Breaking

Friday, July 10, 2020

ദാ എത്തി... കൊട്ടിന് ലിപി-ഗികാം ണകതരകാം

കാസർകോട്: നാടും ഭാഷയും ഇനി പ്രശ്നമാക്കേണ്ട. ചെണ്ട പഠിച്ച് കൊട്ടിക്കയറാൻ പുതിയ ലിപി തയ്യാർ. കാഞ്ഞങ്ങാട്ടെ വാദ്യരത്നം മഡിയൻ രാധാകൃഷ്ണമാരാരാണ് കോവിഡുകാല ലോക്ഡൗണിനിടയിൽ 'കൊട്ടുലിപി' ഒരുക്കിയത്. ആചാര്യന്മാർ പകർന്നുകൊടുക്കുന്ന പാഠക്കൈ, ഗണപതിക്കൈ എന്നിങ്ങനെ കൈകളുടെ രൂപത്തിലുള്ള വായ്ത്താരി (കൊട്ടിന്റെ ചൊല്ല്) നാലുലിപിയിലേക്ക് (ചിഹ്നം) ചുരുക്കിയിരിക്കയാണ് ഇദ്ദേഹം. വാദ്യസർവവും അടങ്ങിയിരിക്കുന്ന ഗണപതിക്കൈയിലെ 'ഗി കാം ണകതരകാം' എന്ന വായ്ത്താരി എല്ലാ ഭാഷക്കാർക്കും മനസ്സിലാകുന്ന തരത്തിൽ 'O U - U - - U' എന്നാണ് മാരാർ ലിപിയിൽ ഉൾക്കൊള്ളിച്ചത്. കൈയിലും കോലിലുമായി ചെണ്ടയിൽ ഉയരുന്ന നാലുശബ്ദങ്ങളും ഒരു ഒഴിവും (കോർവ) അഞ്ചുലിപിയിൽ കുറിക്കുകയാണ് മാരാർ. ഏതുഭാഷക്കാർക്കും ബുദ്ധിമുട്ടില്ലാതെ ചെണ്ട അഭ്യസിക്കാനാകണമെന്ന ലക്ഷ്യത്തിൽനിന്നാണ് ഈ ആശയമെന്ന് രാധാകൃഷ്ണമാരാർ പറഞ്ഞു. പഠിതാവിന് കൊട്ടിന്റെ എണ്ണവും നിലയും വെവ്വേറെ മനസ്സിലാക്കാനും ലിപികൊണ്ട് കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. പാഠ്യപ്രവർത്തനം എന്നനിലയിൽ ചെണ്ടയും കൊട്ടും താത്ത്വികമായി മനസ്സിലാക്കാൻ ലിപി സഹായിക്കുമെന്ന് കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാറും കലാനിരൂപകനുമായ വി. കലാധരൻ അഭിപ്രായപ്പെട്ടു. ഗുരുമുഖത്തുനിന്ന് കേട്ടുപഠിച്ച് ദിവസങ്ങളോളം പരിശീലിച്ച് വളർത്തിയെടുക്കുന്ന കൊട്ടുസംസ്കാരത്തിന് ഇത് എത്രത്തോളം ഗുണംചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3ehCzwh
via IFTTT