Breaking

Wednesday, July 29, 2020

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് ബാധ: ഉത്തരമലബാറിലെ ആരോഗ്യമേഖലയ്ക്ക് വൻ തിരിച്ചടി

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് രോഗബാധ ഉത്തരമലബാറിന്റെ ആരോഗ്യമേഖലയ്ക്ക്‌ ആഘാതമായി. ഇതുവരെ 44 ആരോഗ്യപ്രവർത്തകർക്കും പുറത്തുനിന്നുള്ള 12 പേർക്കും രോഗം ബാധിച്ചു. ഇരുന്നൂറിലേറെ ഡോക്ടർമാരും 523 നഴ്‌സുമാരുമടക്കം 1500-ഓളം ആരോഗ്യപ്രവർത്തകരുള്ള ആസ്പത്രിയിലെ 250-ഓളം പേർ ക്വാറന്റീനിലാണ്. ഡോക്ടർമാരും നാൽപ്പതോളം ഹൗസ് സർജൻമാരും നഴ്‌സുമാരും ലാബ് ടെക്‌നീഷ്യൻമാരും ഇതിൽപ്പെടുന്നു. ആസ്പത്രിയിൽ ഔദ്യോഗികമായി ഒ.പി. തുടരുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവരേ വരുന്നുള്ളൂ. കോവിഡിനുമുമ്പ് 1300-ലേറെപ്പേർ വന്നിരുന്നതാണ്. 1159 ബെഡും 11 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും 22 സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള സർക്കാർ ആസ്പത്രിയാണ് കോവിഡ് വ്യാപനംമൂലം ആളുകൾക്ക് അപ്രാപ്യമായത്. ഇപ്പോൾ ആകെ 250 പേരാണ് ആസ്പത്രിയിൽ കിടക്കുന്നത്. ഇതിൽ 120 േപരും കോവിഡ് രോഗികളാണ്. ഗ്യാസ്‌ട്രോ, ന്യൂറോ, ന്യൂറോസർജറി, കാർഡിയോളജി വിഭാഗങ്ങളുടെ പ്രവർത്തനം ഏതാണ്ട് നിർത്തി. രണ്ട് ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനവും നിർത്തി. ഇവിടെ ശസ്ത്രക്രിയ നടത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് പ്രശ്നമായത്. കാർഡിയോളജി വിഭാഗത്തിലെ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഇവിടത്തെ രോഗികളെ സ്വകാര്യ ആസ്പത്രികളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നു. ജനറൽ ഒ.പി. പ്രവർത്തിച്ചിരുന്ന നിലകളിൽ ഒന്ന് അണുവിമുക്തമാക്കിയിട്ടുണ്ട്. സ്ത്രീരോഗവിഭാഗത്തോടനുബന്ധിച്ചുള്ള രണ്ട് തിയേറ്ററുകൾ കോവിഡ് രോഗികൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുകയാണ്. ആസ്പത്രിയിലെ സ്ഥിതി വിലയിരുത്താനും ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കാനും ചൊവ്വാഴ്ച കളക്ടറേറ്റിൽ യോഗം ചേർന്നു. ആസ്പത്രിയെ പൂർവസ്ഥതിയിലെത്തിക്കാൻ രണ്ടാഴ്ച വേണ്ടിവരുമെന്നാണ് യോഗത്തിലെ വിലയിരുത്തൽ. കിടത്തിച്ചികിത്സയിലായിരുന്ന പരമാവധി പേരെ പ്രാഥമിക-സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയും കുറേപ്പേർക്ക് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയും സേവനം തുടരാൻ ശ്രമം നടക്കുന്നുണ്ട്. ജീവനക്കാരിൽ കുറച്ചുപേരെ സമീപത്തെ ധ്യാനകേന്ദ്രത്തിൽ ക്വാറന്റീനിലാക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഗവ. ആയുർവേദ ആസ്പത്രി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമായി പ്രവർത്തിച്ചുവരികയാണ്. കോവിഡ് ഇതര രോഗികൾ തീരെ കുറഞ്ഞതിനാൽ ലഭ്യമായ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചു. ആരോഗ്യസ്ഥിതി മോശമാകുന്ന കണ്ണൂർ-കാസർകോട് ജില്ലകളിലെ കോവിഡ് രോഗികളെയാണ് പരിയാരത്ത് പ്രവേശിപ്പിച്ചിരുന്നത്. ഇതുവരെ നൂറ്റമ്പതോളം കോവിഡ് രോഗികളെ ഇവിടെ ചികിത്സിച്ച് ഭേദമാക്കി. എൺപതോളം പേർ ചികിത്സയിലുണ്ട്‌. ഇവരെ ചികിത്സിച്ചതിന്റെ പേരിൽ ആരോഗ്യപ്രവർത്തകർ ആർക്കും രോഗം വന്നില്ല. കോവിഡ് ബാധിതമല്ലാത്ത മേഖലകളിൽനിന്ന് വന്ന ഇതരരോഗികളുമായി ഇടപെട്ടവർക്കാണ് രോഗം സ്ഥിരീകരിച്ചത്. റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സമൂഹവ്യാപനത്തിനുള്ള സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/30W0PPN
via IFTTT