Breaking

Saturday, February 1, 2020

ഇന്നലെ വരെ ഞങ്ങള്‍ക്കിത് വീടായിരുന്നു, ഇന്നുമുതല്‍ അപരിചിതര്‍; ഉള്ളുരുകി ഇവര്‍ പറയുന്നു

തിരുവനന്തപുരം: വിടപറയേണ്ട സമയമായില്ലെങ്കിലും അവർ പടിയിറങ്ങി. ഇനി ജീവിതത്തിന്റെ പുതിയ പ്ളാനുകളാണ്. ജീവിതം 'കണക്ട്' ചെയ്ത ബി.എസ്.എൻ.എല്ലിൽനിന്നും അവർ സ്വയം പരിധിക്കു പുറത്തേക്കു പോയി. പരസ്പരം ആശ്വസിപ്പിക്കാനും സാന്ത്വനവാക്കുകൾ പറയാനും ആർക്കും ആകുമായിരുന്നില്ല. ജീവിതം കരുപ്പിടിപ്പിച്ച സ്ഥാപനം ഇനി തളരാതെ മുന്നോട്ടു കുതിക്കട്ടെയെന്ന പ്രാർഥനയോടെയായിരുന്നു പടിയിറക്കം. വികാരനിർഭരമായിരുന്നു വെള്ളിയാഴ്ച തിരുവനന്തപുരം ഉപ്പളം റോഡിലെ ബി.എസ്.എൻ.എൽ. ഭവൻ. ഇവിടെനിന്നു മാത്രം 50 വയസ്സ് കഴിഞ്ഞ 415 ഉദ്യോഗസ്ഥരാണ് സ്വയം വിരമിക്കൽ പദ്ധതിയിലൂടെ ജനവരി 31-ന് 'ഔട്ട് ഓഫ് സർവീസ്' ആയത്. സ്ഥാപനത്തെ ഇനിയും മുന്നോട്ടു നയിക്കാൻ ചുമതലപ്പെട്ടവർ നൽകിയ യാത്രയയപ്പിൽ അവർ തങ്ങളുടെ നല്ല ഓർമകൾ പങ്കുവെച്ചു. സ്കൂൾ കാലത്ത് ഒരുമിച്ച് പഠിച്ചവരെ പിന്നീട് കണ്ടത് ഇവിടെ വന്നപ്പോഴായിരുന്നു. സഹപ്രവർത്തകരിൽ ചിലർ കുടുംബാംഗങ്ങളായി. ചിലർ ബന്ധുക്കളായി. അങ്ങനെ പരസ്പരം 'കണക്ട്' ചെയ്ത് വളർന്നൊരിടം. അവിടെനിന്നു പടിയിറങ്ങുമ്പോൾ സങ്കടം മാത്രമേയുള്ളൂവെന്നും ഏവരും പരിഭവിച്ചു. വർഷങ്ങൾക്കു മുൻപ് കയറിവരുമ്പോൾ ഒറ്റയ്ക്കായിരുന്നു. പടിയിറങ്ങുമ്പോൾ കൂട്ടമായും. വിളിച്ചിട്ടു കിട്ടിയില്ലെങ്കിൽ പരാതി പറയുന്നതു കേൾക്കാൻ ഞങ്ങൾ ഇനിയില്ല. ലാൻഡ് ഫോണുകളുടെ സ്ഥാനം മൊബൈൽഫോണുകൾ കീഴടക്കിയതുപോലെ പുതുതലമുറ വരട്ടെ. അവർ സ്ഥാപനത്തെ മുന്നോട്ടു നയിക്കണം. ബി.എസ്.എൻ.എൽ. ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ നിറങ്ങൾ ചാലിച്ചത്. മക്കളെയൊക്കെ നല്ല നിലയിലെത്തിച്ചു. ഞങ്ങൾ ഇനിയും ഇവിടെനിന്നാൽ ബി.എസ്.എൻ.എൽ. വീണ്ടും കടക്കെണിയിലാകും. അതു വേണ്ട. ഞങ്ങൾ പുതിയ പിള്ളേർക്കു വഴിമാറിക്കൊടുക്കുകയാണ്. അവർ ജീവിക്കട്ടെയെന്ന് പറയുന്നു ചീഫ് അക്കൗണ്ട്സ് ഓഫീസറായി വി.ആർ.എസ്. എടുത്ത മിനി വി.നായർ. ഇന്നലെ വരെ ഞങ്ങൾക്കിത് വീടായിരുന്നു. ഇന്നുമുതൽ ഞങ്ങൾ അപരിചിതരാകും. ഹൃദയം പൊട്ടിപ്പോകുന്ന വേദനയുണ്ടെന്നും മിനി പറയുന്നു. അവരെ ചേർത്തുപിടിച്ച് ഒരക്ഷരംപോലും മിണ്ടാനാകാതെ ഇരിക്കാനേ എച്ച്.ആർ.സെക്ഷനിൽനിന്ന് എ.ജി.എം. ആയി വിരമിച്ച രമാദേവിക്കു കഴിഞ്ഞുള്ളൂ. റിട്ടയർമെന്റ് കാലഘട്ടത്തെക്കുറിച്ച് ആലോചിക്കാൻപോലും സമയമാകാത്തകാലത്താണ് സ്വയംപിരിഞ്ഞുപോകാൻ ഏറെപ്പേരും നിർബന്ധിതരായത്. വി.ആർ.എസ്. എടുത്തവർക്ക് രാവിലെ പത്തുമണിമുതൽ ആറുഘട്ടങ്ങളായിട്ടായിരുന്നു യാത്രയയപ്പ് നൽകിയത്. ഒരുക്കിവെച്ച ഭക്ഷണവുമായി നേരേ പോയത് കാന്റീനിലേക്കായിരുന്നു. അവിടെയിരുന്ന് വീണ്ടും ഒരുമിച്ച് കഴിച്ചു. ഇക്കുറി അവർക്ക് ഒരേ രുചിയുള്ള ഭക്ഷണമായിരുന്നുവെന്നു മാത്രം. Content Highlights:BSNL employees voluntary retirement, Thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2uc8dtY
via IFTTT