Breaking

Wednesday, July 29, 2020

ശിവജി വെറും ബീഹാറിയല്ല, സാലിക്ക് ഭായി; അതിഥി തൊഴിലാളിയെ പൊന്നുപോലെ നോക്കുന്ന മലയാളി

എരുമേലി: ആക്രിവസ്തുക്കളുടെ കച്ചവടമാണെങ്കിലും മുഹമ്മദ് സാലിയുടെ മനസ്സിന് പുത്തൻ തങ്കത്തിന്റെ ശോഭയാണ്. അതുകൊണ്ട് തന്റെ കടയിൽ ജോലിചെയ്യുന്ന ബീഹാറി വെറും അതിഥി തൊഴിയാളിയല്ല, ഭായി തന്നെയാണ്-സ്വന്തം സഹോദരൻ. വീണുതളർന്നപ്പോൾ തഴഞ്ഞ് ബീഹാറിലേക്ക് വണ്ടികയറ്റിവിടാതെ തന്നെ ഒപ്പംചേർത്ത സാലി, ശിവജിക്ക് പിന്നെ എല്ലാമെല്ലാമാകാതിരിക്കുന്നതെങ്ങനെ? അയ്യപ്പന്റെയും വാവരുടെയും സാഹോദര്യം കണ്ട എരുമേലിയിലാണ് ഇൗ അപൂർവ സ്നേഹബന്ധവും. എരുമേലി സ്വദേശി താഴത്തുവീട്ടിൽ മുഹമ്മദ് സാലിയുടെ കടയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് ഒരു വശം തളർന്നുപോയതാണ് ശിവജിക്ക്. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചതും തുടർ ചികിത്സ ഏറ്റെടുത്തതും കുടുംബത്തെ സംരക്ഷിക്കുന്നതും സാലിയുടെ നൻമ മനസ്സ്. 'പണമില്ല, പ്രാരബ്ധങ്ങളേറെയുണ്ട്... എങ്കിലും ശിവജിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യും'-സാലിയുടെ ഈ വാക്കുകൾ വെറും വാക്കല്ല. ശിവജിയുടെ നിറഞ്ഞ കണ്ണുകളിലും ഈ ബന്ധത്തിന്റെ ആഴം പ്രതിഫലിച്ചു. ഇങ്ങനെ ഒരു മുതലാളി വേറെ കാണില്ല... അവ്യക്തമായി ശിവജി പറയുന്നു.... ഏഴുവർഷം മുമ്പാണ് ബീഹാർ സ്വദേശി ശിവജിയും ഭാര്യ രമാദേവിയും സാലിയുടെ കടയിലെത്തുന്നത്. ഇവർക്ക് മൂന്ന് മക്കളാണ്. ചെമ്പകത്തുങ്കൽ പാലത്തിന് സമീപം പ്രവർത്തിക്കുന്ന സാലിയുടെ ആക്രിക്കടയുടെ നടത്തിപ്പ് ശിവജിക്കായിരുന്നു. രമാദേവിക്ക് സാലിയുടെ ബന്ധുവിന്റെ ഹോട്ടലിൽ ജോലിയും. മൂന്നാഴ്ച മുമ്പ് കടയിൽ സാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് രക്തസമ്മർദം കൂടി ശിവജി കുഴഞ്ഞുവീണത്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രക്തസമ്മർദം കൂടിയതാണെന്ന് മനസ്സിലായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞരമ്പ് പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് താമസം നേരിട്ടതിനാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നെന്ന് സാലി പറഞ്ഞു. ഇതുവരെ നാല് ലക്ഷം രൂപയോളം ചെലവഴിച്ചു. 12 ദിവസത്തെ ആശുപത്രി വാസത്തിൽ ഭാര്യ രമാദേവിക്കൊപ്പം സഹായത്തിനായി സാലിയുടെ ഭാര്യ ഷീബയും ഉണ്ടായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും പണം കടംവാങ്ങിയും സ്വർണം പണയം വെച്ചുമാണ് ചികിത്സ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ശിവജി എരുമേലിയിലെ സാലിയുടെ കടയോട് ചേർന്ന ഒറ്റമുറിയിൽ കഴിയുകയാണ്. പക്ഷേ ഇടതുകൈയും കാലും തളർന്നു. ഇനിയൊരു ശസ്ത്രക്രിയകൂടിവേണം. ഫിസിയോതെറാപ്പിയും നടത്തണം. ഇതിനുള്ള ശ്രമത്തിലാണ് സാലി. ശിവജി കിടപ്പിലായതോടെ ഒരു ആക്രിക്കട സാലി നിർത്തി. എത്ര സാമ്പത്തികബാധ്യതവന്നാലും ശിവജിയെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കുകയാണ് ലക്ഷ്യമെന്ന് സാലി ഉറപ്പിച്ചുപറയുന്നു. Content Highlights: Story of a Malayali women who takes care of a sick migrant worker


from mathrubhumi.latestnews.rssfeed https://ift.tt/305XX3C
via IFTTT