സൂറത്ത്: ഗുജറാത്തിൽ മന്ത്രിയുടെ മകനുമായി തർക്കിച്ചതിന് സ്ഥലംമാറ്റുകയും തുടർന്ന് അവധിയിൽ പ്രവേശിക്കുകയും ചെയ്ത വനിതാ കോൺസ്റ്റബിളിന് സൂറത്ത് പോലീസ് സംരക്ഷണം അനുവദിച്ചു. ജീവന് ഭീഷണിയുണെന്ന പരാതിയെ തുടർന്നാണ് കോൺസ്റ്റബിൾ സുനിത യാദവിന് പോലീസ് സംരക്ഷണം അനുവദിച്ചത്. ജോലി രാജിവെക്കാനുള്ള സന്നദ്ധതയും സുനിത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഐപിഎസ് ഓഫീസറായി പോലീസ് സേനയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ജോലി രാജിവെക്കുന്നതെന്ന് സുനിത യാദവ് വ്യക്തമാക്കി. തനിക്ക് വേണ്ടിയല്ല കാക്കിയുടുപ്പിന് വേണ്ടിയുള്ളതാണ് തന്റെ പോരാട്ടമെന്നും സുനിത പറഞ്ഞു. ഫോണിലൂടെ തനിക്ക് ഭീഷണി ലഭിച്ചുവെന്നും സംസ്ഥാനത്തിന് പുറത്തു നിന്നാണ് കോളുകൾ വന്നതെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന ആരോഗ്യമന്ത്രി കുമാർ കനാനിയുടെ മകൻ പ്രകാശ് കനാനിയുമായി ഡ്യൂട്ടിക്കിടയിലുണ്ടായ തർക്കമാണ് സുനിതയുടെ സ്ഥലംമാറ്റത്തിനിടയാക്കിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്ത പ്രകാശിനെ പോലീസ് തടഞ്ഞ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സുനിതയുമായി തർക്കിച്ചു. വനിതാ കോൺസ്റ്റബിളിനെ പ്രകാശ് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രകാശിനേയും സുഹൃത്തുക്കളെയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് സുനിതയുടെ പോലീസ് ആസ്ഥാനത്തേക്കുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OstRku
via
IFTTT