വണ്ടിപ്പെരിയാർ: ജൂലായ് 16. ക്രൂരമായി അവൾ കൊല്ലപ്പെട്ടിട്ട് 16 ദിവസം. അന്ന് തന്നെയായിരുന്നു അവളുടെ ഏഴാം പിറന്നാളും. മകളുടെ ഓർമയിൽ മാതാപിതാക്കൾ അലമുറയിട്ടുകൊണ്ട് കേക്ക് മുറിക്കുകയും അവൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കുകയും ചെയ്തപ്പോൾ കരയാത്തവരായി അവിടെ ആരുമുണ്ടായില്ല.പതിനാറുദിവസം മുന്പാണ് ചുരക്കുളത്ത് ആറുവയസ്സുകാരി പീഡനശേഷം കെട്ടിത്തൂക്കി കൊലചെയ്യപ്പെട്ടത്. അടുത്ത വീട്ടിൽ താമസിക്കുന്ന ഇരുപത്തിരണ്ടു വയസ്സുകാരനായിരുന്നു കൃത്യത്തിന് പിന്നിൽ. പെൺകുട്ടിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന പതിനാറാംദിനവും പിറന്നാൾദിനവും ഒരു ദിവസം തന്നെയായതോടെ ആ വീടും അയൽപക്കങ്ങളും ദുഃഖത്തിലമർന്നു.രണ്ടുലയങ്ങളിലായി പതിനാറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ കിലുക്കാംപെട്ടിയായിരുന്നു ആ ആറുവയസ്സുകാരി. എല്ലാ വീട്ടിലേയും സ്ഥിരം സന്ദർശക. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഏവർക്കും പ്രിയപ്പെട്ടവൾ. കഴിഞ്ഞ തവണത്തെ പിറന്നാൾ ഏവരും ചേർന്നാണ് ആഘോഷമാക്കിയത്. എല്ലാവരും അവൾക്ക് പിറന്നാൾ സമ്മാനങ്ങൾ നല്കി. ഇത്തവണയും പിറന്നാൾ ആഘോഷമാക്കാനിരിക്കെയാണ് അവൾ ദാരുണമായി കൊലചെയ്യപ്പെട്ടത്.എങ്കിലും മരണശേഷമുള്ള പതിനാറാംദിവസവും പിറന്നാൾദിനവും ഒന്നായി വന്ന ദിവസം അവൾക്കിഷ്ടമായ വിഭവങ്ങൾ ഒരുക്കി ഓർമദിനമാക്കാൻ ആരും മറന്നില്ല. അവൾ താമസിച്ച ലയത്തിൻറെ ഇടുങ്ങിയ മുറിയിൽ അവൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങൾ, ബിരിയാണി, ചോക്കലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ നിരത്തിവെച്ചു. അവളുടെ ആഗ്രഹപ്രകാരം പേരെഴുതിയ പിറന്നാൾ കേക്ക് വാങ്ങി. ബന്ധുക്കളും കുടുംബക്കാരും ഒത്തുകൂടി. സന്തോഷത്തോടുകൂടി മുറിക്കേണ്ട പിറന്നാൾ കേക്ക് അലമുറയോടെ കുട്ടിയുടെ പിതാവ് മുറിച്ചു. കരച്ചിലും വിങ്ങലും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ വിതരണം ചെയ്ത കേക്ക് ബന്ധുക്കൾ കണ്ണീരോടെ സ്വീകരിച്ചു, തങ്ങളുടെ പ്രിയപ്പെട്ടവളുടെ ഓർമയ്ക്കായി.
from mathrubhumi.latestnews.rssfeed https://ift.tt/3eq9yBo
via
IFTTT