മോനിപ്പള്ളി: ജന്മദിനവും വിവാഹവാർഷികവും ഒന്നിച്ചുവരുന്ന ജൂലായ് 30-ന് ഒരുദിനംമാത്രം ശേഷിക്കേയാണ്, നാലുവർഷംമുമ്പ് താലിചാർത്തി സ്വന്തമാക്കിയ അതേകൈകൾകൊണ്ട് ജീവനെടുത്തതും. അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്സ്, മോനിപ്പള്ളി മരങ്ങാട്ടിൽ ജോയിയുടെയും മേഴ്സിയുടെയും മകൾ മെറിൻ ജോയി (28)യുടെ ജന്മദിനം 30-നാണ്. 2016 ജൂലായ് 30-നായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ, ഭർത്താവ് നെവിൻ എന്ന ഫിലിപ്പ് മാത്യുവിനെ(34) ഫ്ളോറിഡ പോലീസ് അറസ്റ്റുചെയ്തു. നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ച വിവരമിങ്ങനെ: ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായ മെറിൻ ചൊവ്വാഴ്ച അമേരിക്കൻസമയം രാവിലെ ഏഴരയോടെ, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് തന്റെ വാഹനവും ഓടിച്ചുകയറ്റി. ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ സുരക്ഷാജീവനക്കാരനെയും അക്രമിച്ചു. അയാൾക്കും പരിക്കുണ്ട്. മെറിനെ പോലീസ് ഉടൻ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് പോയ ഫിലിപ്പിനെ പിന്നീട് ഹോട്ടൽമുറിയിൽനിന്നാണ് പിടികൂടിയത്. ഇയാൾ സ്വയം കുത്തിമുറിവേല്പിച്ച നിലയിലായിരുന്നു. മിഷിഗനിലെ വിക്സനിൽ ജോലിചെയ്യുന്ന ഫിലിപ്പ് തലേന്ന് കോറൽ സ്പ്രിങ്സിലെത്തി ഹോട്ടലിൽ താമസിച്ചു. മെറിൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ കാർ പാർക്കിങ്ങിൽ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. ഏകമകൾ നോറ (രണ്ടുവയസ്സ്). തമിഴ്നാട് തൂത്തുക്കുടിയിൽ ബി.എസ്സി. നേഴ്സിങ് വിദ്യാർഥിനിയാണ് മെറിന്റെ സഹോദരി മീര. ജോയിയുടെ ബന്ധുക്കൾ അമേരിക്കയിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ അവർ ശ്രമം തുടങ്ങിയിട്ടുണ്ട്. കൊണ്ടുവരുന്നതിലുള്ള തീരുമാനം വ്യാഴാഴ്ച അറിയാനാകും. content highlights: malayali nurse merin joy murdered by husband in usa
from mathrubhumi.latestnews.rssfeed https://ift.tt/312bicy
via
IFTTT