കൊച്ചി: അവനെ നെഞ്ചോടു ചേർത്തുപിടിച്ച് ഹെലികോപ്റ്ററിൽ പറന്നെത്തുമ്പോൾ സാജിദയുടെ മനസ്സു മുഴുവൻ പ്രാർഥനയിലായിരുന്നു. നാലു വർഷങ്ങൾക്കുമുമ്പ് ദൈവം സമ്മാനിച്ച അഗ്നിപരീക്ഷയുടെ തനിയാവർത്തനം തന്നെയായ നിമിഷങ്ങൾക്കൊടുവിൽ പക്ഷേ, ഇക്കുറി തീരാസങ്കടത്തിലേക്കു വീഴാനായിരുന്നു സാജിദ എന്ന അമ്മയുടെ വിധി. ഗുരുതരമായ ഹൃദ്രോഗവുമായി പിറന്ന കുഞ്ഞിനെ ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നാണ് അടിയന്തര ശസ്ത്രക്രിയയ്ക്കായി എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച 12-ന് കുഞ്ഞുമായി പുറപ്പെട്ട സാജിദയും ഭർത്താവ് റാസിക്കും 1.55-ന് കൊച്ചി വിമാനത്താവളത്തിലെത്തി. ആംബുലൻസിലുള്ള യാത്രയ്ക്കിടെ നില വഷളായ കുഞ്ഞ് ആശുപത്രിയിലേക്കു പ്രവേശിച്ച നേരത്താണ് മരിച്ചത്. അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയ റാസിക്കിന്റെയും സാജിദയുടെയും മൂത്തകുട്ടിയായ അബ്ദുൽ ഹാക്കിമിനെയും ഇതേ അവസ്ഥയിലൂടെയുള്ള യാത്രക്കൊടുവിലാണ് അവർക്കു തിരികെ കിട്ടിയത്. അന്നു സാജിദ പ്രസവിച്ച ഉടനെ കുട്ടിയുടെ ഹൃദയനില ഗുരുതരമായ തകരാറിലാണെന്നു കണ്ടെത്തി ഹെലികോപ്റ്ററിൽതന്നെ അമ്മയെയും കുഞ്ഞിനെയും കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഒന്നരമാസത്തെ ചികിത്സയ്ക്കൊടുവിലാണ് മരണം മുഖാമുഖംകണ്ട ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാമത്തെ കുഞ്ഞിനും അതേ അവസ്ഥ വന്നപ്പോൾ പക്ഷേ, സാജിദയും റാസിക്കും പ്രതീക്ഷയിലായിരുന്നു. ''ഹൃദയത്തിന് പ്രശ്നമുണ്ടെന്നും ഉടനെ കേരളത്തിലേക്ക് കൊണ്ടുപോകാനും ഡോക്ടർ പറയുകയായിരുന്നു. ആ യാത്രയ്ക്കൊടുവിൽ എന്റെ കുഞ്ഞ് പക്ഷേ...'' കണ്ണുനീരിൽ സാജിദയുടെ വാക്കുകൾ മുറിഞ്ഞുനിന്നപ്പോൾ ആംബുലൻസിന്റെ ചില്ലുജാലകത്തിനപ്പുറം തോട്ടത്തുംപടി ജുമാമസ്ജിദിലെ കബർസ്ഥാനിൽ ആ കുഞ്ഞിനെ വെള്ളപുതപ്പിക്കുകയായിരുന്നു. Content Highlights: Airlifted baby dies on way to hospital
from mathrubhumi.latestnews.rssfeed https://ift.tt/302Dxsw
via
IFTTT