഏറ്റവും സജീവമാവുക. പെരുന്നാൾ ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുമ്പോൾ ഡ്രൈഫ്രൂട്സ് നൽകുന്നത് നിർബന്ധം. തെക്കേപ്പുറത്തെ തറവാടുകളിലൊക്കെ 30 പേരെങ്കിലും ഒത്തുചേരാതെ പെരുന്നാൾ കടന്നുപോവാറില്ല. പലയിടത്ത് താമസിക്കുന്നവരാണെങ്കിലും കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ബലിപെരുന്നാൾ ദിനത്തിൽ രാവിലെ പള്ളിയിൽനിന്ന് പ്രാർഥന കഴിഞ്ഞിറങ്ങിയാൽ മുതിർന്നവർ പലരും ബലികർമം നടക്കുന്നിടത്തേക്കാണ് പോവുക. മരിച്ചവർക്കുവേണ്ടി കബറിടങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടത്തും. കണ്ണംപറമ്പ് ശ്മശാനം പെരുന്നാൾ ദിനത്തിൽ ആളുകളെക്കൊണ്ട് നിറയും. വിഷമമുണ്ട്, പക്ഷേ, കോവിഡ് കാലമല്ലേ ബന്ധുക്കൾ മുഴുവൻ ഒത്തുചേർന്ന് പെരുന്നാൾ ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതി വിഷമംതന്നെ. ഒരോ തറവാടുകളിലും ഒട്ടേറെ അംഗങ്ങളുള്ളതിനാൽ ആഘോഷദിനങ്ങൾക്ക് വല്ലാത്തൊരു നിറപ്പൊലിമ തന്നെയാണ്. ആഘോഷം ആസ്വദിക്കാൻ കഴിയാത്ത ഒരുകാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണായതിനാൽ ബന്ധുവീടുകൾ പോലും സന്ദർശിക്കാൻ കഴിയില്ല. എന്റെ എഴുപത് വർഷത്തെ അനുഭവത്തിനിടയിൽ ഇങ്ങനെ ഒരു ബലിപെരുന്നാൾ ആദ്യം. (ഇ.വി. ഉസ്മാൻ കോയ) എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ആഘോഷത്തിന്റെ രസം അണുകുടുംബങ്ങളിലെ ആഘോഷംപോലെ ഒതുങ്ങിപ്പോയി ഇത്തവണ പെരുന്നാൾ. ഞങ്ങളുടെയൊക്കെ തറവാടുകളിൽ 10 കിലോ അരിയുടെ ബിരിയാണി പെരുന്നാൾ ദിനത്തിൽ തയ്യാറാക്കും. തറവാട്ടിലെ അംഗങ്ങളെല്ലാം അന്നാണ് ഒത്തുചേരുക. തലേദിവസം 12 മണിവരെ അടുക്കളയിലെ തിരക്കൊഴിയില്ല. ബിരിയാണിയുൾപ്പെടെയുള്ള വിഭവങ്ങൾ തലേന്ന് രാത്രിതന്നെ തയ്യാറാക്കും. കൂട്ടായ്മ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കോവിഡ് കാലമായതിനാൽ ഗൂഗിൾ മീറ്റിലൂടെ ഒത്തുചേരാനാണ് തീരുമാനം( ബിന്ദു റംസി,അധ്യാപിക, കുറ്റിച്ചിറ) Content Highlights:Kerala celebrates Eid al adha Covid 19 protocol


from mathrubhumi.latestnews.rssfeed https://ift.tt/3fgjquY
via IFTTT