Breaking

Saturday, February 1, 2020

ചോരക്കൊതി തീരാതെ എം.സി.റോഡ്; പൊലിഞ്ഞത് അഞ്ചു ജീവനുകള്‍

കുറവിലങ്ങാട്: നവീകരിച്ച എം.സി. റോഡിന് ചോരക്കൊതി തീരുന്നില്ല. അടുത്ത കാലത്ത് പോലും നിരവധി പേരുടെ ജീവനാണ് എം.സി. റോഡിൽ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയിൽ കാളികാവിനു സമീപം പൊലിഞ്ഞതാകട്ടെ അഞ്ച് ജീവനുകൾ. സംഭവസ്ഥലത്തുവെച്ചു തന്നെ അഞ്ച് പേരും മരിച്ചു. മെഡിക്കൽ കോളേജിൽ വെച്ച് പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് അരമണിക്കൂറിലേറെ എം.സി.റോഡിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളിൽ നിന്ന് റോഡിൽ വീണ ഓയിൽ അഗ്നിരക്ഷാസേന കഴുകി കളഞ്ഞു. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനങ്ങൾക്ക് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു. അമിതവേഗം അശ്രദ്ധ അമിതവേഗവും അശ്രദ്ധയും റോഡ് നിർമ്മാണത്തിലെ അശാസ്ത്രിയതയും എല്ലാം അപകടത്തിന് കാരണമാകുന്നു. എം.സി. റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത ക്രമാതീതമായി വർദ്ധിച്ചു. വളവുകളിൽ വേഗത കുറയ്ക്കാതെയാണ് പലപ്പോഴും ഡ്രൈവിംഗ്. സുരക്ഷാ സൂചകങ്ങൾ ഏറെ ഉണ്ടെങ്കിലും നിയമം ലംഘിച്ചുള്ള യാത്ര എം.സി. റോഡിനെ ചോരക്കളമാക്കുന്നു. ശാസ്ത്രീയമായും സാങ്കേതികവിദ്യ ഉപയോഗിച്ചും റോഡിനു സുരക്ഷ ഒരുക്കുമ്പോഴും ഗതാഗത നിയമ ലംഘനങ്ങൾ കാരണമാണ് അപകടങ്ങൾ വർധിക്കുന്നത്. സുരക്ഷാ ലൈനുകൾ, വേഗ നിയന്ത്രണത്തിന് ഹംപുകൾ (റിഫ്ലക്ടിംങ് സ്റ്റഡ്), അപകട സാധ്യത കണക്കിലെടുത്ത് മറികടക്കാതിരിക്കാനുള്ള സൂചകങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വേഗപ്പാച്ചിൽ. പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെ ഓരോ കിലോമീറ്ററിനുള്ളിലും ശരാശരി 10 വളവുകളെല്ലെങ്കിലും ഉണ്ടായിരുന്നു. ഇതിൽ കുറെയൊക്കെ നിവർത്തി. എന്നാൽ പ്രധാന അപകടവളവുകളിലെ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുന്നു. ഉന്നത നിലവാരത്തിൽ നവീകരിച്ച റോഡിൽ മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിച്ചാൽ എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അപകടത്തിൽപ്പെട്ട തടിലോറി പദ്ധതികൾ ഏറെ നടപടികൾ മാത്രമില്ല എം.സി. റോഡിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാധ്യത മേഖലകൾ കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയാറാക്കിയ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. അപകടസാധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. നിയമം നോക്കുകുത്തി: ലോറികളിൽ അമിതഭാരം കുറവിലങ്ങാട്: മരത്തടി വ്യാപാരത്തിന്റെ കേന്ദ്രമായ പെരുമ്പാവൂരിലേക്ക് എം.സി. റോഡിലൂടെ പോകുന്ന ലോറികളിൽ അമിതഭാരം. ഈ ലോറികൾ വിതയ്ക്കുന്ന അപകടങ്ങൾ ജീവനെടുക്കുന്നവയും. പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയാറാവുന്നില്ല. എം.സി. റോഡിലൂടെ സഞ്ചരിക്കുന്ന ചരക്കുലോറികൾ മിക്കവയും രാത്രിയാണ് ഓടുന്നത്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് രാത്രി നിരത്തിലിറങ്ങുന്നത്. ഗതാഗതത്തിരക്ക് കുറഞ്ഞസമയമാണ് രാത്രി. പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന ഈ സമയത്ത് നാമമാത്രമായിരിക്കും. എവിടെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടാൽ പിഴ അടച്ച് യാത്ര തുടരാനും കഴിയും. അഗ്നിരക്ഷാസേനയും പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു അമിതഭാരവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു സാധാരണ ഒരു ലോറിയിൽ 10 ടൺ തടി കയറ്റാനേ നിയമം അനുവദിക്കുന്നുള്ളൂ. 20 മുതൽ 23 ടൺ വരെ കയറ്റിയാണ് പെരുമ്പാവൂർക്ക് പോകാറുള്ളതെന്ന് മരത്തടി കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. വാഹനത്തിന്റെ ക്യാബിനേക്കാൾ ഉയരത്തിൽ, മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം പുറത്തേക്കു തള്ളിനിൽക്കുന്ന കൂറ്റൻ മരത്തടികളുമായാണു ലോറികൾ നിരത്തുകളിലൂടെ കടന്നുപോകുന്നത്. അമിത ഭാരംകയറ്റിവരുന്ന വലുതും ചെറുതുമായ ലോറികൾ മറ്റു വാഹനങ്ങൾക്കും വഴിയാത്രികർക്കുമെല്ലാം ഭീഷണിയാകുന്നെന്നാണു പരാതി. വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ പുറത്തേക്കു തള്ളിനിൽക്കുന്ന വലിയ മരത്തടികളുമായി പോകുന്ന ലോറികൾ എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങൾക്കു വലിയ ഭീഷണിയാണ്. മിക്ക ലോറികളിലും അപകട മുന്നറിയിപ്പിനായുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ലോറിയുടെ പുറത്തേക്കു തള്ളിനിൽക്കുന്ന തടിയുടെ ഭാഗങ്ങൾ കാണാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. അമിതഭാരത്താൽ വഴിയിൽക്കുടുങ്ങുന്ന വാഹനങ്ങൾ നിരത്തുകളിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ലോറിയുടെ ക്യാബിനെക്കാൾ ഉയരത്തിൽ തടി കയറ്റി വരുന്ന ലോറികൾ വൈദ്യുതക്കമ്പികളും കേബിൾ വയറുകളുമെല്ലാം നശിപ്പിക്കുന്നതായും പരാതിയുണ്ട്. ഉറക്കം അപകടകാരണം വേനൽച്ചൂട് വർധിച്ചതോടെ ജീവിത ശൈലി രോഗങ്ങളും ഉറക്കവും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു. ഉന്നത നിലവാരത്തിൽ നവീകരിച്ച റോഡിൽ മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗത്തിൽ വാഹനം ഓടിച്ചാൽ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാവാം. ഇരുചക്ര വാഹനങ്ങൾ, കാറുകൾ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെടുന്നത്. എംസി റോഡുൾപ്പടെയുള്ള പല റോഡുകളിലും വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്കും ഓടയിലേക്കുമൊക്കെ പാഞ്ഞുകയറുമ്പോൾ മിക്ക ഡ്രൈവർമാരും പറയുന്ന കാരണം ഉറങ്ങിപ്പോയെന്നാണ്. Content Highlights: Kottayam MC Road Accident


from mathrubhumi.latestnews.rssfeed https://ift.tt/2u0siDM
via IFTTT