Breaking

Friday, July 31, 2020

ജീവനെടുത്തത് കോവിഡല്ല; കോവിഡ് ഭീതി

കൊച്ചി: ‘‘ആരെങ്കിലും ഒരുനിമിഷം നേരത്തേ എന്റെ മോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ...’’ -തേങ്ങലിനിടയിൽ ശാന്തയുടെ വാക്കുകൾ മുറിഞ്ഞു. പ്രഭാകരൻ ആ കൈകളിൽ മുറുകെപ്പിടിച്ചു. ഇരുവരുടെയും മിഴികൾ മുറ്റത്തെ കലശത്തിലായിരുന്നു. അതിൽ, അപ്രതീക്ഷിതമായി വിടപറഞ്ഞ മകന്റെ ഭൗതികാവശിഷ്ടം.കോവിഡ് ഭീതിയിൽ ആരും അരികിലെത്താത്തതിനാൽ കൃത്യസമയത്ത് ചികിത്സകിട്ടാതെ പൊലിഞ്ഞുപോയതാണ് എറണാകുളം ചെറായി ചില്ലിക്കാട്ട് പ്രഭാകരന്റെയും ശാന്തയുടെയും മകനായ സാഹിഷി(44)ന്റെ ജീവൻ. ഗൾഫിൽനിന്നുവന്ന സാഹിഷ് ക്വാറന്റീനിലും ഭാര്യ ഷീജയും മകൾ ഋതുപർണയും ഷീജയുടെ വീട്ടിലുമായിരുന്നു. അച്ഛനും അമ്മയും താമസിക്കുന്ന വീടിന്റെ മുകൾനിലയിലായിരുന്നു സാഹിഷ്. രാത്രി ഫോണിൽ കിട്ടാതായതോടെ മുകളിൽച്ചെന്നു നോക്കിയപ്പോൾ നെഞ്ചുവേദനമൂലം വീണുകിടക്കുന്നത് കണ്ടു. എന്നാൽ, സാഹിഷിന്റെ അടുത്തേക്കുപോവാൻ പലരും മടിച്ചു.വിവരമറിഞ്ഞെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ എം.എ. സോജിയുടെ നേതൃത്വത്തിൽ സാഹിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയിരുന്നു. ‘‘സാഹിഷിനെ വണ്ടിയിൽ കയറ്റാൻ സഹായിക്കണമെന്നു പറഞ്ഞെങ്കിലും കോവിഡ് പേടിമൂലം ആരും തയ്യാറായില്ല. ഒടുവിൽ രാധാകൃഷ്ണൻ എന്നയാളും സാഹിഷിന്റെ ബന്ധുക്കളും വന്നശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഒരല്പം നേരത്തേ എത്തിച്ചിരുന്നെങ്കിൽ...’’ -സോജിയുടെ വാക്കുകളിൽ നിരാശ.കോവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് ഫലംവന്നു. അസ്ഥികലശവുമായി അച്ഛനമ്മമാർ ഇപ്പോഴും കാത്തിരിക്കുകയാണ്; ആലുവാ മണപ്പുറത്ത് കർമങ്ങൾചെയ്ത് പുഴയിൽ നിമജ്ജനം ചെയ്യാൻ.


from mathrubhumi.latestnews.rssfeed https://ift.tt/2XcBWhE
via IFTTT