Breaking

Sunday, July 26, 2020

കരളുറപ്പുള്ള ധീരന്മാരുടെ പോരാട്ട വീര്യത്തിന്റെ സ്മരണ; കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്

ന്യൂഡൽഹി: കാർഗിലിൽ അതിർത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ഇന്ത്യ നേടിയ ഐതിഹാസിക യുദ്ധ വിജയത്തിന് ഇന്ന് 21വർഷം. മൂന്ന് മാസം നീണ്ട ചരിത്ര പോരാട്ടത്തിൽ പാകിസ്താനെ തുരത്തി സൈന്യം ത്രിവർണ പതാക ഉയർത്തി വിജയം ഉറപ്പിച്ചപ്പോൾ രാജ്യത്തിന്റെ പരമാധികാരത്തിനായി ജീവൻ വലി നൽകിയത് 527 ധീരന്മാരായ സൈനികരാണ്. ആത്മാഭിമാനം ഉയർത്തിയ വിജയം ആഘോഷിക്കുമ്പോൾ തന്നെ ആ ധീര രക്തസാക്ഷികൾക്ക് മുന്നിൽ ആദരമർപ്പിക്കുകയാണ് രാജ്യം. ഭീകരവാദികളുടെ പ്രച്ഛന്ന വേഷത്തിൽ പാക് സൈനിക മേധാവി പർവേസ് മുഷാറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ സംഘർഷമുഖരിതമാകുന്നത്. 1999ലെ കൊടും ശൈത്യത്തിൽ ഇന്ത്യ സൈനികരെ പിൻവലിച്ച തക്കത്തിനാണ് പാകിസ്താൻ ചതി പ്രയോഗിച്ചത്. ഓപ്പറേഷൻ ബാദർ എന്നപേരിലാണ് പാക് സൈന്യത്തിന്റെ നീതിരഹിതമായ നീക്കം നടന്നത്. ഇന്ത്യാ- പാക് നിയന്ത്രണരേഖ മറികടന്ന് കിലോമീറ്ററുകൾ ശത്രു കൈവശപ്പെടുത്തി. ആട്ടിടയന്മാരിൽ നിന്ന് പാക് സൈന്യത്തിന്റെ നീക്കം അറിഞ്ഞ ഇന്ത്യൻ സൈന്യം മറുപടി നൽകാനായി തുനിഞ്ഞു. ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്നിടത്ത് ആത്മവിശ്വസവും ധീരതയും കൊണ്ട് ഇന്ത്യൻ സൈന്യം ലോകത്തിന് മുന്നിൽ പുതിയൊരു പോരാട്ട ഗാഥ രചിച്ചു. ജൂൺ 19 മുതൽ ടോലോലിങ്ങിലെ ആക്രമണം മുതൽ ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റമ്പി പിന്തിരിഞ്ഞോടി. ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. പരമാധികാര രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തിനായി സ്വന്തം ജീവൻ ബലികൊടുത്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമയാണ് കാർഗിൽ. 21 വർഷങ്ങൾക്കിപ്പുറവും രാജ്യം അവരുടെ വീരസ്മരണയെ അനുസ്മരിക്കുകയാണ്. മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താൻ ഇന്ത്യയെ സഹായിച്ചത് കര-നാവിക- വ്യോമസേനയുടെ സംയുക്തമായ പ്രവർത്തനമാണ്. നുഴഞ്ഞുകയറിയ പാക് നോർത്തേൺ ഇൻഫൻട്രിയെ നേരിടാൻ കരസേന ആദ്യമിറങ്ങി. പിന്നാലെ ഓപ്പറേഷൻ തൽവാറുമായി നാവിക സേന രംഗത്തിറങ്ങി. പാക് തുറമുഖങ്ങൾ നാവിക സേന ഉപരോധിച്ചതോടെ അവർ പ്രതിരോധത്തിലായി. ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ട് പർവത മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ ലക്ഷ്യമിട്ട് വ്യോമസേന ഓപ്പറേഷൻ സഫേദ് സാഗറുമായി രംഗപ്രവേശനം ചെയ്തു. നിയന്ത്രണരേഖ ലംഘിക്കാതെ വേണം ആക്രമണം നടത്തേണ്ടതെന്ന് കേന്ദ്രം വിലക്കിയില്ലായിരുന്നുവെങ്കിൽ വേണ്ടിവന്നാൽ പാകിസ്താനിലും ബോംബിടാൻ തയ്യാറായിരുന്നു വ്യോമസേന. യശസ്സുയർന്ന ദിനം; കാർഗിൽ വിജയദിനം ഇന്ന് Content Highlights:Kargil war victory day, Kargil Vijay Divas, Indian Military


from mathrubhumi.latestnews.rssfeed https://ift.tt/2CN4APC
via IFTTT