Breaking

Sunday, July 26, 2020

ഉത്തരകൊറിയയില്‍ ആദ്യത്തെ കോവിഡ് കേസ്; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി; അടിയന്തരയോഗം വിളിച്ച് കിം

പ്യോങ്ഗ്യാങ്: രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടർന്ന് ഉത്തര കൊറിയൻ അതിർത്തി പട്ടണമായ കേസോങ്ങിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഭരണത്തലവൻ കിം ജോങ് ഉൻ ശനിയാഴ്ച അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേർത്തതായും അതീവ ജാഗ്രതാ നിർദേശം നൽകിയതായും ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സംശയിക്കപ്പെടുന്ന ആൾക്ക്രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ ഉത്തരകൊറിയയിലെ ആദ്യത്തെ കോവിഡ്-19 കേസായിരിക്കുമിതെന്ന്കെസിഎൻഎ അറിയിച്ചു. ദക്ഷിണകൊറിയയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ ആൾക്കാണ് കോവിഡ് ബാധ സംശയിക്കുന്നത്. ജൂലായ് 19 ന് മടങ്ങിയെത്തിയ ഇയാൾ മൂന്ന് കൊല്ലം മുമ്പാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ഇയാളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള മെഡിക്കൽ സജ്ജീകരണങ്ങൾ രാജ്യത്ത് അപര്യാപ്തമാണെന്ന കാര്യം അധികൃതരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് വ്യാപനം തുടരുമ്പോഴും ഉത്തരകൊറിയയിൽ ഇതു വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കോവിഡ് സംശയത്തെ തുടർന്ന് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും കേസോങ്ങ് അടച്ചിടാനും കിം ജോങ് ഉൻ നിർദേശം നൽകി. ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമായിത്തുടങ്ങിയ ജനുവരിയിൽ തന്നെ രാജ്യാതിർത്തികൾ അടച്ചിടാൻ കിം നിർദേശം നൽകിയിരുന്നു. കൂടാതെ ആയിരക്കണക്കിനാളുകൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തുകയും ചെയ്തു. വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ അതിർത്തി അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ അയവ് നൽകരുതെന്ന് ജൂലായ് മാസം ആദ്യം കിം ഉത്തരവിട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3jIRZ0i
via IFTTT