Breaking

Wednesday, July 29, 2020

സ്വപ്ന, സരിത്ത്... യെസ്; ഫൈസൽ, റമീസ്... നോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെപ്പറ്റി ശിവശങ്കറിന്റെ മറുപടികൾ 'യെസും' 'നോ'യും. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും അടുത്ത സൗഹൃദമുണ്ടെന്നും സമ്മതിച്ച ശിവശങ്കർ ഫൈസൽ ഫരീദ്, റമീസ് എന്നിവരുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് 'നോ' എന്നാണ് ഉത്തരം നൽകത്. ശിവശങ്കർ പറഞ്ഞ 'നോ' തന്നെയാണ് രണ്ടുദിവസത്തെ ചോദ്യംചെയ്യലിനൊടുവിൽ അദ്ദേഹത്തെ വിട്ടയക്കുന്നതിൽ എൻ.ഐ.എ.യെ എത്തിച്ചത്. സ്വർണക്കടത്തിലെ കേന്ദ്രബിന്ദുക്കളായ ഫൈസൽ ഫരീദിനെയും റമീസിനെയും പരിചയമില്ലെന്നു പറഞ്ഞ ശിവശങ്കർ അവരെ ഒരിക്കൽപ്പോലും ഫോണിൽ വിളിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ, നയതന്ത്ര ബാഗേജിലെത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവെച്ച ദിവസങ്ങളിൽ റമീസ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നതിന് എൻ.ഐ.എ.യ്ക്ക് തെളിവുകൾ ലഭിച്ചിരുന്നു. ശിവശങ്കർ താമസിച്ചിരുന്ന അതേ ഹോട്ടലിൽ റമീസും സന്ദീപും താമസിച്ചിരുന്നതിനും തെളിവുകളുണ്ട്. ഇതിൽ ഏതെങ്കിലും ദിവസം റമീസ് സന്ദർശിച്ചിരുന്നോയെന്ന ചോദ്യത്തിനും 'നോ' എന്ന മറുപടിയാണ് ശിവശങ്കർ നൽകിയത്. ഇതിനെ മറികടക്കുന്ന തെളിവുകൾ ഇല്ലാതായതോടെ എൻ.ഐ.എ. ശിവശങ്കറിനെ വിട്ടയക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. റമീസിന്റെ സന്ദർശനം സംബന്ധിച്ച് എൻ.ഐ.എ. ശേഖരിച്ച തെളിവുകൾ വെച്ചായിരുന്നു ശിവശങ്കറിന്റെ രണ്ടാംദിവസത്തെ ചോദ്യംചെയ്യൽ. റമീസിനെ അറിയില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റിയാൽ എൻ.ഐ.എ.യ്ക്കു കുരുക്കു മുറുക്കാനാകുമായിരുന്നു. എന്നാൽ, റമീസുമായും ഫൈസലുമായും ബന്ധിപ്പിക്കാവുന്ന തെളിവുകൾ കിട്ടാത്തതിനാൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിവശങ്കറിന് പങ്കാളിത്തമുണ്ടെന്ന് സ്ഥാപിക്കാനായില്ല. അത്തരമൊരു സാഹചര്യത്തിൽ തത്കാലം ചോദ്യംചെയ്യലുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിൽ എൻ.ഐ.എ. എത്തുകയായിരുന്നു. സ്വപ്നയുമായുള്ള സൗഹൃദം യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്നനിലയിലാണ് തുടങ്ങിയതെന്നാണ് ശിവശങ്കർ എൻ.ഐ.എ. ചോദ്യംചെയ്യലിൽ അടിവരയിട്ടു പറഞ്ഞത്. നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ തന്റെ ബന്ധുവിന്റെ ഭാര്യ എന്നനിലയിൽ സ്വപ്നയെ അറിയാമെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. ആ നിലയിലുള്ള ബന്ധം ശരിയാണെങ്കിലും കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്നനിലയിലാണ് സൗഹൃദം ശക്തമായത്. അതുപക്ഷേ, സ്വപ്ന മറ്റുകാര്യങ്ങൾക്കു മുതലെടുക്കുന്നത് അറിയില്ലായിരുന്നെന്നും ശിവശങ്കർ എൻ.ഐ.എ.യോടു പറഞ്ഞു. സ്വപ്ന, ശിവശങ്കറിന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചുവോ എന്നുള്ള ചോദ്യത്തിനും 'നോ' എന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ, ചില അവസരങ്ങളിൽ സ്വപ്ന, ശിവശങ്കറിന്റെ വാഹനം ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ. സംശയിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നടക്കം ഇതിനുള്ള തെളിവുകൾ ശേഖരിക്കാനാണ് ശ്രമം. ഇതിനും വ്യക്തമായ തെളിവുകിട്ടാത്ത സാഹചര്യത്തിൽ എൻ.ഐ.എ. തത്കാലം ശിവശങ്കറിനെ വിട്ടയക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. content highlights: nia questioned m sivasankar


from mathrubhumi.latestnews.rssfeed https://ift.tt/2X5g3kl
via IFTTT