Breaking

Thursday, July 30, 2020

ജയലളിതയുടെ വീട്ടിൽ നാലുകിലോ സ്വർണം, 601 കിലോ വെള്ളി, 8376 പുസ്തകങ്ങൾ

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീടായ പോയസ് ഗാർഡൻ ‘വേദനിലയ’ത്തിലെ ആസ്തിപ്പട്ടിക തമിഴ്‌നാട് സർക്കാർ പുറത്തുവിട്ടു. നാലു കിലോ സ്വർണം, 601 കിലോ വെള്ളി എന്നിവ ഉൾപ്പെടെ, 25 വിഭാഗങ്ങളിലായി 32,721 ഇനങ്ങളുടെ പട്ടികയാണ് പരിശോധനയ്ക്കുശേഷം സർക്കാർ പുറത്തുവിട്ടത്. പോയസ് ഗാർഡനിലെ സ്വത്ത് ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സർക്കാർ 67.88 കോടി രൂപ സിവിൽ കോടതിയിൽ കെട്ടിവെച്ചിരുന്നു. ഇതോടെയാണ് സർക്കാർ ‘വേദനിലയ’ത്തിന്റെ അവകാശം സ്വന്തമാക്കിയത്. 14 വകഭേദങ്ങളിലായാണ് നാലു കിലോയിൽ കൂടുതൽ സ്വർണമുള്ളത്. 867 വകഭേദങ്ങളിൽ 601 കിലോയിലധികം വെള്ളിയും ഉണ്ട്. വായനയിൽ അതീവതത്പരയായിരുന്ന ജയലളിതയുടെ ശേഖരത്തിൽ 8376 പുസ്തകങ്ങളുണ്ട്. 11 ടെലിവിഷനുകളും 29 ഫോണുകളും 38 എയർകണ്ടീഷണറുകളും വീട്ടിലുണ്ട്. വസ്ത്രങ്ങൾ, തലയിണക്കവറുകൾ, കർട്ടൺ, പാദരക്ഷകൾ തുടങ്ങിയവ 10,438 എണ്ണം. അടുക്കളപ്പാത്രങ്ങൾ, അലമാരകൾ, വൈദ്യുതി ഉപകരണങ്ങൾ, ഉപഹാരങ്ങൾ, ആദായനികുതി രേഖകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഘടികാരങ്ങൾ തുടങ്ങിയവയും പട്ടികയിലുണ്ട്.ജയലളിതയുടെ അനന്തരവരായ ജെ. ദീപയും ജെ. ദീപക്കുമാണ് സ്വത്തുക്കളുടെ നിയമപരമായ അവകാശികളെന്ന് മേയ് 29-ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വേദനിലയം സ്മാരകമാക്കാനുള്ള സർക്കാർനീക്കത്തിന് കനത്ത തിരിച്ചടിയായിരുന്നു ഇത്. തുടർന്നാണ് പണം കെട്ടിവെച്ച് സർക്കാർ വേദനിലയം സ്വന്തമാക്കിയത്. ഈ തുകയിൽനിന്ന് ദീപയ്ക്കും ദീപക്കിനും അവരുടെ പങ്ക് അവകാശപ്പെടാമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, സർക്കാർനീക്കത്തെ നിയമപരമായി നേരിടുമെന്നാണ് ദീപ പ്രതികരിച്ചത്.വേദനിലയം സ്മാരകമാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, കെട്ടിടത്തിന്റെ ഒരു ഭാഗം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാൻ നിർദേശിച്ചിരുന്നു. വേദനിലയം സ്വന്തമാക്കാൻ സർക്കാർ കെട്ടിവെച്ച പണത്തിൽ 39.6 കോടി ജയലളിത നൽകാനുണ്ടായിരുന്ന നികുതിക്കുടിശ്ശികയിനത്തിൽ ആദായനികുതി വകുപ്പിലേക്കാണ്. ബാക്കി തുകയാണ് സ്വത്തുക്കളുടെ മൂല്യമായി സർക്കാർ കണക്കാക്കുന്നത്. 24,000 ചതുരശ്ര അടി വിസ്തീർണമുള്ള ‘വേദനിലയ’ത്തിന് ഇപ്പോൾ 100 കോടി രൂപ മതിപ്പുവിലവരുമെന്നാണ് കണക്കാക്കുന്നത്. 1967-ൽ ജയലളിതയുടെ അമ്മ സന്ധ്യ 1.32 ലക്ഷം രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്. 2016 ഡിസംബർ അഞ്ചിന് ജയലളിതയുടെ മരണശേഷം ശശികലയാണ് ഇവിടെ താമസിച്ചിരുന്നത്. അനധികൃതസ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരു കോടതിയിൽ കീഴടങ്ങാൻ വേദനിലയത്തിൽനിന്നാണ് ശശികല യാത്രതിരിച്ചത്. വേദനിലയത്തിലെ ആസ്തിപ്പട്ടിക അടുക്കളപ്പാത്രങ്ങൾ - 6514 അടുക്കള റാക്കും ഫർണിച്ചറും - 12 ഷോക്കേസുകൾ - 1055 പൂജാപാത്രങ്ങൾ - 15 അടുക്കള വൈദ്യുതോപകരണങ്ങൾ - 221 വൈദ്യുതോപകരണങ്ങൾ - 251 ഉപഹാരങ്ങൾ - 394 ആദായനികുതി രേഖകൾ - 653 സ്റ്റേഷനറി ഇനങ്ങൾ - 253 ഫർണിഷിങ് സാമഗ്രികൾ - 1712 സ്യൂട്ട്‌കേസുകൾ - 65 സൗന്ദര്യവർധകവസ്തുക്കൾ - 108 ഘടികാരം - ആറ് സെറോക്‌സ് യന്ത്രം - ഒന്ന് ലേസർ പ്രിന്റർ - ഒന്ന് പലവക ഇനങ്ങൾ- 959 ആകെ ഇനങ്ങൾ - 32,721


from mathrubhumi.latestnews.rssfeed https://ift.tt/39Fffbh
via IFTTT