Breaking

Tuesday, July 28, 2020

ശിവശങ്കർ പ്രതിയോ സാക്ഷിയോ?

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വർണക്കടത്ത് കേസിൽ പ്രതിയോ അതോ സാക്ഷിയോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്ന വെല്ലുവിളിക്കുമുന്നിലാണ് എൻ.ഐ.എ. ഇപ്പോൾ. ചൊവ്വാഴ്ച അതിന് ഉത്തരം കിട്ടുമോ എന്നത് നിർണായകമാണ്. തിങ്കളാഴ്ച ചോദ്യംചെയ്യലിനുശേഷം എൻ.ഐ.എ. ഒാഫീസിൽനിന്നിറങ്ങിയ എം. ശിവശങ്കർ പോയത് തന്റെ അഭിഭാഷകനായ എസ്. രാജീവിനെ കാണാനാണ്. വലിയൊരു ആശങ്കയിൽനിന്നായിരുന്നു ആ തിടുക്കമെന്നും വിലയിരുത്തലുണ്ട്. വീടിനുമുന്നിലെത്തിയ അദ്ദേഹം പക്ഷേ, അഭിഭാഷകനെ കാണാതെ മടങ്ങി. എന്നാൽ, ശിവശങ്കർ മടങ്ങിയശേഷം മാധ്യമങ്ങളോടു സംസാരിച്ച അഭിഭാഷകൻ അറസ്റ്റിനുള്ള സാധ്യത പൂർണമായും തള്ളി. ശിവശങ്കറിന് സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് രാജീവ് ഉറപ്പിച്ചുപറഞ്ഞത്. ''സരിത്തിന്റെ മൊഴിയിൽ ശിവശങ്കറിനെതിരേ ഒന്നുമില്ല. ഞാൻ സരിത്തിന്റെ അഭിഭാഷകനുമാണ്. സരിത്തിന്റെ 108 സ്റ്റേറ്റ്മെന്റ് എനിക്കുപോലും കിട്ടിയിട്ടില്ല. ശിവശങ്കറുമായി സംസാരിച്ച് മനസ്സിലാക്കിയതിൽനിന്നാണ് ഇക്കാര്യം പറയുന്നത്. ഒരുപക്ഷേ, അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കർ സാക്ഷിയായേക്കും'' -രാജീവ് പറഞ്ഞു. സി.ആർ.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാൻ ഹാജരാകാനായി ശിവശങ്കറിന് എൻ.ഐ.എ. നോട്ടീസ് നൽകിയത്. ശിവശങ്കർ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യഹർജി ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നതെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് ശിവശങ്കറുമുള്ളതെങ്കിലും ചോദ്യംചെയ്യൽ നീളുന്നതിൽ ആശങ്കയുണ്ട്. ശിവശങ്കറിനെ മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും തീരുമാനമെടുക്കാനാകാത്ത അവസ്ഥ എൻ.ഐ.എ.യും അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്ര മുതിർന്ന ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരേ ദേശവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ശിവശങ്കറിനെ ചോദ്യംചെയ്തപ്പോൾ എൻ.ഐ.എ. അവരുടെ അഭിഭാഷകന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഇത്. അറസ്റ്റിലായ സ്വപ്ന അടക്കമുള്ളവർക്കെതിരേ യു.എ.പി.എ. ആക്ടിലെ 16, 17, 18 വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്താൽ ഇതേ വകുപ്പുകളാണ് ശിവശങ്കറിനെതിരേയും ചുമത്തേണ്ടത്. ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഢാലോചന നടത്തിയതിനെതിരായ വകുപ്പുകളാണിത്. ഇതോടെ, ജാമ്യസാധ്യത ഇല്ലാതാകും. content highlights: nia questions m sivasankar


from mathrubhumi.latestnews.rssfeed https://ift.tt/304jARQ
via IFTTT