പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്തുനിന്ന് സ്ത്രീയുടെ മാല ബൈക്കിലെത്തി കവർച്ചനടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും (23) കാമുകിയുമാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. 23-ന് വൈകീട്ടായിരുന്നു സംഭവം. സ്ത്രീയുടെ പരാതിയിൽ എ.എസ്.പി. ഹേമലതയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടിച്ചത്. പരാതിക്കാരിയിൽനിന്നുള്ള വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും പോലീസിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ ശേഖരിച്ചുമായിരുന്നു അന്വേഷണം. സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും ഇതിലൂടെ സൂചന ലഭിച്ചു. വാടകക്കാറിൽ പ്രതികൾ വയനാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായ വിവരത്തെത്തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതായും ജീവിതച്ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാർഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും പണമുണ്ടാക്കാൻ ഇരുവരും ആലോചിച്ച് കണ്ടെത്തിയ മാർഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മലപ്പുറത്തെ ഒരു ജൂവലറിയിൽ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തിൽ പോലീസ് കണ്ടെടുത്തു. സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ശ്രീരാഗിനെ പെരിന്തൽമണ്ണ കോടതി റിമാൻഡ്ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിൽ എ.എസ്.ഐ അബ്ദുൾസലീം, സജീർ, മിഥുൻ, ശ്രീകുമാർ, കൃഷ്ണകുമാർ, പ്രഫുൽ, സുരേഷ്, സുനിജ എന്നിവരാണുണ്ടായിരുന്നത്. content highlights: 17 year old girl and boyfriend leaves homes to live together
from mathrubhumi.latestnews.rssfeed https://ift.tt/2P3u2CZ
via
IFTTT