Breaking

Thursday, July 30, 2020

ലോകനന്മയ്ക്കായി രണ്ടുഡോസ്; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി മലയാളി

അബുദാബി: മലപ്പുറം കോട്ടക്കൽ സ്വദേശി സദാബ് അലി (41)യു.എ.ഇയിൽ എത്തിയിട്ട് 16 വർഷമായി. കാണാമറയത്തിരുന്ന് സഹജീവികൾക്കുവേണ്ടി തന്നാലാവുംവിധം ചെയ്യുന്ന സേവനങ്ങളെല്ലാം ഇദ്ദേഹത്തിന് ജീവിതത്തിന്റെ ഭാഗമാണ്. മറ്റുള്ളവരെ കാണിക്കാനായിമാത്രം എന്തൊക്കെയോ ചെയ്തുകൂട്ടുന്ന ഭൂരിഭാഗത്തിൽപ്പെടാത്തതുകൊണ്ടാവാം ഒരു സിറിഞ്ച് ശരീരത്തിലെവിടെയോ കുത്തുന്ന ക്ലോസ് അപ്പ് ചിത്രവും മാനവികതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനായതിൽ സന്തോഷം എന്ന കുറിപ്പുംമാത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതിന്റെ പിന്നാമ്പുറം അന്വേഷിച്ച സുഹൃത്തുക്കളിലൂടെയാണ് സദാബ് യു.എ.ഇ.യുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ വിവരം പുറത്തറിയുന്നത്. അബുദാബി കമ്യൂണിറ്റി പോലീസിന്റെ വി ആർ ഓൾ പോലീസ് പദ്ധതിയിലെ സജീവാംഗമാണ് സദാബ്. ആ കൂട്ടായ്മയിലൂടെയാണ് വാക്സിൻ പരീക്ഷണത്തിന്റെ ചിന്തയിലേക്ക് വരുന്നത്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി. രണ്ടുദിവസത്തിനകം ആരോഗ്യവകുപ്പിൽനിന്നുള്ള വിളി വന്നു. ഈ വലിയ ഉദ്യമത്തിന്റെ ഭാഗമാവാൻ സന്നദ്ധതയറിയിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും പ്രാരംഭ പരിശോധനകൾക്ക് അനുയോജ്യമായ സമയം തിട്ടപ്പെടുത്തുകയും ചെയ്തു. അവധിദിനമായ ജൂലായ് 24-ന് വെള്ളിയാഴ്ച അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലായിരുന്നു പ്രാരംഭ പരിശോധന. സദാബിന്റെ പന്ത്രണ്ടാം വിവാഹവാർഷികമായിരുന്നു അന്ന്. ഫാർമസിസ്റ്റ് കൂടിയായിരുന്ന ഭാര്യ സാഹിറയുടെ പിന്തുണ ഈ ഉദ്യമത്തിൽ ഭാഗമാവാൻ കരുത്തുപകർന്നു. വാക്സിൻ പരീക്ഷണത്തിന്റെ സൂക്ഷ്മമായ കാര്യങ്ങൾവരെ ആരോഗ്യ പ്രവർത്തകർ വിശദീകരിച്ചു. തുടർന്ന് വയസ്സ്, ഭാരം, രക്തം, കോവിഡ് എന്നിവയെല്ലാം പരിശോധിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ടോ എന്ന പരിശോധനയാണ്. ബിൽറൂബിൻതോതിൽ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് അപേക്ഷ പ്രാരംഭത്തിൽത്തന്നെ തള്ളി. എന്നാൽ പിന്നീടുള്ള വിശദ പരിശോധനയ്ക്കും കുടുംബത്തിലെ രോഗപാരമ്പര്യനിർണയത്തിനും ശേഷം ആ വെല്ലുവിളി തരണംചെയ്ത് വാക്സിൻ പരീക്ഷണത്തിന് സജ്ജമായ ശരീരമെന്ന സാക്ഷ്യപത്രം ലഭിച്ചു. വാക്സിൻ പരീക്ഷണത്തിന് തീർച്ചപ്പെടുത്തിയ ദിനം വന്നെത്തി. ജൂലായ് 28 ചൊവ്വാഴ്ച വീണ്ടും നാഷണൽ എക്സിബിഷൻ സെന്ററിൽ. വീണ്ടും ശാരീരികപരിശോധന. വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള പൂർണവും സ്പഷ്ടവുമായ ബോധവത്കരണം. ശേഷം ഡോക്ടറുടെ മുറിയിലേക്ക്. പരീക്ഷണത്തിന് തയ്യാറാണെന്ന് സദാബും പരീക്ഷിക്കുന്നത് താനാണെന്ന് ഡോക്ടറും ഉടമ്പടിയിൽ ഒപ്പുവെച്ചു. ആന്റിബോഡി പരിശോധനയ്ക്കായി ആദ്യം രക്തമെടുത്തു. ശേഷം ഇനാക്റ്റിവേറ്റഡ് വാക്സിൻ ആദ്യ ഡോസ് വലതുകൈയിൽ കുത്തിവെച്ചു. ലോകം മുഴുവൻ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ ഉദ്യമത്തിൽ അങ്ങനെ ഒരു പ്രവാസി മലയാളിയും പങ്കാളിയായി. അടുത്ത 379 ദിവസവും ഇദ്ദേഹവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാവും. മരുന്നിന്റെ പ്രതികരണം പലതരത്തിലാവാം. ചെറിയ പനിയോ ശ്വാസം മുട്ടലോ വയറിളക്കമോ ചുമയോ.... ഇതൊന്നുമില്ലാതെയുമാവാം. എല്ലാം കരുതലിന്റെ സുരക്ഷാവലയത്തിനുള്ളിൽത്തന്നെ. ഇനിയൊരു ഡോസ് കൂടിയുണ്ട്. 21 ദിവസത്തിനുശേഷം. എങ്കിലും എല്ലാ ദിവസവും ശാരീരികവും മാനസികവുമായ എല്ലാ മാറ്റങ്ങളും അടയാളപ്പെടുത്തണം. ഒരു നാൽപതുകാരനിലെ മാറ്റമാവില്ല ഇരുപതുകാരനിൽ. അതെല്ലാം അതതുസമയങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിനിധികൾ അന്വേഷിക്കും. എല്ലാ പിന്തുണയും സഹായങ്ങളും നൽകും. സൂചികുത്തിയ കൈയിലെ നിറവ്യത്യാസവും ചുറ്റിലുമുണ്ടായേക്കാവുന്ന നീരിന്റെയും തടിപ്പിന്റെയും സൂക്ഷ്മാംശവുംവരെ അടയാളപ്പെടുത്തണം. അത് വിശകലനവും തുടർവിശകലനങ്ങളും ചെയ്ത് ഒടുവിലാണ് ഒരു നിർണയത്തിൽ എത്തുക. അങ്ങനെയുള്ള ലക്ഷക്കണക്കിന് വിശകലനങ്ങൾ വേണ്ടിവരും മാനവരാശിയെ പിടിച്ചുലച്ച ഈ മഹാമാരിക്കെതിരേ കരുതലിന്റെ ഉരുക്ക് പടച്ചട്ടയൊരുക്കാൻ. അതിനായി സ്വയം സമർപ്പിക്കുന്നവരെല്ലാം തലമുറയുടെ രക്ഷകരാണ്. മൂന്ന് കുട്ടികളുടെ പിതാവായ സദാബും അദ്ദേഹത്തെപ്പോലുള്ളവരും നാളെയുടെ പ്രതീക്ഷയാണ്. ഏതുപ്രതിസന്ധിയിലും സമർപ്പണ മനോഭാവത്തോടെ മാനവരാശിക്ക് കൈത്താങ്ങാവാൻ ആരെങ്കിലുമൊക്കെ മുന്നോട്ടുവരാനുണ്ടെന്ന പ്രതീക്ഷ. വളരെ സങ്കീർണവും വിജയകരവുമായ ആദ്യ രണ്ടുഘട്ടങ്ങൾക്ക് ശേഷം യു.എ.ഇ.യിൽ കൂടുതൽപ്പേരെ വാക്സിൻ പരീക്ഷണത്തിന് വിധേയമാക്കുന്ന മൂന്നാംഘട്ടം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലാണ് രജിസ്റ്റർ ചെയ്തവരിലേക്ക് പരീക്ഷണം വ്യാപിപ്പിക്കുന്നത്. കോവിഡ് പിടിപെട്ടിട്ടില്ലാത്ത ശാരീരികക്ഷമതയുള്ള 18-നും 60-നും ഇടയിൽ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. ഇവർ മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലാത്തവരായിരിക്കുകയും വേണം. യു.എ.ഇ.യുടെ വിശ്വമാനവികതയെന്ന വലിയ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിർമിത ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ജി 42യും ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. വൈറസിന്റെ അത്യൽപാംശം ഉൾക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമാവാൻ യു.എ.ഇ. ആരോഗ്യമന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/337X1xR
via IFTTT