ന്യൂഡൽഹി: കോവിഡ്-19 വായുവിൽ കൂടി പകരും എന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് വലിയ ആശങ്കളാണ് ലോകത്തിന് നൽകിയത്. 32 രാജ്യങ്ങളിൽ നിന്നുള്ള 230 ഗവേഷകർ കോവിഡ് വായുവിൽ കൂടിയും പകരുമെന്നതിനുള്ള തെളിവുകളുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചിരുന്നു. ഇതേതുടർന്ന് ഈ വാദമുഖങ്ങൾ അവർ സ്വീകരിക്കുകയും ചെയ്തു. എന്നാൽ വായുവിൽ കൂടി പകരുക എന്ന് പറഞ്ഞാൽ അത് അഞ്ചാംപനിപോലെയുള്ള വൈറസുകൾ വായുവിൽ കൂടി പകരുന്ന രീതിയിലുള്ളത് എന്ന് അർഥമാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കുന്നത്. എല്ലായിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും പ്രത്യേക ഇടങ്ങളിൽ ചില സാഹചര്യങ്ങളിൽ മാത്രമാണ് ഈയൊരു രീതിയിലുള്ള രോഗപ്പകർച്ച ഉണ്ടാവുകയെന്നാണ് ഇവർ പറയുന്നത്. അഞ്ചാംപനി പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ വായുവിൽ കൂടുതൽ കാലം നിലനിൽക്കാൻ സാധിക്കുന്നവയാണ്. ഇവ വളരെവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും. എന്നാൽ കോവിഡിന്റെ കാര്യത്തിൽ എയ്റോസോൾ മുഖേനെ മാത്രമേ വായുവിൽകൂടി രോഗപ്പകർച്ചയുണ്ടാകുവെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കുന്നു. നമ്മൾ സംസാരിക്കുമ്പോൾ, ഉറക്കെ ശമ്പ്ദമുണ്ടാക്കുമ്പോൾ, പാട്ടുപാടുമ്പോൾ എന്തിനേറെ നമ്മുടെ നിശ്വാസത്തിൽ പോലും സ്രവകണങ്ങൾ ഉണ്ടാകും. ഇവയൊക്കെ പലവലിപ്പത്തിൽ ഉള്ളവയാണ്. ചുമക്കുക, തുമ്മുക ഉറക്കെ സംസാരിക്കുക തുടങ്ങിയ പോലുള്ളവ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവകണങ്ങൾ വലുതായിരിക്കും. ഇവയ്ക്ക് പരമാധി രണ്ടുമീറ്ററുകൾക്കപ്പുറത്തേക്ക് പോകാൻ സാധിക്കില്ല. ഭാരക്കൂടുതൽ ഉള്ളതിനാൽ ഗുരുത്വാകർഷണത്തിന്റെ ഫലമായി ഇവ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകൾ ഇത്രയകലം പാലിച്ച് നിൽക്കണമെന്ന് നിർദ്ദേശിക്കുന്നത്. എന്നാൽ അഞ്ച് മൈക്രോണിൽ താഴെയുള്ള സ്രവകണങ്ങൾ ആണ് പുറത്തുവരുന്നതെങ്കിൽ അവയെ എയ്റോ സോളുകൾ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവിൽ കൂടുതൽ നേരം തങ്ങിനിൽക്കും. മാത്രമല്ല ചെറിയ കാറ്റോ മറ്റോ ഉണ്ടായാൽ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. 10 മുതൽ 15 മിനിറ്റുകൾ വരെ വായുവിൽ ഇവ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഈ സമയത്തിനിടയിൽ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാൽ അവർക്കും രോഗം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോവിഡ്-19 വായുവിൽകൂടി പകരുമെന്ന് പറയുന്നതെന്നും ഡോയ സൗമ്യ സ്വാമിനാഥൻ പറയുന്നു. ചില സാഹചര്യങ്ങളിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ. ഒരു മുറിയിലോ മറ്റോ ഉള്ളവരിൽ നിന്ന് മറ്റൊരാളിലേക്ക് ഇങ്ങനെ പകരാം. അതുപോലെ ആശുപത്രികൾക്കുള്ളിലും ഇങ്ങിനെ സംഭവിക്കാം. ഇങ്ങനെ സംഭവിക്കില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. അതിനർഥം ഇത് വായുവിൽ കൂടി പകരുന്ന സാംക്രമിക രോഗമാണെന്നല്ല. അഞ്ചാംപനി പോലെ ഇവയും വായുവിൽ കൂടി പകരുന്നവയായിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ അത് എല്ലാവരിലും ബാധിച്ചുകഴിഞ്ഞേനേയെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ വിശദീകരിക്കുന്നു. കോവിഡ് കൂടുതലും പകരുന്നത് നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ആണ്. സാമൂഹ്യാകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങളിലൂടെ നമുക്ക് അവയെ പ്രതിരോധിക്കാനാകുകയും ചെയ്യും- അവർ വ്യക്തമാക്കി. Content Highlights:Covid is airborne. What does it mean? WHO explain
from mathrubhumi.latestnews.rssfeed https://ift.tt/2AKXSZu
via
IFTTT