മുംബൈ: രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. ബുധനാഴ്ച മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതിയായ ബിഗിൻ എഗെയ്ൻ പ്രകാരം ഓഗസ്റ്റ് അഞ്ചുമുതൽ മാളുകൾ, തിയേറ്റർ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്സുകൾ, ഫുഡ്കോർട്ടുകൾ, റെസ്റ്ററന്റുകൾ എന്നിവ രാവിലെ ഒമ്പതുമണി മുതൽ വൈകീട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാളുകളിലുളള ഫുഡ്കോർട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കും. അത്യാവശ്യമല്ലാത്ത ഷോപ്പിങ്, വ്യായാമങ്ങൾ എന്നീ ആവശ്യങ്ങൾക്കായി ആളുകൾ പുറത്തുപോകുന്നത് നിയന്ത്രിക്കുമെന്നും അത് അയൽ പ്രദേശങ്ങളിൽ മാത്രമായി ചുരുക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മാസ്ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കൽ, സാമൂഹിക അകലം എന്നിവ നിർബന്ധമായി പാലിക്കണം എന്നും നിർദേശമുണ്ട്. ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവർക്ക് മാത്രമായിരിക്കും ഇളവുകൾ. വലിയ ആൾക്കൂട്ടങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. ഓഗസ്റ്റ് അഞ്ചുമുതൽ ടെന്നീസ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റൺ തുടങ്ങി ടീം ഇതര കായിക ഇനങ്ങൾ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും അനുവദിക്കും. നീന്തൽക്കുളങ്ങൾ തുറക്കില്ല. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ജൂൺ 25 മുതൽ ചില നിയന്ത്രണങ്ങളോടെ ബാർബർ ഷോപ്പുകൾ, സ്പാ, സലൂണുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ബുധനാഴ്ച പുതിയ 9211 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കോവിഡ് 19 ബാധിതർ 4,00,651 ആയി ഉയർന്നിരുന്നു. 14,463 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. Content Highlights:Maharashtra Extends Lockdown till August 31
from mathrubhumi.latestnews.rssfeed https://ift.tt/2X7kpHM
via
IFTTT