വാഷിങ്ടൺ: കോവിഡ് 19 പ്രതിരോധന വാക്സിന്റെ ഏറ്റവും വലിയ പരീക്ഷണം തിങ്കളാഴ്ച അമേരിക്കയിൽ നടന്നു. 30,000 അമേരിക്കക്കാരിലാണ് ഇത് പരീക്ഷിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്ആൻഡ് മോഡേണ ഇൻകോർപറേറ്റ് വികസിപ്പിച്ചെടുത്ത വാക്സിന്റെ അവസാനഘട്ട പരിശോധന ആരംഭിച്ചത് യുഎസിലെ വിവിധ കേന്ദ്രങ്ങളിലെ സന്നദ്ധപ്രവർത്തകരിലാണ്. കോവിഡ് 19 പ്രതിരോധത്തിന് വാക്സിൻ ഫലപ്രദമാണോയെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ലഭിക്കുന്നത് യഥാർഥ ഷോട്ട് ആണോ അതോ ഡമ്മി പതിപ്പാണോ എന്ന കാര്യം സന്നദ്ധ പ്രവർത്തകരെ അറിയിക്കാതെയാണ് പരീക്ഷണം. രണ്ടുഡോസുകൾ നൽകിയതിന് ശേഷം രണ്ടുഗ്രൂപ്പുകളിൽ ഏത് സംഘത്തിനാണ് കൂടുതൽ അണുബാധയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കും. ഞാൻ ആവേശത്തിലാണ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് വേണ്ടി എന്റെ പങ്ക് ഞാൻ ചെയ്യുന്നു. മൊഡേണ വാക്സിൻ കാൻഡിഡേറ്റിന്റെ പരീക്ഷണത്തിൽ പങ്കാളിയായ ന്യൂയോർക്ക് ബിൻഹാംട്ടണിലെ നഴ്സ് മെലിസ്സ ഹാർട്ടിങ് പറയുന്നു. ചൈനയും ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും നിർമിച്ച വാക്സിനുകൾ ഈ മാസം ആദ്യം ബ്രസീലിലും കടുത്ത കോവിഡ് 19 ബാധയുണ്ടായ രാജ്യങ്ങളിലും പരീക്ഷണങ്ങളുടെ അന്തിമഘട്ടം ആരംഭിച്ചിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം യുഎസിൽ ഓഗസ്റ്റിൽ ആരംഭിക്കും. അതിനെ തുടർന്ന് സെപ്റ്റംബറിൽ ജോൺസൺ ആൻഡ് ജോൺസണിന്റെ വാക്സിനും,ഒക്ടോബറിൽ നോവാവാക്സിന്റെ വാക്സിനും പരീക്ഷിക്കും. സാധാരണഗതിയിൽ ഒരു വാക്സിൻ നിർമിക്കാനായി വർഷങ്ങളെടുക്കാറുണ്ട്. എന്നാൽ ഇത്തവണ വളരെ വേഗത്തിലാണ് വാക്സിൻ ഗവേഷണം നടക്കുന്നത്. ലോകം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാനുളള ഫലപ്രദമായ മാർഗം വാക്സിനാണെന്നുളള തിരിച്ചറിവിലാണ് ലോകരാഷ്ട്രങ്ങൾ വാക്സിൻ ഗവേഷണം വേഗത്തിലാക്കിയിരിക്കുന്നത്. Content Highlights:Experimental COVID-19 vaccine is put to its biggest test
from mathrubhumi.latestnews.rssfeed https://ift.tt/2P3PxUm
via
IFTTT