തൃശ്ശൂർ: പാലൊഴിച്ച ചായ കുടിച്ചിട്ട് കുറെയായി ടീച്ചറേ അതോണ്ടാ... പാൽപ്പൊടി പാക്കറ്റിനുനേരെ സഞ്ജുവിന്റെ കൈനീളുന്നതുകണ്ട് നോക്കിയപ്പോൾ അവൻ പറഞ്ഞു- ബിന്ദു ടീച്ചറുടെ ശബ്ദത്തിലല്പം ഇടർച്ച. “ടി.വീലെ ക്ലാസൊക്കെ ശരിക്കും ശ്രദ്ധിക്കുന്നില്ലേ മോനേ.. ശനിയും ഞായറും വീണ്ടും കാണിക്കുന്നുണ്ട്... ഈ മുടി വലുതായീലോ, അവന്റെ മുടി വെട്ടിക്കണേ അമ്മാമേ- ബിന്ദു ടീച്ചർ മകനോടെന്നപോലെ സഞ്ജുവിന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. മുഖത്ത് വിരിഞ്ഞ ചെറിയ നാണത്തിനിടയിലും സഞ്ജയ് തോമസ് എന്ന എട്ടാംക്ലാസുകാരൻ തലയാട്ടി. മുണ്ടൂർ കുരിയാൽപ്പാലം കവലക്കാടൻ വീട്ടിൽ സഞ്ജുവിന് കൂട്ടായുള്ളത് അമ്മാമ ഏല്യക്കുട്ടി മാത്രമാണെന്നു പറഞ്ഞാൽ അതത്ര ശരിയാവില്ല. വീടിനുമുന്നിലെ കോലായയുടെ കോണിൽ അവനൊരു കുഞ്ഞ് മീൻകുളമുണ്ടാക്കിയിട്ടുണ്ട്. ഷീറ്റുകൾ വളച്ചുണ്ടാക്കിയ മീൻകുളത്തിലെ ചെറുമീനുകളും ആറു പൂച്ചകളുമാണ് സഞ്ജുവിന്റെയും അമ്മാമയുടെയും ഇപ്പോഴത്തെ തുണക്കാർ. അമ്മാമ എന്നെയും പൂച്ചകളെയും കുഞ്ഞാ എന്നാ വിളിക്കാ.. അതുകേട്ട് ഞാനും പൂച്ചകളെ കുഞ്ഞാന്ന് വിളിക്കും. എന്റെ അഞ്ചുകൂട്ടുകാരും ഇടയ്ക്കിടെ വരും. എനിക്ക് അമ്മാമയും ഇവരൊക്കെയുമുണ്ടല്ലോ- 13 വർഷത്തെ കുഞ്ഞുജീവിതത്തിനിടെയുണ്ടായ സങ്കടങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പിക്കുംവിധം പതറാത്ത ശബ്ദത്തിൽ സഞ്ജു പറഞ്ഞു. ''അവന് മൂന്നു വയസ്സുള്ളപ്പോഴാ അമ്മ ഉപേക്ഷിച്ചുപോയത്. ഒപ്പം താഴെയുള്ള രണ്ട് പേരേം കൊണ്ടുപോയി. കോടതീൽ കേസായി ബന്ധം പിരിയാറായപ്പോ സഞ്ജു പറഞ്ഞു എനിക്കപ്പന്റെ കൂടെ പോണംന്ന്. പിള്ളേരെ അങ്ങോട്ടുമിങ്ങോട്ടും കാണിക്കണന്ന് വിധിയിൽ പറഞ്ഞിരുന്നു. ആദ്യമൊക്കെ അതുപോലെ നടന്നു. പിന്നെ ഒന്നും ഇല്ലാതായി. ഒരു കൊല്ലംമുമ്പ് ഇവന്റപ്പനും പോയി. കല്യാണമാലോചിച്ച് പോയതാ. വല്ലപ്പോഴും വിളിക്കും. ചെലവിനൊന്നും തരുന്നുമില്ല''- ഏല്യാക്കുട്ടിയുടെ മുഖത്ത് സങ്കടം. കോൺക്രീറ്റിട്ട ചെറുവീട് ഏല്യക്കുട്ടിയുടെ പേരിലുള്ളതാണ്. വർഷങ്ങൾക്കുമുമ്പ് വീടിന്റെ ആധാരംവെച്ച് മകനും ഭാര്യയും മുണ്ടൂർ സഹകരണ ബാങ്കിൽനിന്ന് ഒന്നരലക്ഷം രൂപ കടമെടുത്തിരുന്നു. തിരിച്ചടവൊന്നുമുണ്ടായില്ല. ബാങ്കിൽനിന്ന് നോട്ടീസ് വന്നപ്പോൾ കടം വാങ്ങി പതിനായിരം രൂപ അടച്ചു. അത്രമാത്രം. ബാങ്ക് നടപടിയെടുത്താൽ എന്തുചെയ്യണമെന്ന് ഏല്യക്കുട്ടിക്കറിയില്ല. കിഴക്കേകോട്ടയിലെ സുറിയാനി പള്ളിയിൽ ആഴ്ചയിലൊരിക്കലുള്ള തൂപ്പു ജോലിയിലൂടെ കിട്ടുന്ന 400 രൂപയായിരുന്നു അമ്മാമയുടെയും കൊച്ചുമോന്റെയും ഏക വരുമാനം. മാർച്ചിൽ ലോക്ഡൗൺ തുടങ്ങി പള്ളി അടച്ചതോടെ അതുംമുടങ്ങി. 'റേഷൻ കിട്ടുന്നതുകൊണ്ട് പട്ടിണി കിടന്നില്ല. പച്ചക്കറിയൊന്നും വാങ്ങാറില്ല. എന്റെ ഒരു കണ്ണിന് കാഴ്ചയില്ല. ഞരമ്പിനാണു പ്രശ്നം. മറ്റേ കണ്ണിനും ചികിത്സ വേണം. കടുത്ത അൾസറുണ്ട്. മുടങ്ങാതെ മരുന്ന് കഴിക്കണം. മുമ്പൊരിക്കൽ പക്ഷാഘാതം വന്നിട്ട് രക്ഷപ്പെട്ടതാ- 73-കാരിയായ ഏല്യക്കുട്ടി പറയുന്നു. പേരാമംഗലം ദുർഗാവിലാസം ഹൈസ്കൂളിലെ വിദ്യാർഥിയായ സഞ്ജുവിന്റെ സങ്കടങ്ങൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ക്ലാസ് ടീച്ചർ ബിന്ദുവും ഫിസിക്സ് ടീച്ചർ സിനിയുമാണ് തിരിച്ചറിഞ്ഞത്. തുടർന്ന് അവശ്യസാധനങ്ങളും അമ്മാമയ്ക്കുള്ള മരുന്നും ഹെഡ്മാസ്റ്റർ രാജുവിന്റെ നേതൃത്വത്തിലെത്തിച്ചു. എന്നാൽ പഠിക്കാൻ മിടുക്കനായ സഞ്ജുവിനെയും അമ്മാമയെയും സ്ഥിരമായി സഹായിക്കാനാകുമോ എന്ന ആശങ്ക സ്കൂളധികൃതർക്കുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3fcpcin
via
IFTTT