മാവേലിക്കര: വയോധികയുടെ മാലപൊട്ടിച്ചെന്ന പേരിൽ 47 ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളീക്കൽ ജി.രമേശ്കുമാർ (59) നിരപരാധിയാണെന്ന് പോലീസ് നേരത്തെ തിരിച്ചറിഞ്ഞതായി സൂചന. റിമാൻഡ് കാലാവധി രണ്ടാഴ്ചയോളം നീണ്ടിട്ടും രമേശ് കുമാറിനെതിരേ തെളിവൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ബന്ധുക്കളോട് ജാമ്യത്തിന് അപേക്ഷ നൽകാൻ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഉപദേശിച്ചു. അപ്പോഴും ഒരുവിഭാഗം ബന്ധുക്കൾ രമേശ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുകയാരുന്നു.മാവേലിക്കര എസ്.ഐ.യായിരുന്ന എസ്.പ്രദീപാണ് രമേശ്കുമാറിനെ അറസ്റ്റുചെയ്യുന്നത്. ഇതേ ഉദ്യോഗസ്ഥൻ തന്നെ ജയിലെത്തി കണ്ടതായി രമേശ്കുമാർ പറയുന്നു. അടുത്തുതന്നെ ജാമ്യം കിട്ടുമെന്നും ഇതോടെ പുറത്തിറങ്ങാൻ കഴിയുമെന്നും സർക്കാർ വക്കീലിനോട് സംസാരിക്കാമെന്നും എസ്.ഐ. പറഞ്ഞതായി രമേശ്കുമാർ ഓർക്കുന്നു. എസ്.ഐ. സ്ഥലം മാറിപ്പോയ സമയത്തും ജാമ്യത്തിന് ശ്രമിക്കണമെന്ന് ബന്ധുക്കളെ ഉപദേശിച്ചിരുന്നു.നവംബർ 12-ന് പുലർച്ചേയാണ് ക്ഷേത്രദർശനത്തിന് പോയ പ്രദേശവാസിയായ വയോധികയുടെ മാല പിടിച്ചുപറിക്കുന്നത്. രമേശ്കുമാറിന്റെ വീടിന് സമീപത്തുവച്ചാണ് മാലപൊട്ടിച്ച് ഓടിയത്. പ്രധാനറോഡിൽനിന്ന് അൻപത് മീറ്ററോളം അകത്തേക്ക് മാറിയാണ് രമേശ്കുമാറിന്റെ വീടിന്റെ ഗേറ്റുള്ളത്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രമേശ്കുമാറിനെ അറസ്റ്റുചെയ്തത്. മാലപൊട്ടിച്ച് ഓടിപ്പോയ ആൾ താൻ രമേശാ എന്നുവിളിച്ചപ്പോൾ തിരിഞ്ഞുനോക്കിയെന്നാണ് വയോധികയുടെ മൊഴി. പുലർച്ചേ ആളെ തിരിച്ചറിയാൻ സാധ്യത കുറവായിട്ടും ഈ മൊഴി വിശ്വസിച്ച് പോലീസ് രമേശ്കുമാറിനെ പിടികൂടുകയായിരുന്നു. ലോക്കൽ പോലീസിന്റെ മാത്രമല്ല, സ്പെഷ്യൽ ബ്രാഞ്ചിന്റെയും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയിട്ടും നാട്ടുകാരിൽ പലരും രമേശിനോട് അടുപ്പം കാട്ടിയിരുന്നില്ല. യഥാർഥപ്രതി കുറ്റം സമ്മതിച്ചതായി ശനിയാഴ്ച പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് പലർക്കും കാര്യം മനസ്സിലായത്. ഇതോടെ ആശ്വസിപ്പിക്കാൻ നാട്ടുകാർ എത്തുന്നുണ്ട്. നിയമനടപടിക്ക് നാട്ടുകാരുടെ പൂർണ പിന്തുണയുമുണ്ട്. എന്നാൽ, ഇപ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ രമേശ്കുമാറിന് കഴിഞ്ഞിട്ടില്ല.മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തുആലപ്പുഴ: നിരപരാധി ജയിലിൽ കിടക്കേണ്ടിവന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതായി കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ‘മാതൃഭൂമി’യോട് പറഞ്ഞു.. ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2UhVZuL
via
IFTTT