Breaking

Friday, July 10, 2020

ഛത്തീസ്ഗഢ് സർക്കാർ ചാണകം വാങ്ങും; എതിർത്ത് ബി.ജെ.പി., അനുകൂലിച്ച് ആർ.എസ്.എസ്.

ന്യൂഡൽഹി‍: ഛത്തീസ്ഗഢിൽ സംസ്ഥാനസർക്കാർ ജൂലായ് 21 മുതൽ ന്യായവില നൽകി കർഷകരിൽനിന്ന് ചാണകം സംഭരിക്കും. കോൺഗ്രസിന്റെ വിഖ്യാതമായ ന്യായ് പദ്ധതി ‘ഗോദാൻ ന്യായ് യോജന’യാക്കി പരിവർത്തനപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേശ് ബഘേൽ. ഒരുകിലോഗ്രാം ചാണകത്തിന് ഒന്നര രൂപ നിരക്കിലാണ് സംഭരണം.തീരുമാനത്തെ സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷമായ ബി.ജെ.പി. ശക്തമായി എതിർക്കുകയാണെങ്കിലും സർക്കാരിനെ പിന്തുണച്ച് ആർ.എസ്.എസ്. രംഗത്തെത്തി. ‘ജനകീയ മുഖ്യമന്ത്രി’ തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നു എന്നാണ് ആർ.എസ്.എസ്. പദ്ധതിയെ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച പ്രാന്ത പ്രമുഖ് സുബോധ് രതിയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന് ‘അഭിനന്ദനക്കത്ത്’ നൽകി. ചാണകം കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ സംഭരിക്കണമെന്നും ഗോമൂത്രം ജൈവ കീടനാശിനിയാക്കി മാറ്റണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രതി പറഞ്ഞു.അതേസമയം, വിദ്യാഭ്യാസമുള്ള യുവാക്കളെ ചാണകത്തിനു പിന്നാലെ പോകാൻ സർക്കാർ പ്രേരിപ്പിക്കുന്നുവെന്നാണ് ബി.ജെ.പി. നേതാവും മുൻപഞ്ചായത്ത് മന്ത്രിയുമായ അജയ് ചന്ദ്രാകറിനെപ്പോലുള്ളവരുടെ ആരോപണം. ആർ.എസ്.എസിലെ ഒരു വിഭാഗവും അഭിനന്ദനക്കത്തിനെതിരേ രംഗത്തുവന്നു. കത്തുമായി സംഘടനയ്ക്കു ബന്ധമില്ലെന്നാണ് ആർ.എസ്.എസ്. നേതാവ് പ്രഭാത് മിശ്ര വ്യക്തമാക്കി.ആർ.എസ്.എസ്. നേതാക്കളുടെ പിന്തുണ അദ്‌ഭുതപ്പെടുത്തിയില്ലെന്നാണ് മുഖ്യമന്ത്രി ഭൂപേശ് ബഘേലിന്റെ പ്രതികരണം. രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന തോന്നലും സമൂഹത്തിലെ എല്ലാ വിഭാഗവും അംഗീകരിക്കുന്നു എന്ന അറിവും കാരണം പദ്ധതിക്കുപിന്നിൽ തങ്ങളാണെന്നു തെളിയിക്കാനുള്ള പ്രകടനമാണ് എല്ലാമെന്ന് അദ്ദേഹം പരിഹസിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/322j6gL
via IFTTT