Breaking

Friday, July 10, 2020

ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി

ദുബായ്: യു.എ.ഇ. താമസവിസയുള്ള ഇന്ത്യക്കാർക്ക് രാജ്യത്ത് തിരികെയെത്താൻ അനുമതി. ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർഇന്ത്യ എക്സ്പ്രസ് (ഐ.എക്സ്.) അധികൃതർ അറിയിച്ചു. ജൂലായ് 12 മുതൽ 26 വരെ തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾസെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവവഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലവിൽ യു.എ.ഇ. താമസവിസയുള്ളവർക്കുമാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുമതിയുള്ളൂ. യാത്രക്കാരുടെ കൈവശം ഇമിഗ്രേഷൻ ആൻഡ് ചെക്പോയിന്റ് അതോറിറ്റിയുടെയോ (ഐ.സി.എ.) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് ആൻഡ് ഫോറിൻ അഫയേഴ്സിന്റെയോ (ജി.ഡി.ആർ.എഫ്.എ.) അനുമതിയുണ്ടാവണം. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയതിന്റെ നെഗറ്റീവ് ഫലം കൈവശംവെക്കണം. ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറന്റീൻ അണ്ടർറ്റേക്കിങ് ഫോം എന്നിവ സമർപ്പിക്കണം. കൂടാതെ ഡി.എക്സ്.ബി. സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വന്ദേഭാരത് ദൗത്യത്തിന് ഏർപ്പെടുത്തിയ വിമാനങ്ങളിലാണ് മടങ്ങാൻ കഴിയുക. വിവരങ്ങൾക്ക്: https://ift.tt/2OnXZ0p യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന യു.എ.ഇ.യുടെ ചാർട്ടേർഡ് വിമാനങ്ങളിലും പ്രവാസികൾക്ക് മടങ്ങിവരാം. കോവിഡ് പ്രത്യേകസാഹചര്യത്തിൽ യു.എ.ഇ. അന്താരാഷ്ട്രവിമാനത്താവളം അടച്ചതിനെത്തുടർന്നാണ് ആയിരക്കണക്കിന് ഇന്ത്യക്കാർ തിരികെവരാനാകാതെ കുടുങ്ങിക്കിടന്നത്. നാലുമാസത്തിനുശേഷം തിരികെയെത്താൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാർ.


from mathrubhumi.latestnews.rssfeed https://ift.tt/2W7b9mG
via IFTTT