Breaking

Saturday, February 1, 2020

ഒടുവില്‍ ബ്രെക്‌സിറ്റ്; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു

ലണ്ടൻ: നാൽപ്പത്തിയേഴുവർഷത്തെ ബന്ധത്തിന് അവസാനം. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിരിഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടീഷ് സമയം രാത്രി 11-നായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ച 4.30) വിടപറയൽ. ബ്രിട്ടീഷ് തെരുവുകളിൽ ബ്രെക്സിറ്റിനെ അനൂലിക്കുന്നവർ ആഹ്ലാദ പ്രകടനവും എതിർക്കുന്നവർ പ്രതിഷേധപ്രകടനവും നടത്തി. മൂന്നരവർഷത്തെ രാഷ്ട്രീയപിരിമുറുക്കങ്ങൾക്ക് ഇതോടെ അവസാനമായി. ഇനി 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുണ്ടാകുക. പലർക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷം ബ്രെക്സിറ്റ് പൂർത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. തീർച്ചയായും ഉത്കണ്ഠയും നഷ്ടവും അനുഭവപ്പെടുന്ന പലരും ഉണ്ട്. കൂടാതെ മൂന്നാമത്തെ ഒരു സംഘവുമുണ്ട്, ഒരുപക്ഷേ ഏറ്റവും വലിയ സംഘമായിരിക്കുമത്. മുഴുവൻ രാഷ്ട്രീയ കലഹവും ഒരിക്കലും അവസാനിക്കില്ലെന്ന് ആശങ്കപ്പെടുന്നവരായിരിക്കുമത്. ഈ വികാരങ്ങളെല്ലാം മനസ്സിലാക്കുന്നു. സർക്കാർ എന്ന നിലയിൽ ഞങ്ങളുടെ ജോലി, ഈ രാജ്യത്തെ ഇപ്പോൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് അദ്ദേഹം കൂട്ടിച്ചേർത്തു. വിടുതൽ നടപടികൾ പൂർത്തിയാക്കാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും 11 മാസത്തെ സമയം (ട്രാൻസിഷൻ പിരീഡ്) കൂടിയുണ്ട്. ഡിസംബർ 31-നാണ് ബ്രിട്ടൻ പൂർണ അർഥത്തിൽ യൂണിയനിൽനിന്ന് പുറത്തെത്തുക. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരമടക്കമുള്ള ഇ.യു. നിയമങ്ങൾ ബ്രിട്ടനും ബാധകമായിരിക്കും. ഇക്കാലയളവിനുള്ളിൽ യൂണിയനുമായി സ്ഥിരസ്വതന്ത്രവ്യാപാരക്കരാർ ഒപ്പുവെക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. തത്ത്വത്തിൽ യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞെങ്കിലും പൂർണ അർഥത്തിൽ സ്വതന്ത്രമാകാൻ ബ്രിട്ടന് വർഷാവസാനംവരെ കാത്തിരിക്കണം. ഈ സമയത്തിനുള്ളിൽ ഭാവിബന്ധം എങ്ങനെയായിരിക്കണമെന്ന് യൂറോപ്യൻ യൂണിയനുമായി ചർച്ചചെയ്ത് ധാരണയിലെത്തണം. ഫെബ്രുവരി ഒന്നുമുതൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ബ്രിട്ടൻ പറയുന്നത്. ട്രാൻസിഷൻ സമയം അവസാനിക്കുന്നത് ഡിസംബർ 31-നാണെങ്കിലും സമയം ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടിനൽകാൻ ബ്രിട്ടന് യൂണിയനോടാവശ്യപ്പെടാം. അക്കാര്യം ജൂലായ് ഒന്നിനുമുമ്പ് യൂണിയനെ അറിയിക്കണം. ഡിസംബർ 31-നകം കാലാവധി നീട്ടാനോ വ്യാപാരക്കരാറിൽ ഒപ്പുവെക്കാനോ ധാരണയായില്ലെങ്കിൽ ഇരുഭാഗങ്ങളും തമ്മിലുള്ള ബന്ധം 2020 അവസാനത്തോടെ മരവിച്ച അവസ്ഥയിലെത്തും. ട്രാൻസിഷൻ സമയത്ത് മാറാത്തത് • വ്യോമ-ജല-റെയിൽ ഗതാഗതം പതിവുപോലെ തുടരും. • ഡ്രൈവിങ് ലൈസൻസ്, വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് തുടങ്ങിയവ പഴയതുപോലെ പരസ്പരം അംഗീകരിക്കും. • യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടനിൽ ഇ.യു. പൗരന്മാർക്കും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യം തുടരും. • ട്രാൻസിഷൻ കാലാവധി കഴിയുന്നതുവരെ ഇ.യു.വിലേക്കുള്ള ബജറ്റ് വിഹിതം ബ്രിട്ടൻ നൽകണം. • ബ്രിട്ടൻ-ഇ.യു. വ്യാപാരം പുതിയ നിരക്കുകളില്ലാതെ പഴയതുപോലെ തുടരും. നിരക്കുകൾ മാറുക ട്രാൻസിഷൻ പിരീഡിനുശേഷം മാത്രം. മാറുന്നത് • യൂറോപ്യൻ പാർലമെന്റിലെ 73 ബ്രിട്ടീഷ് അംഗങ്ങൾക്ക് സീറ്റില്ല • ഇ.യു. സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതില്ല. ബ്രിട്ടന്റെ സാന്നിധ്യം വേണമെങ്കിൽ ഇ.യു. പ്രത്യേകം ക്ഷണിക്കണം • വ്യാപാരവിഷയങ്ങളിൽ മറ്റു രാജ്യങ്ങളുമായി ബ്രിട്ടന് സ്വതന്ത്രചർച്ച നടത്താം. പുതിയ നിയമങ്ങളുണ്ടാക്കാം. • ബ്രിട്ടനിൽ പഴയ നീല, സ്വർണ നിറങ്ങൾ ചേർന്ന പാസ്പോർട്ട് തിരികെയെത്തും. യൂറോപ്യൻ യൂണിയന്റെ പേരുൾപ്പെടുത്തിയ പാസ്പോർട്ട് മാറും. • ബ്രെക്സിറ്റ് സ്മാരക നാണയങ്ങൾ പുറത്തിറക്കും • ബ്രിട്ടന്റെ ബ്രെക്സിറ്റ് വിഭാഗം പ്രവർത്തനം നിർത്തും • ബ്രിട്ടനിലേക്ക് കുറ്റവാളികളെ കൈമാറുന്നത് ജർമനി അവസാനിപ്പിക്കും. കാരണം, ഇ.യു. അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് കുറ്റവാളികളെ കൈമാറാൻ ജർമനിയുടെ ഭരണകൂടം അനുവദിക്കുന്നില്ല. Content Highlights:Brexit: UK leaves the European Union


from mathrubhumi.latestnews.rssfeed https://ift.tt/2GGNcdH
via IFTTT