കൊച്ചി : ''ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ?'' -ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. “കഠിനമായി അധ്വാനിക്കുക, കിട്ടുന്ന സമയം ഫലപ്രദമായി ചെലവഴിക്കുക” -ഒട്ടും ആലാചിക്കാതെ വിനായക് മറുപടി പറഞ്ഞു. ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമർഥരുമായി 'മൻ കീ ബാത്തി'ൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിൽനിന്ന് അവസരം കിട്ടിയത് നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിൽനിന്നുള്ള വിനായക് എം. മാലിൽ എന്ന മിടുക്കനാണ്. സി.ബി.എസ്.ഇ. പ്ളസ് ടു പരീക്ഷയിൽ കൊമോഴ്സ് വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് വിനായകാണ്. 500-ൽ 493 മാർക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തിൽ മുഴുവൻ മാർക്കും ലഭിച്ചു. ഞായറാഴ്ച രാവിലെ 11-ന് ആകാശവാണിയിലൂടെയുള്ള പ്രഭാഷണത്തിനിടെയാണ് കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലിരുന്ന് വിനായക് പ്രധാനമന്ത്രിയോടു സംസാരിച്ചത്. രണ്ടു മിനിറ്റായിരുന്ന സംസാരം. പ്രതിസന്ധികളോടു പൊരുതിനേടിയ വിജയമാണ് വിനായകിന്റേത്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലിൽ വീട്ടിൽ മനോജിന്റെയും തങ്കമ്മയുടെയും മകനാണ്. വിഷ്ണുപ്രസാദാണ് സഹോദരൻ. ഡൽഹിക്കു വരുന്നുണ്ടോ എത്ര സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്നും സ്കൂളിൽ സ്പോർട്സ് പരിശീലനം കിട്ടുന്നുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. കായികമേളകളിൽ പങ്കെടുക്കാറുണ്ടോ എന്ന ചോദ്യത്തിന് ബാഡ്മിൻറൺ കളിക്കാറുണ്ടെന്നും സ്കൂളിൽ പരിശീലനം ലഭിക്കാറുണ്ടെന്നുമായിരുന്നു മറുപടി. ഡൽഹിയിൽ ബി.കോം പഠനം നടത്തണമെന്നാണ് ആഗ്രഹം. സിവിൽ സർവീസാണ് ലക്ഷ്യം. 'മൻ കി ബാത്തി'ൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതോടെ ഫോൺ താഴെവെക്കാൻ സമയമില്ലാത്ത സ്ഥിതിയിലായി വിനായക്. എല്ലായിടത്തുനിന്നും അഭിനന്ദനപ്രവാഹം. സുരേഷ് ഗോപി എം.പി. ഫോണിൽ വിളിച്ചു. ഡീൻ കുര്യോക്കോസ് എം.പി. വീട്ടിലെത്തി സമ്മാനം നൽകി. പുതുതലമുറയോട് പ്രധാനമന്ത്രി പറഞ്ഞത് ''ബുദ്ധിമുട്ടുകൾ നിറഞ്ഞ പരിതഃസ്ഥിതിയിലും ഉത്സാഹത്തോടെ പൊരുതിയവരുടെ കഥകൾ നമുക്ക് പ്രചോദനമാകുന്നു. കൂടുതൽക്കൂടുതൽ യുവ സുഹൃത്തുക്കളുമായി സംസാരിക്കാൻ അവസരം കിട്ടണമെന്നായിരുന്നു എനിക്കാഗ്രഹം. എന്നാൽ, സമയ പരിമിതിയുണ്ട്. ഞാൻ എല്ലാ യുവസുഹൃത്തുക്കളോടും അഭ്യർഥിക്കുന്നത്, അവർ രാജ്യത്തിനു പ്രേരണയാകുന്ന തങ്ങളുടെ കഥ, തങ്ങൾക്കു പറയാനുള്ളത്, തീർച്ചയായും നമുക്കെല്ലാവർക്കുംവേണ്ടി പങ്കുവെക്കൂ എന്നാണ്.'' കൃതികാ നാന്ദൽ (പാനിപ്പത്ത്, ഹരിയാണ), ഉസ്മാൻ സൈഫി (അംരോഹ, ഹരിയാണ), കനിക (നാമക്കൽ, തമിഴ്നാട്) എന്നീ വിദ്യാർഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു. content highlights: prime minister congratulates vinayak
from mathrubhumi.latestnews.rssfeed https://ift.tt/30T9XVm
via
IFTTT