ശ്രീകാര്യം: ചെമ്പഴന്തി ആവുകുളത്തെ വീട്ടിൽനിന്ന് ചട്ടിയോടുകൂടി ചെടി മോഷ്ടിച്ചു. സമീപത്തെ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും ഞെട്ടി. പ്രതി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്. സംഭവം പുറത്തറിഞ്ഞതോടെ കേസ് ഒതുക്കാനുള്ള ശ്രമവും ശക്തമായി.ഈ മാസം 16-ന് പുലർച്ചെ 4.50-നായിരുന്നു സംഭവം. ആവുക്കുളം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽനിന്നാണ് മോഷണദൃശ്യങ്ങൾ ലഭിച്ചത്. ജീപ്പിലെത്തിയ സംഘമാണ് ദൃശ്യത്തിലുള്ളത്. ഇവരുടെ ഡ്യൂട്ടിക്കു പുറത്താണ് ഈ സ്ഥലമെന്നും നാട്ടുകാർ പറയുന്നു. രണ്ടു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. ഒരു പോലീസുകാരൻ ജീപ്പിൽനിന്നിറങ്ങി പരിസരം വിശദമായി നോക്കുന്നതും മതിലിൽ ഇരുന്ന ചെടി എടുത്ത് ജീപ്പിൽ വച്ച് ഓടിച്ചുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രാവിലെ ചെടി കാണാത്തതിനാൽ വീട്ടുകാർ ക്ഷേത്രത്തിലെ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം അറിയുന്നത്. പോലീസുകാരനായതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. എന്നാൽ, നാട്ടുകാർ വിവരമറിഞ്ഞതോടെ വിവാദമായി. തുടർന്ന് പോലീസുകാർ സമ്മർദ്ദവുമായി വീട്ടിലും ക്ഷേത്രത്തിലുമെത്തി. ദൃശ്യം ആർക്കും കൈമാറരുതെന്നും ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ആർ.അനിൽകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/30TKaMY
via
IFTTT