Breaking

Thursday, July 30, 2020

മിഗ്-21 മുതല്‍ റഫാല്‍ വരെ; ഇവ ഇന്ത്യയുടെ ആകാശ പോരാളികള്‍

ന്യൂഡൽഹി: ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്നതിനിടെ ഫ്രാൻസിൽനിന്ന് അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ബുധനാഴ്ച ഇന്ത്യൻ മണ്ണിലിറങ്ങി. റഫാലിന്റെ വരവോട് കൂടി ലോകത്ത് തന്നെ ഏറ്റവും വലിയ വലിയ സേനാവിഭാഗങ്ങളിൽ ഒന്നായ ഇന്ത്യൻ വ്യോമസേന ഏറെ കരുത്താർജിക്കും. 1961-ൽ റഷ്യയിൽ നിന്ന് മിഖായോൻ ഗുരേവിച്ച് മിഗ് 21 എത്തിച്ചതിൽ തുടങ്ങി ഇന്ത്യൻ വ്യോമസേനയുടെ എട്ടാമത്തെ പോരാളിയായിട്ടാണ് റഫാൽ എത്തുന്നത്. ഇതിലൊന്ന് ഇന്ത്യൻ നിർമ്മിതമായ തേജസ് യുദ്ധവിമാനമാണ്. വ്യോമസേനയുടെ സുപ്രധാന വിമാനങ്ങൾ ഏതെന്ന് നോക്കാം... റഫാൽ ബുധനാഴ്ച അംബാല വ്യോമതാവളത്തിലെത്തിയ റഫാൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ ഏറ്റവും കരുത്തനാണ്. ബഹുമുഖ യുദ്ധവിമാനമായ റഫാൽ കരയുദ്ധത്തിനു സഹായിക്കും. കപ്പലുകളെയും ആക്രമിക്കാം. ചെറിയ ആണവായുധങ്ങൾ വഹിക്കും. ഇരട്ട എഞ്ചിനാണ്. റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, ഇൻഫ്രാറെഡ് തിരച്ചിൽ സൗകര്യം, ട്രാക്കിങ് സംവിധാനം എന്നിവ ഇതിലുണ്ട്. ഫ്രാൻസിലെ ദസൊ ഏവിയേഷനാണ് ഇതിന്റെ നിർമാതാക്കൾ. 2016 സെപ്റ്റംബറിലാണ് ഇന്ത്യ കരാറൊപ്പിട്ടത്. 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ 28 എണ്ണം സിംഗിൾ സീറ്റും എട്ടെണ്ണം ഡബിൾ സീറ്റുമാണ്. ആദ്യഘട്ടമായി അഞ്ച് വിമാനങ്ങളാണ് ബുധനാഴ്ച ഇന്ത്യൻ മണ്ണിലിറങ്ങിയത്. 2021 അവസാനത്തോടെ മുഴുവൻ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. 10 ടൺ ഭാരമാണുള്ളത്. 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുണ്ട്. സുഖോയ്-30 2002-ലാണ് ഇന്ത്യയിലെത്തുന്നത്. റഷ്യൻ നൂതന യുദ്ധവിമാനമായ സുഖോയ്-30 ന് ഏറെ ദൂരം സഞ്ചിരിക്കാനും എവിടേയും ബോംബിടാൻ സാധിക്കും. ആകാശത്ത് വെച്ച് ഏറ്റുമുട്ടാനും ആകാശത്ത് നിന്ന് കരയുദ്ധത്തിന് സഹായിക്കുകയും ചെയ്യും. ഇരട്ട എഞ്ചിനും ഡബിൾ സീറ്റുമുണ്ട് ഇതിന്. ഒരു എക്സ് 30 എംഎം ജിഎസ്എച്ച് തോക്കും 8000 കിലോ ആയുധങ്ങളും വഹിക്കാൻ ശേഷി. മണിക്കൂറിൽ 2500 കിലോമീറ്റർ വരെ വേഗത. മിറാഷ് 2000 മിറാഷ്-2000 ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വൈവിധ്യമാർന്നതും മാരകവുമായ യുദ്ധ വിമാനങ്ങളിലൊന്നാണ്. 1985-ലാണ് ആദ്യമായി കമ്മീഷൻ ചെയ്തത്. റഫാലിന്റെ നിർമാതാക്കളായ ഫ്രാൻസിലെ ദസോ ഏവിയേഷനാണ് ഇതിന്റേയും നിർമാതാക്കൾ. സിംഗിൾ എഞ്ചിനും സിംഗിൾ സീറ്റുമുള്ള മിറാഷ് 2000 ന് പരമാവധി വേഗത മണിക്കൂറിൽ 2495 കി.മീറ്റാണ്. രണ്ട് 30 എംഎം ഇന്റഗ്രൽ പീരങ്കികളും രണ്ട് മാട്രാ സൂപ്പർ 530 ഡി മീഡിയം റേഞ്ചും രണ്ട് ആർ -550 മാജിക് 2 ക്ലോസ് കോംബാറ്റ് മിസൈലുകളും വഹിക്കുന്നു. മിഗ് 27 മിഖായോൻ ഗുരേവിച്ച് രൂപകൽപ്പന ചെയ്ത മിഗ് 27 ലൈസൻസ് കരാർ പ്രകാരം എച്ച്.എ.എല്ലാണ് നിർമിച്ചത്. സിംഗിൾ എഞ്ചിൻ, സിംഗിൾ സീറ്ററായ മിഗ് 27 ന്റെ പരമാവധി വേഗത 1700 കി.മീറ്ററാണ്. ഒരു 23 എം.എം.ആറ് ബാരൽ റോട്ടറി ഇന്റഗ്രൽ പീരങ്കി വഹിക്കുന്ന ഇതിന് 4,000 കിലോഗ്രാം വരെ മറ്റ് ആയുധങ്ങൾ ബാഹ്യമായി വഹിക്കാൻ കഴിയും. മിഗ്-29 മിഖായോൻ ഗുരേവിച്ച് നിർമിച്ച മറ്റൊരു യുദ്ധവിമാനമാണ് മിഗ് 29. 1970കളിൽ യുഎസിന്റെ എഫ് സീരീസ് വിമാനങ്ങളായ എഫ്-15, എഫ്-16 എന്നിവയെ നേരിടുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. 1985-ലാണ് ഇത് ഇന്ത്യൻ വ്യോമസേനയിലെത്തുന്നത്. പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ ഉപയോഗിക്കുന്നു. ഇരട്ട എഞ്ചിൻ, സിംഗിൾ സീറ്റ്, ആകാശത്ത് വ്യക്തമായ മേധാവിത്വമുള്ള മിഗ്-29 ന്റെ പരമാവധി വേഗത മണിക്കൂറിൽ 2445 കി.മീറ്ററാണ്. 17 കിലോമീറ്റർ പോരാട്ട പരിധിയുണ്ട്. 30 എംഎം പീരങ്കിയും നാല് ആർ -60 ക്ലോസ് കോംബാറ്റും രണ്ട് ആർ -27 ആർ മീഡിയം റേഞ്ച് റഡാർ ഗൈഡഡ് മിസൈലുകളും വഹിക്കുന്നു. ജാഗ്വാർ ബ്രിട്ടീഷ് റോയൽ എയർഫോഴ്സും ഫ്രഞ്ച് വ്യോമസേനയും ചേർന്ന് വികസിപ്പിച്ചെത്ത ഒരു യുദ്ധവിമാനമാണ് ജാഗ്വാർ. ഇരട്ട എഞ്ചിനും സിംഗിൾ സീറ്റും. നുഴഞ്ഞുകയറി മിന്നലാക്രമണം നടത്തുന്ന വിമാനമാണിത്. മണിക്കൂറിൽ 1350 കി.മീറ്റർ വേഗതിയിൽ വരെ പറക്കും. തേജസ് വ്യോമസേനയുടെ പക്കലുള്ള ഏക ഇന്ത്യൻ നിർമിത യുദ്ധവിമാനമാണ് തേജസ്. ഭാരം കുറഞ്ഞ സൂപ്പർസോണിക് യുദ്ധവിമാനമാണിത്. മണിക്കൂറിൽ 2205 കി.മീറ്റർ വരെ പരമാധി താണ്ടും. മിറാഷ്-2000 സ്വീഡന്റെ ഗ്രിപ്പൻ തുടങ്ങിയവയോട് കിടപ്പിടിക്കുന്നു. ആകാശമധ്യേ ഇന്ധനം നിറയ്ക്കാൻ കഴിയും. എച്ച്.എ.എല്ലാണ് നിർമിച്ചിട്ടുള്ളത്. മിഖായോൻ ഖുരേവിച്ച് മിഗ് 21 1961-ലാണ് റഷ്യയിൽ നിന്ന് മിഖായോൻ ഖുരേവിച്ച് മിഗ് 21 വിമാനം ഇന്ത്യ ഏറ്റെടുക്കുന്നത്. സിംഗിൾ എഞ്ചിനാണ്. സിംഗിൾ സീറ്റുള്ള ഇതിനെ വിവിധ ആക്രമണ രീതിക്ക് ഉപയോഗിക്കാം. വ്യോമസേനയുടെ നട്ടെല്ലായി അറിയപ്പെടുന്ന മിഗ്-21 ന്റെ പരമാവധി വേഗത മണിക്കൂറിൽ 2,230 കിലോമീറ്ററാണ്. നാല് ആർ-60 ക്ലോസ് കോംബാറ്റ് മിസൈലുകളുള്ള ഒരു 23 മില്ലീമീറ്റർ ഇരട്ട ബാരൽ പീരങ്കി വഹിക്കാനാകും.


from mathrubhumi.latestnews.rssfeed https://ift.tt/39Dhw6C
via IFTTT