Breaking

Wednesday, July 29, 2020

അവരേയും ചേര്‍ത്തുപിടിക്കാം, ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും വരുമാനവും ഉറപ്പാക്കാന്‍ യെല്ലോ വിങ്‌സ്

സഹതാപം നിറഞ്ഞ നോട്ടം, അനുകമ്പയോടെയുള്ള പരിചരണം, അവസരങ്ങളിൽ നിന്നും മാറ്റിനിർത്തൽ.. സമൂഹത്തിലെ ഭിന്നശേഷിക്കാരിൽ പലരും നേരിടുന്നത് ഈ മനോഭാവമാണ്. എന്നാൽ സഹതാപത്തിനപ്പുറം അവർക്ക് വേണ്ടത് പരിശീലനവും അവസരവുമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് കോഴിക്കോട് പ്രവർത്തിക്കുന്ന യെല്ലോ വിങ്സ് എന്ന സംഘടന. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകി വരുമാനമാർഗം സൃഷ്ടിക്കാനുള്ള അവസരമാണ് യെല്ലോ വിങ്സ് നൽകുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കാണ് യെല്ലോവിങ്സ് പരിശീലനം നൽകുന്നത്. കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലിൽ 2019 മെയ് മാസത്തിലാണ് യെല്ലോ വിങ്സ് പ്രവർത്തനം ആരംഭിച്ചത്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന 15 പേർക്ക് പരിശീലനം നൽകിക്കൊണ്ടായിരുന്നു സംഘം പ്രവർത്തനം ആരംഭിച്ചത്. ക്യാരി ബാഗുകൾ ഉണ്ടാക്കുന്ന പ്രൊഡക്ഷൻ യൂണിറ്റ് ആണ് ആദ്യം തുടങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന ട്രെയിനികൾക്ക് നിരന്തരം പരിശീലനം നൽകി. മാസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ ഓരോരുത്തരും ഓരോ മേഖലയിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കാൻ തുടങ്ങി. ക്യാരി ബാഗുകൾക്കുള്ള അളവെടുക്കാനും വെട്ടാനും തുടങ്ങി അവസാനമിനുക്കു പണികൾ വരെ അവർ സ്വയം ചെയ്യുന്ന രീതിയിലായിരുന്നു പരിശീലനം. ഒരു വർഷത്തെ പരിശീലനം കൊണ്ട് സ്വന്തമായി ആരുടെയും സഹായമില്ലാതെ തുണി സഞ്ചികൾ നിർമിക്കാൻ ഇവർ പ്രാപ്തരായി. പരിശീലനത്തിന് മുൻപ് കത്രിക നേരെ പിടിക്കാൻ പോലും അറിയാതിരുന്നവർ ഇന്ന് അളവെടുത്ത് മുറിച്ച് ബാഗുകൾ നിർമിക്കുന്ന ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞു.ഇവർ ഉത്പാദിപ്പിക്കുന്ന ബാഗുകൾ വിപണിയിലേക്കും എത്തിച്ചു. ഓർഡർ അനുസരിച്ച് തുണി സഞ്ചികൾ, പലതരം കോട്ടൺ, ജൂട്ട്, പേപ്പർ ബാഗുകൾ വരെ ഇപ്പോൾ നിർമിച്ചു നൽകുന്നുണ്ട്.ചിത്രം വരയ്ക്കാനും പാട്ടും പാടാനും നൃത്തം ചെയ്യാനും കഴിവുള്ളവർക്ക് അതിനുള്ള അവസരങ്ങളും യെല്ലോ വിങ്സ് ഒരുക്കിക്കൊടുക്കുന്നുണ്ട്. ആവശ്യമായ പ്രോത്സാഹനം നൽകിക്കൊണ്ട് ഭിന്നശേഷിക്കാരുടെ കുറവുകളെ മാറ്റിനിർത്തി കഴിവുകളിലൂടെ അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് യെല്ലോ വിങ്സ് നടത്തുന്നത്. ഇവരുടെ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി ഉത്പാദനം വിപുലപ്പെടുത്താനും ഇവർക്ക് നിത്യവരുമാനം ഉറപ്പിക്കുകയുമാണ് യെല്ലോ വിങ്സിന്റെ അടുത്ത ലക്ഷ്യം. ബാഗ് നിർമാണം അല്ലാതെ കൂടുതൽ പദ്ധതികളും സംഘം ആലോചിച്ചുവരുന്നു. പ്രകാശ് മാത്യു, ഷെറി സന്തോഷ് , ലത മനോഹരൻ , ഷഹാനാസ് ബീന, ആഷിദ ഫിറോസ്, മരിയ ജോസഫ് എന്നിവ യെല്ലോ വിങ്സിന് നേതൃത്വം കൊടുക്കുന്നവർ. Content Highlights:Yellow wings training unit for Disabled people


from mathrubhumi.latestnews.rssfeed https://ift.tt/2EqGlHn
via IFTTT